DCBOOKS
Malayalam News Literature Website

ഗോപിനാഥ് മുതുകാടിന്റെ കഥകളും അനുഭവങ്ങളും

കേട്ടറിഞ്ഞ കഥകള്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തിന്റെ ആഴങ്ങളുടെയും, പരിചയപ്പെട്ട വ്യക്തികളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ ജീവിതവീക്ഷണങ്ങളുടെയും വായിച്ച പുസ്തകങ്ങളില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ അറിവുകളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയുമൊക്കെ സങ്കരമാണ് പ്രശസ്ത മാജിക് കലാകാരന്‍ ഗോപിനാഥ് മുതുകാടിന്റെ ഈ കഥയിലുമുണ്ടൊരു മാജിക് എന്ന പുസ്തകം. ടെലിവിഷന്‍ ചാനലുകളിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പ്രചോദിപ്പിച്ച കഥകളുടെയും അനുഭവങ്ങളുടെയും സമാഹാരമാണ് ഈ കൃതി. 2013-ല്‍ ഡി.സി ലൈഫ് പുറത്തിറക്കിയ ഈ കൃതിയുടെ അഞ്ചാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

ആധുനിക മനുഷ്യരില്‍നിന്നു നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുള്ള കുറെയേറെ കാര്യങ്ങളെ കൂടുതല്‍ കരുത്തോടെ നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ ഈ പുസ്തകത്തിലൂടെ മുതുകാട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നിര്‍ദ്ദേശങ്ങളുടെയോ ഉപദേശങ്ങളുടെയോ ഉപബോധനങ്ങളുടെയോ ഭാഷയിലല്ല, അതിനുമപ്പുറം മുതുകാടെന്ന മാന്ത്രിക പ്രശസ്തിയിലേക്കുള്ള പരിണാമത്തിന് തന്നെ സഹായിച്ച അനുഭവങ്ങളുടെയും സംഭവങ്ങളുടെയും അസംസ്‌കൃത വസ്തുക്കള്‍ ആസ്വാദകസമക്ഷം പങ്കുവയ്ക്കുന്ന രീതിയാണ് ഈ പുസ്തകത്തിന്റെ ഘടനാപരമായ സവിശേഷത.

‘ഇവിടെ പറയാന്‍ പോകുന്ന എല്ലാ കഥകളുടെയും പിന്നാമ്പുറത്ത് നന്മയുടെ ഒരു നാമ്പ് നിലനില്‍ക്കുന്നുണ്ട്. ജീവിതയാത്രയ്ക്കിറങ്ങിയപ്പോള്‍ കണ്ടും കേട്ടും അറിഞ്ഞും മനസ്സില്‍ കയറിക്കൂടിയ ചില കഥകളാണ് ഇവിടെ പങ്കുവെക്കുന്നത്. വിശന്നൊട്ടിയ രാവുകളില്‍ അമ്പിളിയമ്മാവനെ കാട്ടി മാമുണ്ണിക്കുന്ന അമ്മ ഉരുട്ടിത്തന്ന സ്‌നേഹത്തിന്റെ നിറമുള്ള കഥകള്‍…ദുഃസ്വപ്‌നങ്ങള്‍ പേടിപ്പെടുത്തിയ ഉറക്കമില്ലാത്ത രാത്രികളില്‍ നെഞ്ചിന്റെ ചൂടുതന്ന് അച്ഛന്‍ ചെവിയിലോതിത്തന്ന അനുഭവങ്ങള്‍…പുസ്തകങ്ങളുടെ ഭാരംകൊണ്ട് കണ്ണുനിറഞ്ഞപ്പോള്‍ ക്ലാസ് മുറിയില്‍ ഗുരുനാഥന്‍ പറഞ്ഞുതന്ന വലിയവരുടെ വിചിത്രനേട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍…ദൂരങ്ങളില്‍നിന്ന് ദൂരങ്ങളിലേക്ക് ജീവിതം വലിച്ചുകൊണ്ടുപോകുന്ന തീവണ്ടിയാത്രകള്‍ക്കിടയില്‍ വായിച്ചെടുത്ത പ്രശസ്തരുടെ എഴുത്തിന്റെ ഇന്ദ്രജാലങ്ങള്‍…ചിരിവെട്ടം നിറയുന്ന സൗഹൃദസന്ധ്യകളില്‍ കളിയാക്കിയും കലഹിച്ചും പറഞ്ഞുതീര്‍ത്ത കൂട്ടുകെട്ടിന്റെ ഇഴയടുപ്പമുള്ള വാക്കുകള്‍… ഒക്കെയും കെട്ടിയൊതുക്കിയ സ്വപ്‌നമാണ് ഈ പുസ്തകം. ഇവിടെ ഞാനില്ല. ഈ വരികള്‍ക്കിടയിലെ അക്ഷരങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ഞാന്‍ ഒഴുകാന്‍ ശ്രമിച്ച വിസ്മയയാനങ്ങളിലെ കാഴ്ചകള്‍ മാത്രമാണ്’- ഗോപിനാഥ് മുതുകാട് പുസ്തകത്തിന് ആമുഖമായി കുറിക്കുന്നു.

 

Comments are closed.