ഇടശ്ശേരി ഗോവിന്ദന് നായരുടെ ജന്മവാര്‍ഷികദിനം
കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന് നായര്‍ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബര്‍ 23-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു.
പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്, പൂതപ്പാട്ട്, കുറ്റിപ്പുറം പാലം, കറുത്ത ചെട്ടിച്ചികള്, ഇടശ്ശേരിയുടെ തെരഞ്ഞെടുത്ത കവിതകള്‍, ഒരു പിടി നെല്ലിക്ക, അന്തിത്തിരി, അമ്പാടിയിലേക്കു വീണ്ടും, ഹനൂമല്‍ സേവ തുഞ്ചന്‍ പറമ്പില്‍, ഞെടിയില് പടരാത്ത മുല്ല, ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. കൂട്ടുകൃഷി, കളിയും ചിരിയും, എണ്ണിച്ചുട്ട അപ്പം എന്നീ നാടകങ്ങളും എഴുതിയിട്ടുണ്ട്.
കാവിലെ പാട്ട് എന്ന കാവ്യസമാഹാരത്തിന് 1969-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി. 1974 ഒക്ടോബര്‍ 16-ന് അദ്ദേഹം അന്തരിച്ചു.