DCBOOKS
Malayalam News Literature Website

എടക്കാട് സാഹിത്യവേദി പുരസ്‌കാരം വിനോയ് തോമസിന്

കണ്ണൂര്‍: എടക്കാട് സാഹിത്യവേദിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് അര്‍ഹനായി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ രാമച്ചി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2017-ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളില്‍നിന്നാണ് അവാര്‍ഡിനുള്ള കൃതി തെരഞ്ഞെടുത്തത്. പ്രൊഫ.എം.എ റഹ്മാന്‍, ടി.പി വേണുഗോപാലന്‍, ഡോ.എന്‍.ലിജി, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ജനുവരിയില്‍ നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

ഡി.സി നോവല്‍ പുരസ്‌കാരം ലഭിച്ച കരിക്കോട്ടക്കരിയാണ് വിനോയ് തോമസിന്റെ ആദ്യ കൃതി. രാമച്ചി, മൂര്‍ഖന്‍ പറമ്പ്, ഈന്തപ്പഴം, വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി എന്നീ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉളിക്കല്‍ ജി.എച്ച്.എസ്.എസ് അധ്യാപകനായ വിനോയ് തോമസ് ഇരിട്ടി നെല്ലിക്കാംപൊയില്‍ സ്വദേശിയാണ്. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വര്‍ഗ്ഗീസ് സ്മാരക പുരസ്‌കാരം, കുഞ്ഞാമു പുറക്കാട് സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി  പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Comments are closed.