DCBOOKS
Malayalam News Literature Website

വീടുകളുടെ ജീവചരിത്രം…

ദില്ലിയിലെ ചേരികളില്‍ ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് വീടെന്നാല്‍ 10 അടി x 10 അടി അളവുള്ള ഒറ്റ മുറിയാണെന്ന് ഞാന്‍ ആദ്യമായി അറിയുന്നത്. നമ്മുടെ ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവരുടെ കുടുംബത്തിന് നല്‍കിയിട്ടുള്ള വീടളവാണ് അത്. അതില്‍ അടുക്കളയോ കിടപ്പുമുറിയോ കക്കൂസോ കുളിമുറിയോ ഒന്നുമില്ല. പൊതുടാപ്പുകളും പൊതുശൗചാലയങ്ങളും പൊതുകുളിമുറികളും മാത്രമേ കാണൂ.: ലാറി ബേക്കറുടെ കെട്ടിടനിര്‍മ്മാണ രീതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങളെ മുന്‍നിര്‍ത്തി ഒരു ‘വീട്ടുവിചാരം’. മലയാളത്തിലെ ആദ്യകാല ബ്ലോഗര്‍മാരില്‍ പ്രധാനിയായ എച്ച്മുക്കുട്ടി എഴുതുന്ന ലേഖനം

വീട് എന്നത് വലിയ കോടതിക്കേസ്സുകള്‍ക്ക്, അതായത് സബ്‌കോടതി മുതല്‍ ഹൈക്കോടതി വരെ പോകാവുന്ന, മുപ്പതു വര്‍ഷത്തെ സമയം എടുത്ത് മനുഷ്യരുടെ ആത്മാവിനെ വേട്ടയാടാവുന്ന ഒരുസ്വത്താണെന്ന അറിവിലാണ് എന്റെ ശൈശവവും ബാല്യവും യൗവനവുമൊക്കെ കടന്നുപോയത്. തമിഴ്
ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്ന എന്റെ അമ്മ, മലയാളി വിശ്വകര്‍മനായ എന്റെ അച്ഛനെ പരിണയിച്ചതിന് ബ്രാഹ്മണ്യം വിധിച്ച ശിക്ഷയായിരുന്നു ആ നീണ്ടു നീണ്ട് വിരസമായ കേസ്. അമ്മയുടെ
ചേച്ചിയും എന്റെ അമ്മീമ്മയുമായ ഒരു യു. പി. സ്‌കൂള്‍ ടീച്ചര്‍ക്ക് അവരുടെ സ്വന്തം അപ്പാ വാങ്ങിക്കൊടുത്ത വീട് തിരികെ കിട്ടണമെന്നായിരുന്നു ധനാഢ്യരായ സഹോദരന്മാരുടെ ആവശ്യം. കാരണം അമ്മീമ്മയുടെ അറിവോടെയാണ് അമ്മ താഴ്ത്തപ്പെട്ട ജാതിക്കാരനെ വേട്ടതെന്ന് ബ്രാഹ്മണ്യം തീരുമാനിച്ചു.
പ്രായപൂര്‍ത്തിയാകാത്ത അമ്മീമ്മ പന്ത്രണ്ട് വയസ്സില്‍ കുടുംബാംഗങ്ങളുടെയും വാധ്യാരെന്ന തമിഴ് ബ്രാഹ്മണപുരോഹിതന്റെയും അനുഗ്രഹാശിസ്സുകളോടെ ഒരു മുപ്പതുകാരനായ മഹാബ്രാഹ്മണനെ വിവാഹം കഴിച്ചിരുന്നു. നാലു ദിവസം കഴിഞ്ഞ് ആ ബ്രാഹ്മണന്‍ അവരെ ഉപേക്ഷിച്ചു പോയി. ജീവിതകാല
മത്രയും അമ്മീമ്മ പുരുഷസ്പര്‍ശമേല്‍ക്കാതെ, വിരിച്ചിട്ട ശുഭ്രവസ്ത്രം പോലെ ജീവിച്ചു. എങ്കിലും മുപ്പതു വയസ്സിനുശേഷം ബ്രാഹ്മണ്യത്തെ എതിര്‍ത്ത് അക്ഷരം പഠിക്കുകയും ടീച്ചറായി ജോലി എടുക്കുകയും ചെയ്തു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളുടെ നിസ്സഹായതയും നിരാശ്രയതയും പ്രകടിപ്പിക്കാതെ
സ്വതന്ത്രബുദ്ധിയും ചിന്താശേഷിയും കാണിച്ചതാണ് എന്റെ അമ്മയുടെ ജാതിമാറിയുള്ള കല്യാണത്തിന്റെ ഉത്തരവാദിത്വം അവരുടെ തലയില്‍ പതിക്കാന്‍ കാരണമായത്. അവര്‍ എന്റെ അമ്മയെ തള്ളിക്കളഞ്ഞില്ല, ഒരിക്കലും. ജാതിയില്‍ കുറഞ്ഞവരായി ജനിച്ച ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നു അവരുടെ മക്കള്‍.

ആ കേസ് എനിക്ക് കുറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി. രക്തബന്ധം എന്നത് എടുത്താല്‍ പൊങ്ങാത്ത ഒരു തമാശയാണ്. കേസ് കൊടുത്ത ആണ്‍മക്കള്‍ക്ക് സ്വന്തം അപ്പാവെപ്പറ്റി കോടതികളില്‍ കയറി ഒരു ഉളുപ്പുമില്ലാതെ എത്ര കളവുകള്‍ പോലും പറയാനാവും. വീട് ഒരു സ്വത്താണ്. ഒറ്റയ്ക്കായ പെണ്ണിന് വീട് വേണ്ട എന്നാണ് പൊതുമതം. വീടിനു വേണ്ടി കോടതിക്കേസ്സില്‍ പൊരുതേണ്ടി വരുന്നത് കഠിനവും ദയനീയവും നമ്മെ പാപ്പരാക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഒച്ചിനെക്കാള്‍ മെല്ലേയാണ് നമ്മുടെ കോടതികളില്‍ കേസ് നടക്കുക.

അച്ഛനും അമ്മയും തമ്മില്‍ യാതൊരു സ്വരച്ചേര്‍ച്ചയുമുണ്ടായിരുന്നില്ല. അമ്മ കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥയും അച്ഛന്‍ ഡോക്ടറുമായിരുന്നു. അമ്മയെ കഠിനമായി ഭര്‍ത്സിക്കുകയും രൂക്ഷമായി അടിക്കുകയും ചെയ്യുക അച്ഛന്റെ രീതിയായിരുന്നു. ഡോക്ടര്‍ ആയതുകൊണ്ട് എവിടെ അടിച്ചാല്‍ ഏറ്റവും അധികം വേദനിക്കുമെന്ന് കൃത്യമായി അദ്ദേഹത്തിനറിയാം. അമ്മ മാത്രം പണം ചെലവാക്കി, കടം വാങ്ങി, അരിഷ്ടിച്ച് ഉണ്ടാക്കിയ നഗരത്തിലെ വീട് സ്വന്തമാക്കി മാറ്റാന്‍ അച്ഛന്‍ ആവുന്നത് ശ്രമിച്ചു. അച്ഛന്‍ മരിച്ചുപോയിട്ടേ ആ വീടിന്റെ ആധാരം അമ്മയ്ക്ക് കാണാന്‍കൂടി കഴിഞ്ഞുള്ളൂ. വീട് എന്നത് ഭര്‍ത്താവിന് ഭാര്യയെ പാഠം പഠിപ്പിക്കാനുള്ള ഒരു പീഡനോപാധികൂടിയാണ്.

കുട്ടിയായിരിക്കുമ്പോള്‍ ഒരുദിവസം അച്ഛനാണ് ലാറി ബേക്കര്‍ എന്ന് ആദ്യമായി പറഞ്ഞു കേള്‍പ്പിച്ചത്. തിരുവനന്തപുരത്ത് ബ്രിട്ടീഷുകാരനായ ഒരു ആര്‍ക്കിടെക്ട് സായിപ്പുണ്ടെന്നും വിചിത്രമായ ചില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ് അദ്ദേഹത്തിന്റെ ജോലിയെന്നും അച്ഛന്‍ പറഞ്ഞു. സായിപ്പുണ്ടാക്കുന്ന വീടു
കള്‍ പാട്ടു പാടുകയും പല്ലു കാട്ടി ചിരിക്കുകയും ഒക്കെ ചെയ്യുമെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു പോയി. നല്ല കാറ്റും വെളിച്ചവുമുള്ള വീടുകളാണ് അവയെന്നാണ് അച്ഛന്‍ ഉദ്ദേശിച്ചത്. അത്തരം കെട്ടിടങ്ങളില്‍ സമൃദ്ധമായുണ്ടായിരുന്ന വിവിധ തരം ജാലി വര്‍ക്കുകളായിരുന്നു അച്ഛന്‍ ചൂണ്ടിക്കാട്ടിയ ചിരിക്കുന്ന പല്ലുകള്‍. അച്ഛന്റെ ഒരു സുഹൃത്ത് അതുമാതിരിയൊരു വീട്ടിലാണ് താമസിക്കുന്നതെന്നും ഇനി തിരുവനന്തപുരത്ത് പോകുമ്പോള്‍ ആ വീട് കാണിച്ചു തരാമെന്നും അച്ഛന്‍ വാഗ്ദാനം ചെയ്തു. പിന്നീട് പലവട്ടം അച്ഛനൊപ്പം തിരുവനന്തപുരത്ത് പോയെങ്കിലും ആ വീട് ഞാനൊരിക്കലും കാണുകയുണ്ടായില്ല.

ലാറി ബേക്കര്‍

തിരുവനന്തപുരത്തു വെച്ച് എന്റെ പുരുഷനൊപ്പം ലാറിബേക്കറിന്റെ പ്രഭാഷണം ആദ്യം കേള്‍ക്കുമ്പോള്‍ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച എനിക്ക്, ശുദ്ധമായ ബ്രിട്ടീഷ് ശൈലിയില്‍ സായിപ്പ് പറഞ്ഞതൊന്നുംതന്നെ കാര്യമായി മനസ്സിലായില്ല. മനുഷ്യര്‍ കടം വാങ്ങി വീടു വെക്കുന്നുവെന്നും പിന്നീട് ആജീവനാന്തകാലം ആ കടം അടച്ച് സ്വന്തം എന്നു കരുതപ്പെടുന്ന വീട്ടില്‍ വാടകക്കാരനായി കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെപ്പാടെ അതു മാത്രമാണ് എന്റെ തലയില്‍ കയറിയത്. എങ്കിലും സദസ്സിലുണ്ടായിരുന്ന മഹാന്മാരും മറ്റു വിവരമുള്ളവരും ചിരിക്കുമ്പോഴും തല കുലുക്കുമ്പോഴും എല്ലാം മനസ്സിലായ മട്ടില്‍ ഞാനും അവരെപ്പോലെ ചിരിക്കുവാനും തല കുലുക്കുവാനും പണിപ്പെട്ടു.

ആ രീതിയില്‍ തികച്ചും ആകൃഷ്ടനായ എന്റെ പുരുഷന്റെ സ്വന്തം സ്ഥലത്ത് ഒരു വീടുയര്‍ന്നു. ഓരോ കല്ലും ഓരോ ഇഷ്ടികയും ഓരോ ഓടും പെറുക്കിയാണ് ഞാനത് നിര്‍മ്മിച്ചത്. അതിനു പോരാത്ത പണം കണ്ടെത്താന്‍, എന്റെ അച്ഛനു താത്പര്യമില്ലാത്ത ഒരു ജീവിതം ആരംഭിച്ച എനിക്ക് അച്ഛന്റെ മുന്നില്‍ കൈകൂപ്പേണ്ടി വന്നെങ്കിലും, എല്ലാ അഭിമാനവും വെടിഞ്ഞ് കാലു പിടിക്കേണ്ടി വന്നെങ്കിലും ആ വീടുപണി എനിക്കൊരു വലിയ പാഠമായിരുന്നു. ലെയ്ത്തില്‍ പോയി കമ്പി പിരി വെട്ടിക്കുക, ലോറിയില്‍ വരുന്ന ഇഷ്ടികയുടെ എണ്ണമെടുക്കുക, ഇഷ്ടിക പോയിന്റ് ചെയ്യുക, പണിക്കാരെ സൂപ്പര്‍വൈസ് ചെയ്യുക, അവര്‍ക്ക് കൂലി കൊടുക്കുക എന്നതൊക്കെ ഞാന്‍ ഭംഗിയായി പഠിച്ചു. ജീവിതം മുഴുവന്‍ എന്റെ സുഹൃത്തുക്കള്‍ എന്നറിയപ്പെടാന്‍ തയ്യാറുള്ള കുറെ നല്ല മനുഷ്യരെ ഞാന്‍ കണ്ടറിഞ്ഞു.

അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലെ ആ കെട്ടിടനിര്‍മ്മാണത്തിനിടയിലാണ് ഞാന്‍ പിന്നീട് ബേക്കര്‍ സായിപ്പിനെ കാണുന്നത്. ചില കെട്ടിടങ്ങള്‍ അങ്ങനെയുമാവാറുണ്ടല്ലോ, ആഗ്രഹിച്ചു പണിയുമ്പോഴും നമ്മെ അടിമുടി തകര്‍ത്തു കളയുന്നവ; ആശിച്ചും മോഹിച്ചും ഒന്നിക്കുമ്പോഴും നമ്മെ നുറുങ്ങുകളായി ചിതറിച്ചു കളയുന്ന ചില ജീവിതങ്ങളെ പോലെ.അത്തരമൊരു തീവ്രനൊമ്പരമായിരുന്നു ആ കെട്ടിട നിര്‍മ്മാണം. പടികള്‍ അടര്‍ന്നു പോയ ഏണി കയറി പെട്ടെന്ന് മുമ്പില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തെ കണ്ട് ഞാന്‍ അമ്പരന്നു നിന്നു. അദ്ദേഹം വരുമെന്നുള്ളതിന്റെ ഒരു സൂചനയും എനിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഒന്നു കൈകൂപ്പുവാനോ ഒരു ഗ്ലാസ് പച്ചവെള്ളം എടുത്തു കൊടുക്കുവാനോ പോലും അന്നെനിക്ക് സാവകാശമുണ്ടായില്ല. ബേക്കര്‍ ചിരിക്കുകയും കെട്ടിടവും വര്‍ക് സൈറ്റും എനിക്ക് ആഹ്ലാദം പകരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ആ കെട്ടിടത്തിന്റെ മുക്കിലും മൂലയിലുംപോലും അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടികള്‍ പതിയുന്നത് ഞാന്‍ വിസ്മയത്തോടെ വീക്ഷിച്ചു.

വീട് എന്റേതല്ല, ധനം മുടക്കിയ, പറമ്പ് സ്വന്തം പേരിലുള്ള പുരുഷന്റേതു മാത്രമാണെന്ന് ഗൃഹപ്രവേശനത്തിന്റെ അന്നുതന്നെ ഞാന്‍ മനസ്സിലാക്കി. വീട് എന്ന സ്വത്തുടമസ്ഥതയെ ഇങ്ങനെയെല്ലാം വിശദമായി അറിഞ്ഞതിനു ശേഷം, ആ വീടുണ്ടാവണമെന്ന് എനിക്ക് തീരെ ആഗ്രഹമില്ലാതായി. ഞാന്‍ ആ വീട് എന്നേക്കുമായി ഉപേക്ഷിച്ചു.

രണ്ട്

ദില്ലിയിലെ ചേരികളില്‍ ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് വീടെന്നാല്‍ 10 അടി x 10 അടി അളവുള്ളഒറ്റ മുറിയാണെന്ന് ഞാന്‍ ആദ്യമായി അറിയുന്നത്. നമ്മുടെ ഗവണ്മെന്റുകള്‍ പാവപ്പെട്ടവരുടെ കുടുംബത്തിന് നല്‍കിയിട്ടുള്ള വീടളവാണ് അത്. അതില്‍ അടുക്കളയോ കിടപ്പുമുറിയോ കക്കൂസോ കുളിമുറിയോ ഒന്നുമില്ല. പൊതുടാപ്പുകളും പൊതുശൗചാലയങ്ങളും പൊതുകുളിമുറികളും മാത്രമേ കാണൂ.

ദില്ലിയുടെ ശൈത്യവും വേനലും ഭയാനകമാണ്. ഒരിക്കലും മാറാത്ത ഒരു കണ്‍കുരുപോലെ എന്നെ സദാ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ച ദില്ലിയിലെ ചേരി തന്നതാണ്. രണ്ടു മൂന്ന് വയസ്സുള്ള ഒരു കുഞ്ഞുവാവ നാല്പത്താറു ഡിഗ്രിയില്‍ സൂര്യന്‍ തിളയ്ക്കുമ്പോള്‍, പൊതുടാപ്പ് തിരിച്ചു നോക്കി വെള്ളമില്ലെന്നു കണ്ട്
അഴുക്കുചാലിലെ വെള്ളം മുക്കിക്കുടിക്കുന്ന കാഴ്ച. അന്നെനിക്ക് മരിക്കാന്‍ തോന്നി. നമ്മുടെ സമസ്ത ഭരണാധികാരികളെയും വെടിവെച്ച് കൊല്ലാന്‍ തോന്നി. ദില്ലി ജല്‍ബോര്‍ഡില്‍ പരാതിയുമായി പോയപ്പോള്‍ തണുപ്പും മധുരവുമുള്ള തണ്ടായി കുടിക്കുന്ന, എയര്‍ കൂളറിന്റെ തണുപ്പിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ ചേരികളില്‍ പാര്‍ക്കുന്നവരൊക്കെ ക്രിമിനലുകളാണെന്നും വെള്ളവും വൈദ്യുതിയും മോഷ്ടിക്കുന്നവരാണെന്നും എന്നോട് കയര്‍ത്തു. വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ചു. കേരളത്തില്‍നിന്ന് കമ്യൂണിസവും കൊണ്ടിറങ്ങിയിരിക്കയാണോന്ന് പരിഹസിച്ചു. എന്തായാലും അടുത്ത ശീതകാലംവരെ ആ പൊതുടാപ്പ് നന്നാക്കപ്പെടുകയുണ്ടായില്ല.

ലാറി ബേക്കര്‍ടൈപ്പ് വീടുകള്‍ വടക്കേ ഇന്ത്യയിലും നല്ല പ്രചാരം നേടുകയുണ്ടായി. ധനികര്‍ അവരവരുടെ കോളനികളില്‍ സ്വന്തം വീടുകളുടെ വ്യത്യസ്തതയ്ക്കായി ആ രീതി അവലംബിച്ചു. വീട്ടില്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്ന ആഡംബരങ്ങള്‍ കണ്ട് ഞാന്‍ വിസ്മയിച്ചു പോയി. വിമാനത്തില്‍ കേരളത്തിലെ ഓട് കൊണ്ടുവരാമെന്നു പറഞ്ഞത് ഉന്നതനായ ഒരു വായുസേനാ ഉദ്യോഗസ്ഥനായിരുന്നു. ഏറ്റവും വിലയേറിയ മരത്തിന്റെ ഫ്‌ളോറിങ് ടൈലുകള്‍, സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ടാപ്പുകള്‍, ഉപയോഗശൂന്യമായ പൊട്ടിയ ടൈലുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന മൊസൈക്കിനായി പുതിയ പാക്കറ്റ് ടൈല്‍ വാങ്ങിഅടിച്ചുപൊട്ടിക്കാമെന്ന് പറഞ്ഞ ഹോട്ടലുടമസ്ഥയുടെ പ്രൊജക്ട് ഇവയൊക്കെ നേരത്തെ പറഞ്ഞ പണത്തില്‍ കുളിച്ച പ്രോജക്ടുകളെപ്പോലെ ഒഴിവാക്കുകതന്നെയായിരുന്നു.

മധ്യപ്രദേശില്‍നിന്ന് കൂടെ ജോലിചെയ്യാന്‍ വന്ന ഖൂഭ്ചന്ദ് എന്ന മെക്കാട് പണിക്കാരന്‍ എന്റെ ഉള്ളിലെ ഒരു ഉണങ്ങാമുറിവാണ്. വര്‍ക് സൈറ്റില്‍ വെച്ച് പാമ്പ് കടിച്ച് മരിച്ച അവന്റെ മൃതദേഹം കാണാന്‍ പോലും അമ്മയും അച്ഛനും ആഗ്രഹിച്ചില്ല. അവനെ സംസ്‌ക്കരിക്കാന്‍ പുറമ്പോക്കിലെ പുല്‍ക്കുടിലില്‍ കഴിയുന്ന അവര്‍ക്കിടമില്ല. അവര്‍ ദലിതരാണ്. ഒടുവില്‍ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞു പോലീസ് കാവലില്‍ അവനെ അഗ്‌നിക്ക് കൊടുക്കുമ്പോള്‍ കാണാമറയത്തിരുന്ന് ദഹിക്കുന്ന അവന്റെ വീട്ടുകാരെ ഓര്‍ക്കുകയാ യിരുന്നു ഞാന്‍. മകന്റെ ശരീരം അവസാനമായി ഒന്ന് കാണാന്‍ പോലും പറ്റാത്ത, ആ ശവശരീരം ഒന്ന് കിടത്താന്‍പോലും വീടില്ലാത്തവരുടെ രാജ്യമാണിത്.

മിസോറാമിലാണ് എല്ലാവരുടേയും തലയ്ക്കു മുകളില്‍ കൂരയുള്ളത്. കേരളത്തിനൊപ്പം സാക്ഷരതയുള്ള മിസോറാം ജനങ്ങള്‍ക്ക് കൂര നല്‍കുന്നതില്‍ രാജ്യത്ത് ഒന്നാമതാണ്. കേരളത്തിന് ഇന്നും അത് കഴിഞ്ഞിട്ടില്ല. മിസോറാംകാരെ വടക്കേ ഇന്ത്യക്കാര്‍ക്ക് ഒട്ടും ഇഷ്ടമല്ല. അവര്‍ക്ക് നഗരത്തില്‍ വാടകവീട് നല്‍കുകയില്ല. സൗകര്യം കിട്ടിയാലുടന്‍ ആള്‍ക്കൂട്ടം അവരെ അടിക്കുകയും ചെയ്യും. അവരങ്ങനെ അടികൊള്ളുന്നതും വലിച്ചിഴയ്ക്കപ്പെടുന്നതും പോലീസ് അവരെ മാത്രം പിടിച്ചുകൊണ്ടു പോവുന്നതും ഞാന്‍ പലവട്ടം കണ്ട് നിന്നിട്ടുണ്ട്. സ്വന്തം വീടുള്ളവര്‍ വംശീയ വിദ്വേഷത്തിന്റെ പേരില്‍ നഗരത്തിലെ വാടകവീടിനായി തല്ലുകൊള്ളുന്ന നൊമ്പരം. അതും ഒരു ഇന്ത്യന്‍ വീടവസ്ഥയാണ്…

തുടര്‍ന്നു വായിക്കാം

എച്ച്മുക്കുട്ടിയുടെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍

 

Comments are closed.