DCBOOKS
Malayalam News Literature Website

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 10.20ഓടെ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം അസം, മേഘാലയ, ബിഹാര്‍, എന്നീ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടു.

രാവിലെ 10.20ഓടെയുണ്ടായ ഭൂചലനം 15 മുതല്‍ 20 സെക്കന്റ് വരെ നീണ്ടു നിന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. അസമിലെ കൊക്രജാര്‍ നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഷില്ലോങ്ങിലെ ഭൂചലന ശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയിലും ആറ് വടക്കന്‍ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയില്‍ രാവിലെ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. അടൂര്‍ പളളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്. ചിലവീടുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Comments are closed.