എഴുത്തുകാരൻ ഇ. ഹരികുമാർ അന്തരിച്ചു
പൊന്നാനി: മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.ഹരികുമാർ അന്തരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളം അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.
കവി ഇടശ്ശേരി ഗോവിന്ദൻ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനാണ് ഹരികുമാർ. 1943 ജൂലൈ 13 ന് പൊന്നാനിയിലാണ് ഹരികുമാറിന്റെ ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു. നിലവിൽ കമ്പ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, ദിനോസോറിന്റെ കുട്ടി, ശ്രീ പാർവതിയുടെ പാദം എന്നിവയാണ് പ്രധാനകൃതികൾ.
1988ൽ ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1997ൽ പച്ചപ്പയ്യിനെ പിടിക്കാൻ എന്ന ചെറുകഥയ്ക്ക് പത്മരാജൻ പുരസ്കാരവും 1998ൽ സൂക്ഷിച്ചു വച്ച മയിൽപീലി എന്ന കഥയ്ക്ക് നാലപ്പാടൻ പുരസ്കാരവും ലഭിച്ചു.
Comments are closed.