പ്രണയത്തിനപ്പുറം പലതും പറയുന്ന ദുഷാന!
ആല്‍വിന്‍ ജോര്ജിന്റെ ‘ദുഷാന’ യ്ക്ക് പ്രവീണ്‍ പ്രിന്‍സ് എഴുതിയ വായനാനുഭവം
ഒരു നോവല്‍ വായിച്ചു കഴിയുമ്പോള്‍ മുമ്പെങ്ങോ പരിചിതമായ, എന്നാല്‍ പ്രാപ്യമല്ലാത്ത വികാരങ്ങളുടെ തുരുത്തിലേക്ക് നമുക്ക് പോകാന്‍ കഴിയുന്നുണ്ടെങ്കില്‍ ആ സൃഷ്ടി നമ്മെ തൊട്ടു എന്നു തന്നെയാണ് അര്‍ത്ഥം. മഴയും മഞ്ഞും അനുഭവിച്ചും, സ്നേഹവും നിസ്സഹായതയും നുണഞ്ഞും, കലഹിച്ചും പാലായനം ചെയ്തും ആല്‍വിന്‍ ജോര്ജിന്റെ ദുഷാന വായിച്ചു തീര്‍ക്കുമ്പോള്‍ ഉള്ളില്‍ അനാവൃതമാകുന്നത് മുമ്പ് സൂചിപ്പിച്ച പരിചിതങ്ങളിലെ അപരിചിതത്വമാണ്.
ദുഷാനയില്‍ പരക്കെ പ്രണയമുണ്ട്. തീവ്രമായ അളവില്‍ തന്നെ അത് നമ്മെ സ്പര്‍ശിക്കുകയും നൈരാശ്യങ്ങളുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
എന്നാല്‍ അതിനപ്പുറം ദുഷാന സംവേദനം ചെയ്യുന്നത് നമ്മുടെ വായനാശീലങ്ങള്‍ക്ക് സുപരിചിതമല്ലാത്ത ഭൂഖണ്ഡങ്ങളുടെ കാലുഷ്യമാണ്. നിറവും വംശവും അടങ്ങുന്ന ക്രമങ്ങളുടെ കള്ളികള്‍ മനുഷ്യാവസ്ഥയെ വിപരീതമായി ബാധിക്കുന്നതിന്‍റെ തുടര്‍ച്ച തന്നെയാണ് ദുഷാനയെങ്കിലും വൈകാരികാനുഭവങ്ങളിലൂടെ നിസ്സഹായത സംവദിക്കാന്‍ എഴുത്തുകാരന്‍ ശ്രമിച്ച് വിജയിക്കുന്നു എന്നതാണ് മുഖ്യ ഘടകം.
സെര്‍ബിയയും മാസിഡോണിയയും കൊസോവയുമൊന്നും നമ്മുടെ ആകുലതകള്‍ക്കോ പരിഗണനകള്‍ക്കോ പാത്രമാകാതെ നിലനിന്നിരുന്നിടത്ത് അവിടങ്ങളിലെ കലുഷമായ ജനജീവിത സാഹചര്യങ്ങളെയോര്‍ത്ത് അമ്പരക്കാനും സഹതപിക്കാനും കഴിയുന്നിടത്തേക്ക് ദുഷാന നമ്മെ പരിവര്‍ത്തനം ചെയ്യുന്നു.
എല്ലാത്തിലുമുപരി ഡാനി നിക്കോളോവിനെ തേടി മാസിഡോണിയന്‍ തെരുവുകളിലൂടെയും എസ്തേറിനെ തേടി കഴിയാവുന്ന എല്ലാ സ്രോതസ്സുകളിലൂടെയും വായനക്കാരന്‍ അക്ഷമനായ സഞ്ചരിക്കുന്നെങ്കില്‍ ആ നോവലെഴുത്തിന്‍റെ ആഴം ഊഹിച്ചുകൊള്ളുക.
ചരിത്രപരമായ അസംതൃപ്തിയും സാമ്രാജ്യത്വ മോഹങ്ങളും വംശവെറിയും അതില്‍ നിന്നെല്ലാം ഉടലെടുക്കുന്ന സാധാരണക്കാരന്‍റെ അശുഭകരമായ ജീവിതവും ഒരു പ്രണയനോവല്‍ എന്നതിനപ്പുറത്തേക്ക് ആല്‍വിന്‍ ജോര്‍ജിന്‍റെ ദുഷാനയെ വലുതാക്കുന്നു.
ചടുലമായ രചനകളുടെ തുടര്‍ച്ചയായ വായനക്കാലത്ത് സാന്ദ്രമായ ഒരു മഴ സമ്മാനിക്കുന്നു എന്നതാണ് ദുഷാനയുടെ മറ്റൊരു പ്രധാന സവിശേഷത.അയുക്തമായ വിചാരങ്ങളുടേയും പ്രണയഭാഷകള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാവനകളുടേയും സ്വപ്നങ്ങളില്‍ വന്ന് നമ്മെ തൊടുന്ന തണുത്ത കഥാപാത്രങ്ങളുടേയും അനുഭവങ്ങള്‍ ഏറെ നാളുകള്‍ക്ക് ശേഷം വായനയിലൂടെ ലഭിക്കുന്നു എന്നത് എഴുത്തുകാരനോടുള്ള നമ്മുടെ പ്രിയം വര്‍ദ്ധിപ്പിക്കും.
പ്രിയപ്പെട്ട ആല്‍വിന്‍ ജോര്‍ജ്, ദുഷാന ഡാനിക്കായി കാത്തു വെക്കുന്ന മുന്തിരി വീഞ്ഞിന്‍റെ ഭരണികളില്‍ കുറുകിച്ചേര്‍ന്ന അതിജീവനത്തിന്‍റെ രാഷ്ട്രീയം ഞങ്ങള്‍ അറിയുന്നുണ്ട്, ആ മുന്തിരിയുടെ രുചിയില്‍ രഹസ്യമായ പ്രണയം ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്, മൈക്കിള്‍ എസ്തെറിനെ തെരഞ്ഞു പോകുമ്പോള്‍ ഞങ്ങളും ഓര്‍മ്മകളുടെ ചതുപ്പുകളിലേക്ക് അപകടം ഉറപ്പിച്ച് നടന്നു പോകുന്നുണ്ട്,ഐറിനെയും അമാന്‍ഡയെയും പോലുള്ളവരെ അനുദിനം ഞങ്ങളും കണ്ടെത്തുന്നുണ്ട്, ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ നിസ്സഹായത കണക്കെ ഞങ്ങളും കാത്തിരിക്കുന്നുണ്ട്.
നെഞ്ചോട് ചേര്‍ത്തു വെക്കുന്ന ഇഷ്ട പുസ്തകങ്ങളുടെ നിരയിലേക്ക് നിങ്ങളുടെ ദുഷാനയും എടുത്തു വെയ്ക്കുന്നു..ഒപ്പം ദുഷാന ഉണര്‍ത്തിയ വിങ്ങലും കാത്തിരിപ്പും ചിരിയും മൗനവും കൂടി…
Comments are closed.