കസ്റ്റംസ് തീരുവ വെട്ടിച്ച കേസ്; നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്
ദില്ലി: കസ്റ്റംസ് തീരുവ വെട്ടിച്ച കേസില്‍ രത്‌നവ്യാപാരി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വായ്പ്പാത്തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോദിക്ക് ഇ-മെയിലിലൂടെയാണ് വാറണ്ട് അയച്ചത്. റവന്യൂ ഇന്റലിജന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാത്തതിനാല്‍ ഗുജറാത്തിലെ സൂറത്ത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
നികുതി ഇളവോടെ ഇറക്കുമതി ചെയ്ത് 890 കോടി രൂപയുടെ രത്‌നങ്ങളും മുത്തുകളും 52 കോടി രൂപ നികുതി വെട്ടിച്ച് പൊതുവിപണിയില്‍ വില്പന നടത്തിയെന്നാണ് കേസ്. നീരവ് മോദിയും അദ്ദേഹത്തിന്റെ മൂന്ന് കമ്പനികളും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും നീരവ് മോദിക്കെതിരെ വായ്പാത്തട്ടിപ്പ് കേസില്‍ വിവിധ കേസുകള്‍ ചുമത്തിയിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയിനത്തില്‍ കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട നീരവ് മോദി അടുത്തിടെ ലണ്ടനിലെ ഒരു ജ്വല്ലറിക്ക് മുകളിലുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23-ന് നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു.
Comments are closed.