ആഗോള നോവല്‍ എന്ന ആശയം
ഇ.പി.ശ്രീകുമാറിന്റെ ഏറ്റവും പുതിയ നോവല്‍ ‘ദ്രവ്യ’ത്തിന് ലിജി നിരഞ്ജന എഴുതിയ വായനാനുഭവം
ആഗോളവല്‍ക്കരണത്തിന്റെ പുതിയ സമ്പദ്‌വ്യവസ്ഥയും വിപണിമൂല്യങ്ങളും അവയുടെ വ്യാഖ്യാനങ്ങളും വര്‍ദ്ധിച്ച രാജ്യാന്തര കുടിയേറ്റവും പ്രാദേശിക രചനകളില്‍ ആഗോള നോവലെന്ന ആശയത്തിന് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ലോകചരിത്രങ്ങള്‍ വിസ്മൃതമാക്കിയതോ
പുറംതള്ളിയതോ ആയ ജനതകളുടെയും പ്രദേശങ്ങളുടെയും ചരിത്രത്തിന്റെ അപഗ്രഥനമാണ് പലപ്പോഴും നോവലുകള്‍ ഏറ്റെടുക്കുന്നത്. ആഗോളീകരണ രാഷ്ട്രീയത്തിന്റെ
പശ്ചാത്തലത്തില്‍ ലോകചരിത്രത്തിന്റെ പുനര്‍വ്യാഖ്യാനമാകുന്നുണ്ട് ഇന്ന് നോവല്‍ രചനകള്‍. ലോകചരിത്രം ആധിപത്യങ്ങളുടെയും വിധേയത്വങ്ങളുടെയും ചരിത്രമാണ്. അടിമ/ഉടമ ബന്ധത്തിന്റെ രാഷ്ട്രീയ ചരിത്രമാണത്. ഭൗതികശക്തിയിലും സമ്പത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ കീഴടക്കലുകളുടെ ചരിത്രവാഹകരാണ്. ഒന്നാം ലോകരാജ്യങ്ങള്‍ കോളനികള്‍ സ്ഥാപിച്ചുകൊണ്ട് മൂന്നാം രാജ്യങ്ങളെ വിധേയപ്പെടുത്തിയ ചരിത്രമാണ് ലോകചരിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത് നിലനിന്നിരുന്നത്. കോളനീകരണം പ്രാന്തവത്കൃതമാക്കിയ ജനതയുടെ ചരിത്രമാണ് കോളനിയനന്തര കാലഘട്ടം ഉറ്റുനോക്കുന്നത്. അത്തരം ചരിത്രങ്ങളുടെ അപനിര്‍മ്മാണമാണ് ‘ആഗോള നോവലുകള്‍’ എന്ന ആശയത്തില്‍ ഉള്‍ച്ചേരുന്നത്. ചരിത്രവും ദേശവും പ്രധാനമാവുന്ന രാഷ്ട്രീയത്തിന്റെ അപനിര്‍മ്മിതിയും പുനര്‍വ്യാഖ്യാനങ്ങളും നടത്തുന്നു നോവലുകള്‍. രാഷ്ട്രം, ദേശം, ദേശീയത, പൗരത്വം തുടങ്ങിയവയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ആഗോള ചരിത്രത്തിലെ ഇരുണ്ട ഭൂഖണ്ഡങ്ങളെ വര്‍ത്തമാനാവസ്ഥയുടെ രാഷ്ട്രീയ പരിച്ഛേദത്തില്‍ ചേര്‍ത്തുനിര്‍ത്തുന്ന നോവലുകള്‍ മലയാളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത്തരം നോവലുകളില്‍ ഉള്‍പ്പെടുന്ന മികച്ച രചനയാണ് ഇ.പി. ശ്രീകുമാറിന്റെ ദ്രവ്യം. പ്രദേശത്തില്‍നിന്നും ആഗോളത്തിലേക്കു വികസിക്കുന്ന കറുത്ത ചരിത്രങ്ങളെ രേഖപ്പെടുത്തുന്നു ഈ കൃതി.
പട്ടിണിരാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടെ ഭൂതവര്‍ത്തമാനചരിത്രങ്ങളാണ് നോവലിന്റെ വിഷയം. ഇന്ത്യന്‍ നാവികസേനയുടെ കപ്പലിനെയും പതിനാറ് നാവികരെയും ഏയ്ഡന്‍ കടലിടുക്കില്‍ സൊമാലിയന്‍ പൈറേറ്റുകള്‍ ബന്ദികളാക്കി. മുംബൈ ജയിലില്‍ ഇന്ത്യ തടങ്കലില്‍ വെച്ചിരിക്കുന്ന സൊമാലിയന്‍ പൈറേറ്റുകളെയും ദ്വിഭാഷിയെയും വിട്ടയക്കുക എന്ന ആവശ്യത്തിന്മേലാണ് നാവികരെ ബന്ദികളാക്കിയത്. ബന്ദികളുടെ കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടുന്നു. പോള്‍ ജോര്‍ജ്ജ്, ജെയ്‌സണ്‍ ജോസഫ്, ദിനേശ് കാര്‍ത്തിക്, പളനിസ്വാമി, പ്രതീക് കൗശിക് തുടങ്ങിയ ബന്ദികളുടെ മുന്നില്‍ പല ഘട്ടങ്ങളിലായി കടന്നുവരുന്ന മുഹമ്മദ് മുസ്തഫ, യാസ്മിന്‍ അഹമ്മദ്, യൂനസ് ഹസ്സന്‍, ഖാദര്‍ ഇമാന്‍, യൂസഫ് ഇബ്രാഹിം തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ പൈറേറ്റുകളുടെ ജീവചരിത്രം ദേശത്തിന്റെ പുറം പോക്കുകളില്‍ തള്ളിനീക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ പലായന കഥക ളാണ്. പൈറസി വ്യാപാര മേഖലയില്‍ മദ്ധ്യവര്‍ത്തികളായ പൈറേറ്റുകള്‍, കറുത്ത ദ്രവ്യങ്ങളുടെ ഉപകരണങ്ങളായി രൂപാന്തരപ്പെട്ട ഈ മനുഷ്യരെ സൃഷ്ടിച്ചത് ആഗോള സാമ്രാജ്യത്വമാണെന്ന ചരിത്രപാഠമാണ് നോവല്‍ നിര്‍മ്മിക്കുന്നത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.