DCBOOKS
Malayalam News Literature Website

‘ഡ്രാക്കുളയും കുട്ടിച്ചാത്തനും’; കെ.ആര്‍.ടോണിയുടെ കവിതകള്‍

“കുറേ നാളായി കിടക്കുന്നു.
അലോപ്പതി, ആയുര്‍വേദം,ഹോമിയോ
എല്ലാം നോക്കി
ഇന്‍ജക്ഷന്‍, ഉഴിച്ചില്‍, പിഴിച്ചില്‍
എല്ലാം ചെയ്തു.
ഓറഞ്ച്, ആപ്പിള്‍, മുന്തിരി, കരിക്കിന്‍വെള്ളം
എല്ലാം കൊടുത്തു.
ബന്ധുക്കള്‍, മിത്രങ്ങള്‍, ശത്രുക്കള്‍
വന്നു കണ്ടു,
പ്രതീക്ഷയ്ക്കു വകയില്ലെന്ന് എല്ലാവരും പറഞ്ഞു.
അങ്ങനെ വര്‍ഷങ്ങള്‍ നീണ്ടു.
ഇപ്പോള്‍ ആരും വരാറില്ല.
ഫോണ്‍ ചെയ്യാറുമില്ല
അടുത്തൊന്നും പ്രതീക്ഷയ്ക്കു വകയില്ല!”

(പ്രതീക്ഷ എന്ന കവിതയില്‍ നിന്ന്)

മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ വേറിട്ടുനില്‍ക്കുന്ന ഒരു മുഖമാണ് കെ.ആര്‍ ടോണിയുടേത്. കവിതയ്ക്ക് പ്രാസമോ വൃത്തമോ മറ്റ് നിബന്ധനകളോ സ്വീകരിക്കാതെ, മനുഷ്യന്റെ സന്തോഷവും വേദനയും സ്വപ്‌നങ്ങളും പകര്‍ത്തുന്ന ലളിതസാധാരണമായ ഭാഷയും ആഖ്യാനവുമാണ് ടോണിയുടെ കവിതകളില്‍ തെളിയുന്നത്.

‘ഓരോ കവിതയെഴുത്തും ഓരോ മരണമാണെന്ന് എനിക്കു തോന്നാറുണ്ട്. മരണക്കിടക്കയില്‍ നിങ്ങളുടെ ശ്വാസംമുട്ടലല്ലാതെ നിങ്ങള്‍ക്ക് ആലംബമായി ഒന്നുമില്ല. സുഹൃത്തുക്കളും ബന്ധുക്കളുമൊന്നും അപ്പോള്‍ ഉപകാരപ്പെടുകയില്ല. അവനവനെ സ്വയം അഭിമുഖീകരിക്കലാണ് രചനയും മരണവും. ഒരു അനിവാര്യതയാണത്. നിരന്തരം മരിക്കാനും പുനര്‍ജ്ജനിക്കാനുമാണ് കവിയുടെ വിധി.’ കവിതയെഴുത്തിനെക്കുറിച്ച് കെ.ആര്‍ ടോണി പറയുന്നത് ഇപ്രകാരമാണ്.

കെ.ആര്‍ ടോണിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് ഡ്രാക്കുളയും കുട്ടിച്ചാത്തനും. മണി, രാഷ്ട്രീയം, കൊലമറിയം, ഹെര്‍ബേറിയം, ഡ്രാക്കുളയും കുട്ടിച്ചാത്തനും, ജ്ഞാനപീനം,ഓര്‍മ്മയുടെ നിറം, കയ്പും മധുരവും, ജാഥ തുടങ്ങി 40 കവിതകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്ന ഡ്രാക്കുളയും കുട്ടിച്ചാത്തനും ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.