DCBOOKS
Malayalam News Literature Website

സാഹിത്യ നിരൂപകന്‍ ഡോ. വി. സുകുമാരന്‍ അന്തരിച്ചു

കോഴിക്കോട്:  പ്രമുഖ സാഹിത്യ നിരൂപകൻ പ്രഫ. വി. സുകുമാരന്‍ (85) അന്തരിച്ചു. വെള്ളിയാഴ്​ച രാത്രി ഒമ്പതരയോടെ ഷൊർണൂരിനടുത്ത വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നളെത്തുടര്ന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി പുസ്തക നിരൂപണങ്ങള്‍ നടത്തിയ സുകുമാരന്‍ ഇരുപതോളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം, നവസിദ്ധാന്തങ്ങള്‍, സ്ത്രീ: എഴുത്തും വിമോചനവും, വാക്കി‍ൻറ വജ്രസൂചി എന്നിവയാണ് പ്രധാന കൃതികള്‍. 2006ല്‍ സാഹിത്യ നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് നേടി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. നാലുപതിറ്റാണ്ട് ഇന്ത്യക്കകത്തും വിദേശ സര്‍വകലാശാലകളിലും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചു.

പാലക്കാട് സ്വദേശി എം.പി. നാരായണന്‍ നായരുടെയും വാവുള്ളിപ്പതി കല്യാണി അമ്മയുടെയും മകനാണ്. ചെറുകഥാകൃത്ത് പരേതയായ കുമുദം സുകുമാരനാണ് ഭാര്യ. മക്കള്‍: ഡോ. അജിത് സുകുമാരൻ (യു.കെ), അനൂപ് സുകുമാരൻ (ബാങ്കോക്ക്​). മരുമക്കൾ: ഡോ. രജിത (യു.കെ), ദീപ (ബാങ്കോക്ക്​).

Comments are closed.