DCBOOKS
Malayalam News Literature Website

മാടമ്പ് കുഞ്ഞുകുട്ടന്‍; തപസ്യയുടെ അർഥമറിഞ്ഞ മഹാപ്രതിഭ!

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ 

മലയാള ഗവേഷണ വിഭാഗം

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്

“സഹ്യനേക്കാൾ തലപ്പൊക്കം നിളയേക്കാളു മാർദ്രത ഇണങ്ങി നിന്നിൽ പൈതൃകം സൽപ്പുത്രന്മാരിലങ്ങിനെ ” – ആറ്റൂർ രവിവർമയുടെ വിഖ്യാതകവിതയായ മേഘരൂപനിലെ ആദ്യ നാലു വരികളാണിവ. മാടമ്പ് കുഞ്ഞുകുട്ടനെ ഓർക്കുമ്പോഴൊക്കെ ഒരു വൈദ്യുതിസ്പർശം പോലെ ഈ വരികളുടെ അർഥസൗന്ദര്യം എന്നിൽ വന്നു നിറയാറുണ്ട് . അക്ഷരാർത്ഥത്തിൽ ഒരു കൊമ്പനാനയുടെ തലയെടുപ്പുണ്ടായിരുന്നു മാടമ്പിന്. ഏത് സദസ്സിലും മാടമ്പ് പൊടുന്നനെ ശ്രദ്ധാകേന്ദ്രമായി തീരുമായിരുന്നു. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ തെളിഞ്ഞ പരിഹാസച്ചിരി. കണ്ണിൽ ധിക്കാരത്തിന്റെയും കലാപത്തിന്റെയും തെളിഞ്ഞ കാരുണ്യത്തിന്റെയും വെളിച്ചം . നര കയറിയ താടി ഉഴിഞ്ഞുള്ള ആ വരവിൽ ഏതരങ്ങും ഒന്നിളകിമറിയും.വിവിധ വിഷയങ്ങളിലുള്ള അഗാധമായ പാണ്ഡിത്യം ഉള്ളിൽ നിറയുമ്പോഴും താനെപ്പോഴും ധരിക്കുന്ന രണ്ടാം മുണ്ട് പോലെ ജ്ഞാനതേജസ്സ് അനായാസമായി , അത്രമേൽ സ്വാഭാവികമായി ആ മനസ്സിൽ ഏഴുതിരിയിട്ട വിളക്ക് പോലെ തെളിഞ്ഞു കത്തി നിന്നു.

സാഹിത്യത്തിലും സിനിമയിലും ആന വൈദ്യത്തിലും അഭിനയത്തിലും പ്രതിഭയുടെ പരാഗ രേണുക്കൾ വിതറിയ വലിയ കലാകാരൻ . അശ്വത്ഥാമാവും ഭ്രഷ്ടും മഹാപ്രസ്ഥാനവും അമൃതസ്യപുത്ര :യും മാരാരാ ശ്രീയും അവിഘ്നമസ്തുവും അടക്കം മുന്തിയ എത്രയെത്ര നോവൽ ശിൽപങ്ങൾ മലയാള ഭാവനയുടെ തിരുസന്നിധിയിൽ മാടമ്പ് കാണിക്കയായി സമർപ്പിച്ചു.

അഭിനയത്തിന്റെ പാരമ്പര്യ പൊരുൾ എന്തെന്നറിഞ്ഞു സാക്ഷാത്കരിച്ച എത്രയെത്ര അനശ്വര മുഹൂർത്തങ്ങൾ . ദേശാടനം, പൈതൃകം , ആറാം തമ്പുരാൻ, വടക്കുംനാഥൻ തുടങ്ങിയ സിനിമകളിൽ ആ അഭിനയ പ്രതിഭ കതിർക്കനമായി പ്രഭ ചൊരിഞ്ഞു. ബ്രാഹ്‌മമുഹൂർത്തതിലായിരുന്നുവത്രേ മാടമ്പിന്റെ സാരസ്വതോപാസന. താനെഴുതിയ തിരക്കഥകളുടെ സൗന്ദര്യവും രാഷ്ട്രീയവും നിശിതവിമർശനത്തിന് വിധേയമാകുമ്പോഴും സത്യദർശിയായ ഒരു ഋഷിയുടെ പരി പാകതയോടെ പുഞ്ചിരിച്ചു മാടമ്പിലെ സത്യനിഷ്ഠനായ എഴുത്തുകാരൻ. ദേശാടനവും കരുണവും ആ കലാകാരന്റെ തിരക്കഥയിൽ പൂത്തുലഞ്ഞ മികച്ച അക്ഷരക്കൂട്ടുകൾ .
ദേശീയ പുരസ്കാരത്തിനർഹമായ കനകാക്ഷരങ്ങൾ . ദൃശ്യ പ്രധാനവും പൈതൃക നിഷ്ഠവുമായ തിരക്കഥകളായിരുന്നു മാടമ്പിന്റെ മഷിയുണങ്ങീടാത്ത പൊൻ തൂലികയിൽ നിന്ന് പിറവി കൊണ്ടത്.

തപസ്യയുടെ അർഥമറിഞ്ഞ മഹാപ്രതിഭ. എന്റെ തോന്ന്യാസങ്ങൾ എന്ന് തന്റെ ആത്മകഥയ്ക്ക് പേരിട്ട കാതലുള്ള കലാപകാരി. ശാക്തേയവും ശൈവവുമായ അർഥ തലങ്ങൾ മാടമ്പിന്റെ ചിന്തയിൽ ജ്വലിച്ചുണർന്നു. ആർഷഭാവനയുടെ ഗർഭത്തിൽ പിറന്ന പുരാവൃത്തങ്ങളും കേരളീയമിത്തുകളും മാടമ്പിന്റെ സാധനാ ലോകത്ത് ദീപശിഖകളായി കാന്തി ചൊരിഞ്ഞു നിന്നു. മലയാളത്തിലെ ജീവചരിത്രനോവൽ ശാഖയ്ക്ക് മാടമ്പേകിയ ഉയരം തിരിച്ചറിഞ്ഞുവോ നാം വേണ്ട വിധം ? അഭിവാദയേ (വി.ടി.ഭട്ടതിരിപ്പാട്) അമൃത സ്യപുത്ര : ( ശ്രീരാമകൃഷ്ണ പരമഹംസർ ), മഹാപ്രസ്ഥാനം ( ശ്രീബുദ്ധൻ) ഓം ശാന്തി ശാന്തി ശാന്തി : (മഹാത്‌മാഗാന്ധി ) എന്തരോ മഹാനുഭാവുലു (ഷഡ്കാല ഗോവിന്ദമാരാർ ) എന്നീ നോവലുകൾ മാടമ്പിലെ തത്വദർശിയായ അക്ഷര സാധകനെ ശരിയായി കാട്ടിത്തരുന്നുണ്ട്.

മനുഷ്യ കുലത്തിന്റെ കഥ പറഞ്ഞ ഈ വലിയ മനുഷ്യനെയാണ് മരണം കോവിഡിന്റെ രൂപത്തിൽ കൂട്ടിക്കൊണ്ടുപോയത്. സർവഭക്ഷകനായ കാലം മാടമ്പിനെ ഇതാ സ്വന്തമാക്കിക്കഴിഞ്ഞു. മാടമ്പ് മനയിലെ തെക്കുവശത്ത് ജ്വലിച്ചുയർന്ന ചിതാഗ്‌നിനാളങ്ങൾ ആ ഭൗതികശരീരം ഇതാ ഭസ്മീകരിച്ചു കഴിഞ്ഞു. എന്നാൽ അഗ്നിക്ക് ദഹിപ്പിക്കാനാവാത്ത മാടമ്പിന്റെ പ്രതിഭയുടെ വെളിച്ചം പൂർവാഹ്‌നത്തിലെ വെയിൽ പോലെ നമ്മുടെ സംസ്കാരചിന്തകളിൽ വളർന്നു കൊണ്ടേയിരിക്കും എന്നതല്ലേ സത്യം.നല്ല എഴുത്തുകാർക്ക് കൈവരുന്ന വരപ്രസാദവും ഇതു തന്നെയല്ലേ ?

Comments are closed.