DCBOOKS
Malayalam News Literature Website

വള്ളത്തോളിലെ ‘ദേശീയത’

ഡോ. പി. ശിവപ്രസാദ് എഴുതിയ വള്ളത്തോളിലെ 'ദേശീയത'എന്ന ലേഖനത്തിന്റെ പൂര്‍ണരൂപം 2020 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ (പുനഃപ്രസിദ്ധീകരണം)

മാര്‍ച്ച് 13- വള്ളത്തോള്‍ ചരമദിനം

വള്ളത്തോള്‍ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും അദ്ദേഹത്തെ പലപ്പോഴും വഞ്ചിച്ചിരുന്നു. പക്ഷേ, കവിക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് വള്ളത്തോള്‍ വഞ്ചിക്കപ്പെട്ട സന്ദര്‍ഭങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തിന്റെ നേരേ വിമര്‍ശനമുന്നയിക്കുന്നതില്‍ വലിയ കാര്യമില്ല. പകരം രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച ഒരു മഹാകവിയുടെ ശരിയായ മനോഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഭേദം. അതിനുമുമ്പ് വള്ളത്തോള്‍ എവിടെയൊക്കെ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് മനസ്സിലാക്കണം. അതറിയാന്‍ അദ്ദേഹത്തിന്റെ യാത്രകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

പത്തൊമ്പത്- ഇരുപത് നൂറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തില്‍ ജീവിച്ച ഒരു മഹാകവിയുടെ രാഷ്ട്രസങ്കല്പം അന്വേഷിക്കുമ്പോള്‍ ചരിത്രപരമായ ഒട്ടനവധി വസ്തുതകള്‍ നമ്മുടെ മുന്നില്‍ നിരന്നുനില്‍ക്കും. ഇവയ്‌ക്കെല്ലാം തുല്യപരിഗണന കൊടുത്ത് പുതിയ കാലം ആവശ്യപ്പെടുന്ന ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ആ മഹാകവിയെക്കുറിച്ച് ഭൂതകാലം സ്വരൂപിച്ചുവെച്ചിട്ടുള്ള പല മുന്‍വിധികളും പ്രശ്‌നമായിത്തീരാം. മുന്‍ധാരണകളെ പരിഗണിക്കാതെയുള്ള പരിശോധനയും മറ്റൊരു തരത്തിലുള്ള മുന്‍വിധിയിലാണ് എത്തിച്ചേരുക എന്നതിനാല്‍ അവയെക്കൂടി സ്വീകരിക്കേണ്ടിവരും. അതിനാല്‍ മഹാകവി വള്ളത്തോളിന്റെ രാഷ്ട്രീയബോധ്യങ്ങളെക്കുറിച്ചുള്ള ഈ അന്വേഷണത്തിന്റെ പരിധിക്ക് കുറേക്കൂടി തുറസ്സ് ആവശ്യമായി വരുന്നു.

തന്റെ ജീവിതത്തിന്റെ അവസാകാലത്ത് വള്ളത്തോള്‍ എഴുതിയ ‘ഏകലോക’മെന്ന കവിതയില്‍നിന്ന് തുടങ്ങാം. 1956-ല്‍ പ്രസിദ്ധീകരിച്ച ഈ കൊച്ചുകവിത ‘സാഹിത്യമഞ്ജരി’ പതിനൊന്നാം ഭാഗത്തിലാണുള്ളത്. ഒരു യുദ്ധവിരുദ്ധ കവിത എന്ന വിശേഷണംകൊണ്ട് പൊതുവേ വള്ളത്തോളിന്റെ നിരൂപകര്‍ പരാമര്‍ശിച്ചുപോവുക മാത്രം ചെയ്തിട്ടുള്ള കവിതയാണിത്. അതിലപ്പുറം ഈ കവിതയില്‍ മറ്റെന്തെങ്കിലുമുണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണമല്ലിത്. പകരം വള്ളത്തോളിന്റെ രാഷ്ട്രമീമാംസയിലേക്കുള്ള കുറുക്കുവഴി എന്ന നിലയിലാണ് പ്രസ്തുത കവിതയെ ഇവിടെ പരിശോധിക്കുന്നത്. പതിനൊന്ന് ശ്ലോകങ്ങള്‍ മാത്രമേ ഏകലോകമെന്ന കവിതയിലുള്ളൂ. അതാവട്ടെ ആത്മഭാഷണവുമാണ്. പ്രപഞ്ചസൃഷ്ടിക്കു മൂലകാരണമായ അണുക്കളാണ് ഭാഷണം നടത്തുന്ന് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ആത്മഭാഷണമാണെങ്കിലും അണുക്കള്‍ സംസാരിക്കുന്നത് ശാസ്ത്രജ്ഞരോടാണ്. എന്നാല്‍ ശാസ്ത്രജ്ഞരുടെ മറുപടിയില്ലാത്തതിനാല്‍ കവിത സംഭാഷണത്തിന്റെയോ സംവാദത്തിന്റെയോ വഴിക്കു നീങ്ങുന്നില്ല.

അണുക്കളുടെ ആത്മഭാഷണത്തിന്റെ ചുരുക്കമിതാണ്: ”ഗുഹയിലുറങ്ങിക്കിടക്കുന്ന ഞങ്ങളെ നിങ്ങളാണ് Pachakuthira(ശാസ്ത്രജ്ഞര്‍) വിളിച്ചുണര്‍ത്തിയത്. ലോകത്തെ സൃഷ്ടിച്ചത് ഞങ്ങളാണ്. അതുകൊണ്ടുതന്നെ ലോകനന്മയ്ക്കായി ഞങ്ങള്‍ക്കു പല കാര്യങ്ങളും ചെയ്യാനുണ്ടാവും. പക്ഷേ, അഭിജ്ഞരായ നിങ്ങളെന്തുകൊണ്ടാണ് അതു തിരിച്ചറിയാത്തത്? അതിനു പകരം ലോകത്തിന്റെ സര്‍വനാശത്തിനായാണല്ലോ നിങ്ങള്‍ ഞങ്ങളെ വിളിച്ചുണര്‍ത്തിയത്. നിങ്ങള്‍ക്ക് അഗാധമായ അറിവുകളുണ്ടെന്ന് സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ അണുക്കളെക്കൊണ്ട് തീര്‍ത്ത ഈ ലോകത്തെ അണുക്കളെക്കൊണ്ടുതന്നെ ഉടച്ചുകളയാം എന്ന് നിങ്ങള്‍ കണ്ടെത്തിയത്. നിങ്ങള്‍ തപസ്സ് ചെയ്തു നേടിയ അറിവുകളെല്ലാം ലോകനാശത്തിനായല്ലേ ഉപയോഗിക്കുന്നത്. ഉപ്പുവെള്ളത്തെ വലിച്ചെടുത്തു പാല്‍ത്തണ്ണീര്‍ തിരിച്ചുനല്‍കുന്ന അല്ലയോ സൂര്യാ ശുദ്ധജലത്തെ വിഷമാക്കി ബോംബുതിര്‍ക്കുന്ന ഈ മനുഷ്യര്‍ക്ക് നീ എന്നു വെളിച്ചം നല്‍കും? ഇരുട്ടിനെ പുണര്‍ന്ന് കിടക്കുന്ന നക്ഷത്രരാവില്‍ ഈ മനുഷ്യര്‍ കൊല്ലാന്‍വേണ്ടിയാണോ വിളക്കുകത്തിക്കുന്നത്? എങ്കിലും യുദ്ധത്തിന്റെ അടിമകളായ ചില മനുഷ്യരെങ്കിലും മാറിച്ചിന്തിക്കുന്നുണ്ട്. അവര്‍ ബോംബുവര്‍ഷത്തെ പടക്കമായി മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ യുദ്ധക്കൊതിയന്മാര്‍ക്ക് സ്തുതിപാടാന്‍ ഇനിയുള്ള മനുഷ്യര്‍ മുന്നോട്ടുവരുമെന്നു തോന്നുന്നില്ല. അണുവായുധംകൊണ്ട് പരസ്പരം പോരടിച്ചാല്‍ ഇവിടെ ആരുമുണ്ടാവില്ലെന്ന് അവര്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ശാസ്ത്രലോകം കണ്ടെത്തിയ പുത്തന്‍ യന്ത്രങ്ങള്‍ ലോകത്തിന്റെ അതിര്‍ത്തിരേഖകള്‍ മായ്ച്ചുകളയുമ്പോള്‍ ഇനി അകല്‍ച്ചയ്ക്ക് സാധ്യതയുണ്ടോ? എന്തായാലും സര്‍വരും സന്തോഷത്തോടെ വാഴുന്ന ഏകലോകമെന്ന ആഗ്രഹം വിജയിക്കുകതന്നെവേണം.

”അണുക്കളുടെ ആത്മഭാഷണം ഇങ്ങനെ അവസാനിക്കുന്നു. അണുക്കളുടെ ആഗ്രഹം വിജയിച്ചോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് തര്‍ക്കമുണ്ടാവാം. എന്നാല്‍ അണുക്കളുടെ ആഗ്രഹം വള്ളത്തോളിന്റെതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. അതായത് സൃഷ്ട്യുന്മുഖമായ അണുരൂപിയായി കവി മാറുന്നു. കവിയുടെ ദൗത്യംതന്നെ സൃഷ്ടികര്‍മ്മമാണല്ലോ. അതേസമയം സ്രഷ്ടാവായ അണുക്കളെക്കൊണ്ട് സംഹാരകര്‍മ്മവും ചെയ്യിക്കുന്നുവെന്നാണ് ഈ കവിതയിലെ കവിയുടെ (അണുക്കളുടെ) പ്രധാന പരാതി. കവിയായ താന്‍ സൃഷ്ടികര്‍മ്മത്തില്‍നിന്നും മാറി അതിന് നേര്‍വിരുദ്ധമായ സംഹാരകര്‍മ്മത്തിലേക്കും എത്തിച്ചേര്‍ന്നോ എന്ന സംശയമാണോ വള്ളത്തോള്‍ ഇവിടെ പങ്കുവെക്കുന്നത്. വള്ളത്തോളിന്റെ അവസാനകാലത്തെ രാഷ്ട്രീയനിലപാടുകളും അതിന്റെ ഭാഗമായെഴുതിയ കവിതകളും ഇന്നു വായിക്കുമ്പോള്‍ ഏകലോകത്തില്‍ കവി ഉന്നയിക്കുന്ന പരാതിയുടെ ആന്തരികയുക്തി കണ്ടെത്താനാവുമെന്നുതോന്നുന്നു. അതോടൊപ്പം തുടക്കംമുതല്‍ക്കേ വള്ളത്തോള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയനിലപാടുകള്‍ക്കു പിന്നിലുള്ള മനോഭാവത്തെക്കുറിച്ചും ചില തെളിച്ചങ്ങള്‍ കിട്ടും.

തുടര്‍ന്നും വായിക്കാം

 

Comments are closed.