DCBOOKS
Malayalam News Literature Website

എം.എസ്. വല്യത്താൻ അന്തരിച്ചു

ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദ​ഗ്ധൻ ഡോ. എം.എസ്. വല്യത്താൻ(90) അന്തരിച്ചു.

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സിയുമായിരുന്നു.

ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ച് കൊണ്ടുപോകേണ്ടതിനേക്കുറിച്ചും നിരന്തരം സംസാരിച്ചയാളാണ്. ഇന്ത്യയിലെ ആരോ​ഗ്യമേഖലയ്ക്ക് നൽകിയ സംഭാവന പരി​ഗണിച്ച് 2005-ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജ്ഞാനബോധ്യങ്ങളോടെ ആയുർവേദ ചിന്തകളെ സമീപിക്കുന്ന ഈ പഠനത്തിൽ ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ജ്ഞാനപൈതൃക ഗരിമ അവതരിപ്പിക്കുന്ന മൂന്ന് ബൃഹദ് ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചത്.

ഭാരതീയ ചികിത്സാശാസ്ത്രമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഒന്നും കേരളീയ ആയുര്‍വേദ സമ്പ്രദായത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്നതുമായ അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള പഠനഗ്രന്ഥം ‘വാഗ്ഭട പൈതൃകം‘ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ആയുര്‍വേദത്തിനെ ഒരു ശാസ്ത്രം എന്ന നിലയില്‍കണ്ടുകൊണ്ട് അതിന്റെ തത്ത്വങ്ങളെ സാമാന്യജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് പ്രൗഢമായ ഈ രചന. ഡോ. എം.എസ്. വല്യത്താന്റെ ‘പൈതൃകത്രയ’ത്തിലെ അവസാന ഗ്രന്ഥം കൂടിയാണ് ഇത്. ആയുര്‍വേദവിദ്യാര്‍ത്ഥികള്‍ക്ക് സാഗരതുല്യമായ ആ ശാസ്ത്രത്തിലേക്ക് ഒരു പ്രവേശകമായും ചികിത്സകര്‍ക്ക് ഒരു നല്ല കൈപ്പുസ്തകമായും പ്രയോജനപ്പെടുംവിധം ലളിതമായ വ്യാഖ്യാനവും. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും അതിന്റെ വികാസഘട്ടത്തിലെത്തുംമുമ്പ് രൂപംകൊള്ളുകയും സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന ഈ ആരോഗ്യസംരക്ഷണ-ചികിത്സാ ശാസ്ത്രത്തെ യഥോചിതം പരിചയപ്പെടുത്തുകയും ചെയ്യുന്നു ഈ ഗ്രന്ഥം.
ആയുർവേദ ചികിത്സാശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ ചരകസംഹിതയ്ക്ക് ഡോ. എം. എസ് വല്യത്താന് രചിച്ച ആധുനിക ഭാഷ്യമായ The Legacy of Charaka എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ ‘ചരകപൈതൃകം’, ദി ലെഗസി ഓഫ് സുശ്രുതയുടെ പരിഭാഷ ‘സുശ്രുത പൈതൃകം ‘ എന്നിവയും ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.

Comments are closed.