DCBOOKS
Malayalam News Literature Website

വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍

ഡോ. കെ.ജി. പൗലോസ്‌

ജൂൺ ലക്കം പച്ചക്കുതിരയില്‍

മറ്റു നവോത്ഥാന നാടകങ്ങളെപ്പോലെ ആയിരക്കണക്കിന് വേദികളില്‍ പതിനായിരങ്ങളെ ആവേശം കൊള്ളിക്കാന്‍ ബാലാകലേശത്തിനായില്ല. എന്നാലും നവോത്ഥാന നാടകങ്ങള്‍ അരങ്ങിലെത്തുന്നതിന് ഒന്നര ദശകം മുന്‍പ് തന്നെ ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ പടയൊരുക്കം വേദിയിലെത്തിക്കാന്‍ പണ്ഡിറ്റ് കറുപ്പന് സാധിച്ചു. വി.ടി. ഭട്ടതിരിപ്പാട് ഓതിക്കനെ പരിഹസിക്കുന്നതിലും എത്രയോ ശക്തമായിട്ടാണ് തുപ്പനെയും കാരണോരെയുമൊക്കെ ബാലാകലേശം നര്‍മ്മം നിറച്ച് നാണം കെടുത്തുന്നത്!.

ഭാരതീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് രാജാറാം മോഹന്‍ റായിയെ (1772-1833)ആണ്. സതി, ബാലവിവാഹം പോലുള്ള അന്ന് നിലവിലുണ്ടായിരുന്ന പല ആചാരങ്ങളെയും വൈസ്രോയി ബെന്റിക്ക് പ്രഭുവിനെ സ്വാധീനിച്ച് നിരോധിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു പ്രധാന പരിമിതികളുണ്ടായിരുന്നു. ഒന്ന്, സമൂഹത്തിന്റെ മേല്‍പരപ്പില്‍ ചില നുരകളും പതകളും സൃഷ്ടിച്ചെങ്കിലും ആഴത്തിലേയ്ക്കിറങ്ങാന്‍ അവയ്ക്ക് കഴിഞ്ഞില്ല. രണ്ട്, സമൂഹത്തിന്റെ ഘടനയില്‍ മാറ്റങ്ങളൊന്നും ഇവ ഉണ്ടാക്കിയില്ല; അതദ്ദേഹത്തിന്റെ ലക്ഷ്യം അല്ലായിരുന്നുതാനും. അതുകൊണ്ട് Pachakuthira Digital Editionസമുദായപരിഷ്‌കരണം എന്നതിനപ്പുറത്തേക്ക് നവോത്ഥാനപ്രവര്‍ത്തനങ്ങളായി അവയെ വിലയിരുത്തുന്നത്Text സൂക്ഷിച്ചുവേണം. നവീകരണ (reformation) പ്രവര്‍ത്തനങ്ങളായിരുന്നു അവ, നവോത്ഥാന (renaisance)മെന്നവയെ വിലയിരുന്നത് സാഹസമാകും. ഈ രീതിയില്‍ ഭാരതത്തിന് മൊത്തം ഒരു നവോത്ഥാനം ഉണ്ടായിട്ടില്ല.

ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍പറഞ്ഞ നവീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രകടമായ രണ്ടു വ്യത്യാസങ്ങളുണ്ടായിരുന്നു. ഒന്ന്, കീഴാള ധാരകളില്‍ നിന്നാണ് കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ രൂപം കൊണ്ടത്. പിന്നീട്, മേലാളസമൂഹത്തിലേക്കും വ്യാപിച്ച് മൊത്തം കേരളീയസമൂഹത്തിന്റെ ഊര്‍ജ്ജമായി അത് മാറി. അങ്ങനെ കേരളീയസമൂഹം നേതൃത്വം നല്‍കിയ നിലവിലുള്ള ജാതി ജന്മിസമൂഹഘടനയെ വിധ്വംസകമായിത്തന്നെ തകര്‍ത്തതാണ് നവോത്ഥാനത്തിന്റെ ആദ്യഭാഗം. എല്ലാവര്‍ക്കും പങ്കാളിത്തമുള്ള, ഭൂമിക്കും വിദ്യയ്ക്കും അര്‍ഹതയുള്ള ഒരു നൂതന സമൂഹസൃഷ്ടിയാണ് അതിന്റെ തുടര്‍ച്ച. നമ്മുടെ തലമുറകള്‍ ഈ നവോത്ഥാനപ്രക്രിയയില്‍ പങ്കാളികളായവരും കഠിനമായ പീഡനങ്ങളും കഷ്ടനഷ്ടങ്ങളും അനുഭവിച്ചവരുമാണ്. ഇന്നത്തെ സമൂഹം ആ മാറ്റത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നു. അതുകൊണ്ട്, നവോത്ഥാനത്തിന് മുന്‍പുള്ള സമൂഹഘടനയെപ്പറ്റി സ്വാഭാവികമായിത്തന്നെ അവര്‍ അജ്ഞരാണ്. തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും ദോഷമുള്ളവരും ആയിരുന്നു, അന്നത്തെ സമൂഹഘടനയില്‍ ഭൂരിഭാഗം പേരും. ലംബമാനമായ ആ ഘടനയെ തകര്‍ത്ത് തിരശ്ചീനമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് നവോത്ഥാനം ചെയ്തത്. മാത്രവുമല്ല, നൂറ്റാണ്ടുകളായി ഭൂമിയും വിദ്യയും നിഷേധിക്കപ്പെട്ടവരെ അവയ്ക്കവകാശികളാക്കുകയും ചെയ്തു. ഒരു ജാതിസമൂഹം മനുഷ്യസമൂഹമായും തുടര്‍ന്ന് പൗരസമൂഹമായും പരിണമിച്ച് പിറന്ന മണ്ണിന്റെ അവകാശം ഉറപ്പിച്ച പ്രക്രിയയാണ് കേരളത്തിലെ നവോത്ഥാനം1. നൂറ്റാണ്ടോളം നീണ്ടുനിന്ന ഈ പ്രക്രിയയില്‍ കേരളീയസമൂഹം ഒട്ടാകെത്തന്നെ പല തരത്തില്‍ പങ്കാളിയായിരുന്നു. അനുകൂലിച്ചവരുണ്ട്, പ്രതികൂലിച്ചവരുണ്ട്, പീഡനങ്ങളേറ്റവരും മരിച്ചവരുമുണ്ട്. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു പേരാണ് പണ്ഡിറ്റ് കെ.പി. കറുപ്പന്റേത് (1885-1938).

പൂര്‍ണ്ണരൂപം 2023 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

 

Comments are closed.