‘പ്രമേഹം അപകടകരമായ രോഗം’ ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് പ്രകാശനം ചെയ്തു
കൊച്ചി: പ്രശസ്ത പ്രമേഹരോഗ വിദഗ്ധന്‍ ഡോ.ജോണി ജെ. കണ്ണമ്പിള്ളിയുടെ ‘പ്രമേഹം അപകടകരമായ രോഗം‘ എന്ന പുതിയ കൃതിയുടെ പ്രകാശനച്ചടങ്ങ് കൊച്ചിയില്‍ നടന്നു. താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. എറണാകുളം എം.പി ഹൈബി ഈഡന്‍, നടന്മാരായ കുഞ്ചാക്കോ ബോബന്‍, ജനാര്‍ദ്ദനന്‍, എ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗ്ഗീസ്, ഡോ.ജോണി ജെ. കണ്ണമ്പിള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പുസ്തകപ്രകാശനത്തോടൊപ്പം ഡോ. ജോണി ജെ. കണ്ണമ്പിള്ളിയുടെ നേതൃത്വത്തില്‍ പ്രമേഹരോഗനിവാരണത്തിനായി ആരംഭിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തതു. നടന്‍ ജനാര്‍ദ്ദനനാണ് പരിപാടിയുടെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലോക പ്രമേഹരോഗ ദിനമായ ഇന്ന് രാവിലെ കലൂരിലുള്ള ഐ.എം.എ ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
പ്രമേഹരോഗചികിത്സക്കായുള്ള നൂതനവും ഫലപ്രദവുമായ പ്രതിവിധികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോ.ജോണി ജെ. കണ്ണമ്പിള്ളിയുടെ ‘പ്രമേഹം അപകടകരമായ രോഗം’ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.