DCBOOKS
Malayalam News Literature Website

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി. ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇ.സി.ജി. സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതുതവണ നോബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ഭാരതത്തിന്റെ ശാസ്ത്രപ്രതിഭയാണ് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്ന ഡോ. ഇ.സി.ജി. സുദര്‍ശന്‍.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായി 1931 സെപ്റ്റംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഇ.ഐ ചാണ്ടി റവന്യൂ സൂപ്പര്‍വൈസറും മാതാവ് അച്ചാമ്മ അദ്ധ്യാപികയും ആയിരുന്നു.

പ്രകാശത്തേക്കള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ‘ടാക്കിയോണുകള്‍’ എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകളാണ് അദ്ദേഹത്തിന്റെ മുഖ്യസംഭാവനയയി കരുതപ്പെടുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനാണ്. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്താറുണ്ട്.

ചെറുപ്പത്തില്‍, എണ്ണയിടാന്‍ പിതാവ് താഴെയിറക്കിയ വീട്ടിലെ മുത്തച്ഛന്‍ ഘടികാരത്തിനുള്ളിലെ ചക്രങ്ങള്‍ കണ്ടപ്പോഴാണ് തന്നില്‍ ശാസ്ത്രകൗതുകം ഉണര്‍ന്നതെന്ന് സുദര്‍ശന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിളിച്ചു. പ്രകാശപരമായ അനുരൂപ്യം എന്നു വിളിക്കപ്പെട്ട കണ്ടുപിടുത്തത്തിനു സുദര്‍ശന്‍ 2005 ല്‍ നോബേല്‍ സമ്മാനത്തിന്റെ പടിവാതിലില്‍ എത്തിയിരുന്നു.

1951ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഓണേഴ്‌സ് ബിരുദം നേടിയ ശേഷം മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ 55 വരെ റിസര്‍ച്ച് അസിസ്റ്റന്റ് ആയി. 1957 ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായി. 1958ല്‍ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി.

1963 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിസിറ്റിങ് പ്രഫസര്‍. 1964 ല്‍ സിറാക്കുസ് പ്രോഗ്രാം ഇന്‍ എലിമെന്ററി പാര്‍ട്ടിക്കിള്‍സില്‍ ഡയറക്ടറും പ്രഫസറുമായി. 1969 മുതല്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ പ്രഫസര്‍.1973’84 കാലത്ത് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലും 1984’90 ല്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലും പ്രഫസറായി. കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചപ്പോള്‍, നാടിന്റെ നേട്ടത്തിനൊപ്പം അതിന്റെ പ്രസിഡന്റായി സുദര്‍ശനുണ്ടായിരുന്നു.

ഒന്‍പതു വട്ടം ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ സമ്മാനത്തിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള തനിയ്ക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തല്പരകക്ഷികളുടെ ഇടപെടല്‍ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലുകള്‍ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകര്‍ത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ഈഗോണ്‍ ക്രൗസ്, നൊബേല്‍ ജേതാവ് മറെ ഗെല്‍മാന്‍ എന്നിവരെ സുദര്‍ശന്‍ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.

 

Comments are closed.