ഡോ. ഡി ബാബുപോള്‍ ഐ.എ.എസ് അന്തരിച്ചു
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി.ബാബുപോള്‍ ഐ.എ.എസ് (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം നാളെ നാലു മണിക്ക് കുറുപ്പംപടി യാക്കോബായ പള്ളില്‍ വെച്ച് നടക്കും. ഭാര്യ: പരേതയായ അന്ന ബാബുപോള്‍. മക്കള്‍: മറിയം ജോസഫ്, ചെറിയാന്‍ സി.പോള്‍. മുന്‍ വ്യോമയാന സെക്രട്ടറിയും യു.പി.എസ്.സി അംഗവും ആയിരുന്ന കെ.റോയ്‌പോള്‍ സഹോദരനാണ്.
1941-ല്‍ പെരുമ്പാവൂരിനു സമീപം കുറുപ്പംപടിയിലായിരുന്നു ഡോ.ഡി. ബാബുപോളിന്റെ ജനനം. അഡീഷണല്‍ ചീഫ് സെക്രട്ടറി, ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍, തദ്ദേശസ്വയംഭരണവകുപ്പ് ഓംബുഡ്‌സ്മാന്‍, കെ.എസ്.ആര്‍.ടി.സി എം.ഡി എന്നിങ്ങനെ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയുടെ രൂപീകരണസമയത്ത് ബാബുപോളായിരുന്നു കളക്ടര്‍.
21-ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59-ാം വയസ്സില്‍ ഐ.എ.എസില്‍ നിന്നും സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സിവില്‍ സര്‍വ്വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കുന്നതിനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു.
മലയാളസാഹിത്യത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ബാബുപോള്‍ വിലാസിനിയുടെ സ്ത്രീസങ്കല്പം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. മാനേജ്മെന്റ് സ്റ്റഡീസിലാണ് പി.എച്ച്.ഡി.പത്രമാസികകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബാബുപോള്‍ നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ വിജ്ഞാനകോശമാണ് ഈ കൃതി.
ഡോ.ഡി.ബാബുപോളിന്റെ സര്‍വ്വീസ് സ്റ്റോറിയായ കഥ ഇതുവരെ, രേഖായനം-നിയമസഭാ ഫലിതങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍-വീക്ഷണവിഹാരങ്ങള്‍ എന്നീ മൂന്ന് കൃതികള്‍ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.