ഡോ. സി ആര്‍ രാജഗോപാലന്‍ അന്തരിച്ചു
അദ്ധ്യാപകന്‍, ഫോക് ലോര്‍ ചിന്തകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ പ്രവര്‍ത്തന മേഖലകളിലൂടെ ഫോക് ലോര്‍ പ്രചരണത്തിനായി ജീവിതം സമർപ്പിച്ച ഡോ. സി ആര്‍ രാജഗോപാലന്‍ (64) അന്തരിച്ചു. നാടൻ കലാരൂപങ്ങൾ കണ്ടെത്താനും അവയെ കുറിച്ച് പഠിക്കാനും, പ്രചരിപ്പിക്കാനും പ്രയത്നിച്ച അദ്ദേഹം സാമൂഹ്യപ്രവർത്തകനും ഗവേഷകനും , തൃശൂര്‍ നാട്ടറിവ് പഠനകേന്ദ്രത്തിന്റെ അമരക്കാരനും ആയിരുന്നു. ഡി സി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിച്ച ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ എന്ന പുസ്തകത്തിന്റെ ജനറല്‍ എഡിറ്ററായിരുന്നു അദ്ദേഹം.
കൂടാതെ അദ്ദേഹത്തിന്റെ ‘കുട്ടികളും നാട്ടറിവുകളും’, ‘നാടോടി വര്‍ണ്ണലോകം’, ‘നാട്ടുചിന്തകള്‍’, ‘നാട്ടറിവുകള്‍’, ‘വയല്‍ക്കാട്’, ‘സൗന്ദര്യത്തിന്റെ നാട്ടറിവകുള്‍’ തുടങ്ങി നിരവധി പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ നാട്ടുപഠനകേന്ദ്രം ഡയറക്ടറും ഗ്രന്ഥകാരനും നാട്ടുനാവ് ഡയസ്പോറ ഏറുമാടങ്ങൾ,ഫോക് ലോര്‍ സിദ്ധാന്തങ്ങൾ, കാലമില്ലാ കോലങ്ങൾ, വരിക്കപ്ലാവിനുവേണ്ടി ഒരു നാടൻ പാട്ട്, കേരളസംസ്കാര പൊലിമകൾ കണ്ണാടി നോക്കുമ്പോൾ തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ നാട്ടറിവുകളെക്കുറിച്ച് അഞ്ച് പതിറ്റാണ്ടോളം നീണ്ട ഗവേഷണങ്ങളിലൂടെ നമ്മുടെ സംസ്കൃതിയുടെ മൺമറഞ്ഞു കൊണ്ടിരുന്ന ബൗദ്ധികസ്വത്തുക്കളാണ് രാജഗോപാലൻ തിരിച്ചുപിടിച്ചത്. കുലം, ജാതി, തൊഴിൽ എന്നിങ്ങനെ വിവിധ അടരുകളിലായി ചിതറിക്കിടന്നിരുന്ന ഒരു സമൂഹത്തിന്റെ തനതായ അറിവുകളെ അവരുടെ തന്നെ അനുഭവങ്ങളിലൂടെയും പറച്ചിലുകളിലൂടെയും വീണ്ടെടുക്കുകയായിരുന്നു. നാട്ടറിവു പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന അറിവന്വേഷണത്തിന്റെ അപൂർവ്വ സദ്ഫലമാണ് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ എന്ന പുസ്തകത്തില്‍ സമാഹാരിക്കപ്പെട്ടത്.
കോഴിക്കോട് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഗവേഷണ ബിരുദം നേടി. നാട്ടറിവു പഠനത്തില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള ഫോക്ലോര്‍ അക്കാദമി, കേരള സംഗീത നാടക അക്കാദമ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പ്, വംശീയ സംഗീതം പ്രൊജക്ട്, നാടോടി രംഗാവതരണങ്ങളുടെ ദേശീ സൗന്ദര്യബോധത്തെപ്പറ്റി യൂജിസിയുടെ മേജര്‍ പ്രൊജക്ട് എന്നിവ ലഭിച്ചിട്ടുണ്ട്. പെരുമ്പുള്ളിശേരിയിലാണ് ജനനം. ചേര്‍പ്പ് സിഎന്‍എന്‍ ഹൈസ്‌കൂള്‍, തൃശൂര്‍ ഗവ. കോളേജ്, ശ്രീ കേരളവര്‍മ കോളജ് എന്നിവിടങ്ങളില്‍ പഠനം.
Comments are closed.