DCBOOKS
Malayalam News Literature Website

ഹീനം, മ്ലേഛം ബൗദ്ധം

ഡോ അജയ് ശേഖര്‍

പ്രഹരചികില്‍സയിലൂടെ ബോധോദയം പകരുന്ന സെന്‍ ഗുരുവിന്റെ ചടുലതയും വിധ്വംസകതയുമാണ് വജ്രയാന മഹായാനങ്ങളുടെ സങ്കരമായ തെക്കന്‍ കൊറിയയുടെ
സാംസ്‌കാരിക വംശാവലിയില്‍ വരുന്ന കിമ്മിന്റെ കലാപ്രയോഗ മാതൃകയും സമീപനവും. വജ്രത്തെ പോലെ തീവ്രവും മാരകവുമാണത്. പുത്തനേഷ്യന്‍ തീവ്രസിനിമയേയും വജ്രത്തോട് ഉപമിക്കാം. അതാഴത്തില്‍ മുറിപ്പെടുത്താം പക്ഷേ പുതുതിളക്കവും വെളിച്ചവും ബോധോദയവും പുതുജീവനും പകരുന്നു. സമഗ്രാധിപത്യകാലത്ത് അതിജീവനത്തിന് ഏറെ സഹായമാണീ പ്രഹരചികില്‍സ. ജന്മനാട്ടില്‍ വംശഹത്യ നേരിട്ട്
പുറത്തേക്കു പറന്നു പോയ തീവ്രയാനമാണത്.

പാശ്ചാത്യ സിനിമയെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അസ്ഥിരപ്പെടുത്തിയ പുത്തനേഷ്യന്‍ തരംഗത്തിലെ തീവ്രസിനിമയുടെ ഏറ്റവും മാരകവും വിധ്വംസകവുമായ മുഖമാണ് കിം കി ദുക് (1960-2020) എന്ന കാര്യത്തില്‍ സംശയമില്ല. ഉടലും മനവും ലൈംഗികതയും ഹിംസയുമെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അസാധാരണമായി കലരുന്നു, തിളച്ചു മറിയുന്നു. ലോകത്തിന്റെ കാതലായ മാറ്റത്തേയും ചരാചരങ്ങളുടെ പരസ്പര ബന്ധത്തേയും ദൃശ്യാഖ്യാനം ചെയ്യുന്ന അനിത്യത്തിന്റെ തത്ത്വചിന്തയാണ് കിം പടങ്ങളുടെ പകര്‍ച്ചയും തുടര്‍ച്ചയും ആന്തരധാരയും. ജന്മനാടായ ഇന്ത്യയില്‍ പൗരോഹിത്യ ആണ്‍കോയ്മയാല്‍ ക്ഷുദ്രമായ പടയാളി ചങ്ങാത്തങ്ങളിലൂടെ വംശഹത്യ ചെയ്യപ്പെട്ട, എന്നാല്‍ ഏഷ്യയിലെമ്പാടും പരന്ന് അടിസ്ഥാന അധ്വാന ജനതകളുടെ വെളിച്ചമായ ഹീനവും ജുഗുപ്‌സാവഹവും മ്ലേഛവും എന്നു വിളിച്ച് അപരവല്‍ക്കരിച്ചു ജന്മദേശത്ത് വംശഹത്യ ചെയ്യപ്പെട്ട ബൗദ്ധമായ അതിജീവന ചിന്തയുടെ അലയടിയാണ് കിം സിനിമയുടെ കാതലായി കാണാവുന്ന തത്ത്വചിന്ത.

Pachakuthiraവംശഹത്യ ചെയ്യപ്പെട്ട അനാത്മവും അനേകവാദവും ചിത്രകാരനായി തുടങ്ങിയ ഈ ഏഷ്യന്‍ പ്രതിഭയുടെ തിരപ്പടങ്ങളില്‍ പ്രതീതിബന്ധങ്ങളോടെ അനിത്യമായി നിറയുകയാണ്. കൊലയും പാട്ടും പങ്കും പ്രതീത്യ സമുദ്പാദവുമെല്ലാം സിനിമയെ സമഗ്രമായി ആശ്ലേഷിക്കുന്നത് നമുക്കു വിശദമായി കാണാം. അതിതീവ്രമായ മിന്നലൊളി നമ്മിലും വീഴുന്നു. ലോകത്തേയും ഭാവിയേയും മാറ്റുന്ന ചലച്ചിത്ര പ്രയോഗമാണ് അപകടകരവും അപൂര്‍വവുമായ ഈ അനിത്യതയുടെ ചിത്രണം. വരേണ്യ ലിംഗാധീശത്വത്തേയും ആണത്ത ലിംഗകാമനയേയും അവയവഛേദത്തിലൂടെ ചികില്‍സിക്കുന്ന അനിത്യതയുടെ കാരുണ്യമായി അതിന്റെ ഇടിത്തീ പെയ്യുകയായി. നീതിയുടെ ലാവണ്യ പ്രയോഗമായി കിം സിനിമ സൗന്ദര്യശാസ്ത്രത്തേയും തത്ത്വചിന്തയേയും മാറ്റുന്നു. നീതിയുടെ അടിസ്ഥാന കരാര്‍ അട്ടിമറിക്കപ്പെട്ട കേരളത്തിലും ഇന്ത്യയിലുമാണീ ചിത്രങ്ങളുടെ കാലികപ്രസക്തി.

സൗന്ദര്യശാസ്ത്ര വിമര്‍ശവിഛേദങ്ങളും അപനിര്‍മിതിയും

‘ക്രിസ്മസ് ഇന്‍ ബയാഫ്ര’ എന്ന കവിതയിലും ‘റെഫ്യൂജി മദര്‍ ആന്‍ഡ് സണ്‍’ എന്ന കവിതയിലും നൈജീരിയന്‍ നോവലിസ്റ്റും കവിയുമായ ചിനുവ അച്ചിബി യൂറോപ്യന്‍ കലയുടെ ഐതിഹാസിക ബിംബമായ പിയത്തയെ അധിനിവേശ അനന്തര കാലത്ത് കാവ്യാത്മകമായി അപനിര്‍മിക്കുന്നു. കുരിശേറിയ ക്രിസ്തുവിന്റെ ഉടലുമായിരിക്കുന്ന മാതാവിന്റെ വിശുദ്ധരൂപത്തെ, കൊളോണിയല്‍ അധിനിവേശ യുദ്ധങ്ങളുടേയും സാമ്പത്തിക ചൂഷണത്തിന്റെയും ഇരയായി പട്ടിണിയിലും രോഗത്തിലും മരിക്കുന്ന തന്റെ കറുത്ത കുഞ്ഞിനേയും പേറിയിരിക്കുന്ന ആഫ്രിക്കന്‍ അമ്മയുമായി താരതമ്യം ചെയ്തു കൊണ്ടാണ് ആധുനികതയുടേയും പാശ്ചാത്യ സൗന്ദര്യശാസ്ത്രത്തിന്റേയും അധിനിവേശാനന്തര വിമര്‍ശം ചെറുകവിതയിലൂടെ സാധ്യമാക്കുന്നത്. സമാനമായ രീതിയില്‍ യൂറോപ്യന്‍ സൗന്ദര്യശാസ്ത്രത്തിന്റേയും പാശ്ചാത്യ മീമാംസയുടേയുംതന്നെ വിധ്വംസകമായ അട്ടിമറിയാണ് കൊറിയന്‍ മാതാവിന്റേയും പുത്രന്റേയും ചോരയിറ്റുന്ന ചുവന്ന ബിംബാവലികളിലൂടെ തന്റെ പിയത്തയില്‍ കിം കി ദുക്ക് എന്ന തെന്‍ കൊറിയന്‍ ചലച്ചിത്രകാരനും എഴുത്തുകാരനുമായ അപൂര്‍വ കലാകാരന്‍ നിര്‍മിച്ചത്.

മാതാവോ മറുതായോ എന്ന ചോദ്യം മായാദേവിയിലേക്കു തന്നെ നയിക്കുന്നു. അലക്‌സാണ്ടര്‍ സൊകുറോവിന്റെ മദര്‍ ആന്‍ഡ് സണ്‍ നമ്മുടെ മനസ്സില്‍ മിന്നായം പോലെ കടന്നു വരാം. ക്രിസ്തുവിന്റെ ജീവനറ്റ ശരീരത്തെ താരാട്ടുന്ന മാതാവിന്റെ സ്മരണയുണര്‍ത്തുന്ന പോസ്റ്ററോടു കൂടി വന്ന കിമ്മിന്റെ ചിത്രത്തിന് യൂറോപ്പിന്റെ സംസ്‌കാര പറുദീസകളിലൊന്നായ വെനീസ് രാജ്യാന്തര മേളയില്‍ ലോകോത്തരമായ സുവര്‍ണസിംഹം കൊടുക്കേണ്ടതായി വന്നു. ബര്‍ലിനിലും കാനിലും കിമ്മിന്റെ സിനിമകള്‍ ആദരിക്കപ്പെട്ടു. ക്രിസ്തുവിന്റെ ജീവിതത്തിനും വിമോചക കര്‍തൃത്വത്തിനുമപ്പുറത്ത് ബുദ്ധനിലേക്കും മഹാമായയിലേക്കും പോകുന്നതാണ് കിമ്മിന്റെ പിയത്ത. മായാദേവിയേയും കടന്ന് സംഘത്തിലെ ആദ്യ ഭിക്ഷുണിയായി ഗോതമനെന്ന നമ്മുടെ സ്വന്തം കോത അറിഞ്ഞു ചേര്‍ത്ത തന്റെ പോറ്റമ്മയും മായയുടെ ഇളയ സോദരിയുമായ മഹാപ്രജാപതി ഗോതമിയിലേക്കും മുറിവേറ്റ മാതാവിന്റെ മനസ്സും ശരീരവും സൂചനകള്‍ പായിക്കാം. മറുതാക്കളും ജ്യേഷ്ഠകളും നമുക്കു നിരവധി. മാതാ എന്ന പേരും മാതു, മാതിക്കുട്ടി, മാതാപെരുമാള്‍ തുടങ്ങിയ പേരുകളും പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ കേരളമക്കളില്‍ കാണാവുന്നതാണ്. ഡോക്ടര്‍ പല്‍പ്പുവിന്റെ മാതാവിന്റെ പേര് മാതാപെരുമാള്‍ എന്നായിരുന്നു. ജീവിതസത്യങ്ങളേയും നാഗരികതയുടെ വേരുകളേയും തൊടുന്നതാണ് കിമ്മിനു ചലച്ചിത്രം. ജീവിതത്തിന്റേയും ലോകത്തിന്റേയും യാഥാര്‍ഥ്യവും സത്യവുമായ സങ്കടങ്ങളേയും ദുരിതങ്ങളേയും ലൈംഗികതയേയും ഹിംസയേയും കുറിച്ചുള്ള അനന്യമായ ചലച്ചിത്രസമീക്ഷകളും താത്ത്വിക സാംസ്‌കാരികവിചാരങ്ങളും പ്രതിനിധാന പ്രയോഗവിപ്ലവങ്ങളും കൂടിയായി കിമ്മിന്റെ ചലച്ചിത്രണം മാറുകയാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.