DCBOOKS
Malayalam News Literature Website

മടങ്ങിവന്ന അണ്ണാറക്കണ്ണനും കുറുക്കനും മരയണ്ണാനും: എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

ലോക്ക് ഡൗണ്‍കാലത്ത് മനുഷ്യര്‍ അകത്തിരിക്കുമ്പോള്‍ പ്രകൃതി അതിന്റെ തനിമയിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്ര സാഹിത്യകാരനായ ഡോ.എ.രാജഗോപാല്‍ കമ്മത്ത് ആ കാഴ്ചകളും അനുഭവങ്ങളും എഴുതുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് നഗരവീഥിയിലൂടെകടന്നു പോകുമ്പോള്‍ പെട്ടെന്ന് വാഹനത്തിനു മുന്‍പില്‍ രണ്ട് അണ്ണാറക്കണ്ണന്മാര്‍. റോഡില്‍ വീണ പഴങ്ങള്‍ ആസ്വദിച്ച് കഴിക്കുകയാണ്. വാഹനം വരുന്നത് ഒരു അണ്ണാറക്കണ്ണന്‍ കണ്ടതും അതു സ്തബ്ദമായതും പാളികണ്ടു. പണിപ്പെട്ട് അല്പം അകലെയായി ചവുട്ടി നിര്‍ത്തി. അപായമില്ല എന്ന് പിന്നാലെ വന്നവര്‍ ആംഗ്യം കാണിച്ചു. ആശ്വാസം. ചുറ്റും ഇന്നു വരെ കാണാതിരുന്ന കാഴ്ച്ചകള്‍. മയിലുകള്‍ നിര്‍ബാധം റോഡരുകില്‍ കാണപ്പെടുന്നു. കര്‍ഫ്യൂ ലംഘിച്ച് ഇരതേടി റോഡിലെത്തിയ ചെമ്പോത്തിന്‍കുഞ്ഞ് കാറിടിച്ച് മരണം കാത്തു കിടന്നപ്പോള്‍ അപ്പുറത്ത് മത്സ്യവ്യാപാരം നടത്തുന്ന ചെറുപ്പക്കാര്‍ അതിനെ എടുത്ത് റോഡരുകില്‍ കിടത്തി വെള്ളവും മറ്റും കൊടുത്ത് ശുശ്രൂഷിച്ചു. അപകടം നടന്നയിടത്ത് ഒരുനൂറു കാക്കകളെങ്കിലും ശബ്ദമുണ്ടാക്കി പറന്നു. രക്ഷിക്കണേ എന്നായിരിക്കും അവ പറഞ്ഞത്. ഏതായാലും കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ചെമ്പോത്ത് ഉഷാറായി പതിയെ നടന്നും പിന്നെ പറന്നും സുരക്ഷിതമായ ഇടത്തേയ്ക്ക് പോയി.

വീട്ടുവളപ്പില്‍ എത്തുന്ന പറവകളിലും മറ്റു ജീവികളിലും മറ്റെങ്ങുമില്ലാത്ത ഉത്സാഹം. അവയുടെ സ്വഭാവ സവിശേഷതകള്‍ നിരീക്ഷിക്കാനുള്ള ഒരവസരമായി ഇത്. വേനലായതിനാല്‍ പറവകള്‍ക്കായി വീട്ടിനു ചുറ്റും മണ്‍പാത്രങ്ങളില്‍ കുടിവെള്ളം നിറച്ചു വയ്ക്കാറുണ്ട്. ദാഹമകറ്റാന്‍ എത്തുന്നവര്‍ക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട് എന്നു മനസ്സിലാക്കി. എല്ലാ ദിവസവും പുതിയ വെള്ളം നിറയ്ക്കണം. അല്ലെങ്കില്‍ ജനാലയ്ക്ക് അടുത്തുവന്ന് ബഹളമുണ്ടാകും. രാവിലെ തന്നെ പുതിയ വെള്ളം നിറയ്ക്കണം. വെള്ളത്തിന്റെ നില കുറഞ്ഞാലും തൃപ്തിപോര. ഓലഞ്ഞാലി, ബുള്‍ബുള്‍, ചെമ്പോത്ത്, കുട്ടുറുവന്‍, വണ്ണാത്തിപ്പുള്ള് പിന്നെ നമ്മുടെ സ്വന്തം കാക്കകള്‍ എന്നിവ സ്ഥിരമായി സന്ദര്‍ശിക്കുന്നു. തേന്‍ കുരുവി, അടയ്ക്കാക്കുരുവി, മഞ്ഞക്കിളി തുടങ്ങിയവ അകലെ നിന്നു നോക്കുന്നതു മാത്രം കാണാം. കുടി കൂടാതെ വിസ്തരിച്ച് കുളിയും ചില കിളികള്‍ സാധ്യമാക്കുന്നു. ഫോട്ടോയെടുക്കാമെന്നു വച്ച് ക്യാമറയുമായി പോയാല്‍ അപ്പോള്‍ സ്ഥലം കാലിയാക്കും.

കാക്കകള്‍ പലതരമുണ്ട് എന്നും ഈ വേളയില്‍ മനസ്സിലാക്കി. റേവന്‍ എന്ന വലിയ മലങ്കാക്കയ്ക്ക് വലിയ ചിട്ടകളാണ്. അവര്‍ക്ക് അയലത്ത് എല്ലാദിവസവും ചോറു നല്കാറുണ്ട്. അടുപ്പത്ത് ചോറു പാകമാകുന്ന മണം പരന്നാല്‍പ്പിന്നെ അതുകിട്ടാതെ പോകില്ല. വലിയ ബഹളമുണ്ടാക്കും. ഒരു ദിവസം വീട്ടിനു പിന്നിലെ തറയില്‍ കൊത്തിക്കാണിച്ചു. എന്താണെന്ന് ആദ്യം മനസ്സിലായില്ല. അല്പം ആഹാരം കൊടുത്തപ്പോള്‍ കാര്യം ബോധ്യമായി. അയലത്ത് ആളില്ലാത്ത വേള. ചോറു വേണം അതും നിശ്ചിത അളവില്‍. അളവല്പം കുറഞ്ഞാല്‍ ബഹളമുണ്ടാക്കും. ഇടയ്ക്കിടെ പോയും വന്നും കഴിക്കും. ചെറിയ കാക്കകള്‍ മലങ്കാക്കയെ ഭയന്ന് മാറി നില്ക്കും. ഇന്നലത്തെ ഭക്ഷണത്തില്‍ ബാക്കി വരുന്നവ രാവിലെതന്നെ വീട്ടിനു പിന്നിലെ ചെറിയ തിട്ടയില്‍ വയ്ക്കണം. അല്ലെങ്കില്‍ ചെറുകാക്കകള്‍ ബഹളം തുടങ്ങും. കാക്കക്കുഞ്ഞുങ്ങളും പെണ്‍കാക്കകളുമുണ്ട്. ആഹാരവസ്തുക്കള്‍ അവിടെ വച്ചാല്‍ പിന്നെ ഒരു ബഹളമാണ്. ആദ്യം കണ്ട കാക്ക അടുത്തുള്ള കാക്കകളെയെല്ലാം വിവരമറിയിക്കും. എല്ലാവരും ടേണ്‍ അനുസരിച്ച് ആവശ്യമുള്ളത് അകത്താക്കും ശാഠ്യം പിടിക്കുന്ന കാക്കക്കുഞ്ഞുങ്ങളെ നിയന്ത്രിക്കുന്നതും കാണുന്നു. അവയുടെ ആഹാരം പൂച്ചകള്‍ കഴിച്ചു തീര്‍ക്കും എന്നുതോന്നിയാല്‍ അവയുടെ വാലില്‍ കൊത്തിവലിക്കും. വിശപ്പടക്കാം, പക്ഷെ ഒരുപാട് കഴിക്കാന്‍ പാടില്ല അതു ഞങ്ങള്‍ക്കും കൂടി ഉള്ളതാണ് എന്നാണ് അവപറയുന്നത്.
തൊട്ടടുത്ത പറമ്പില്‍ കുറുക്കനുണ്ട് എന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഒന്നിനെപ്പോലും കഴിഞ്ഞ കുറേ വര്‍ഷമായി കണ്ടിട്ടില്ല. ഇപ്പോള്‍ അവ ജനാലച്ചില്ലില്‍ വന്ന് തോണ്ടി ശബ്ദമുണ്ടാക്കി ഉണര്‍ത്തുന്നു. എല്ലാദിവസവും രാത്രി ഏകദേശം ഒരേസമയത്തു വന്ന് ഇപ്പണി ചെയ്യുന്നതാരെന്നു നോക്കാന്‍ സിസിടിവി അങ്ങോട്ടു തിരിച്ചു പരിശോധിച്ചപ്പോളാണ് കണ്ടത്. ചെറിയൊരു കുറുക്കന്‍. അടുക്കളയുടെ ജനലില്‍ ആണ് പ്രയോഗം. അതു തുടരുന്നു. ഇന്നുവരെ നേരിട്ട് കാണാതിരുന്ന നിശാചാരിയായ മരപ്പട്ടിയെയും കാണാനിടയായി. ടോര്‍ച്ചടിച്ചപ്പോള്‍ അത് ഒരു നിമിഷം ശങ്കിച്ചു നിന്നു. കുറ്റിച്ചെടികള്‍ പടര്‍ന്നു നിക്കുന്നയിടത്ത് എന്തോ അനക്കം. നോക്കിയപ്പോള്‍ ഒരു എമണ്ടന്‍ ചേര. തണുപ്പ് തേടി വന്നതാണ്. അതു സ്ഥിരം സന്ദര്‍ശിക്കുന്നു. തണുപ്പിനായി എല്ലാ ദിവസവും വെള്ളമൊഴിച്ച് നിലം തയ്യാറാക്കുന്നു. മുന്‍പ് ഇവയെ ഒന്നും തന്നെ ഇവിടെ കണ്ടിട്ടില്ല. ബഹളം കുറഞ്ഞപ്പോള്‍, ആള്‍ത്തിരക്കൊഴിഞ്ഞപ്പോള്‍ സ്വതന്ത്രമായി വിഹരിക്കുകയാണവ.

‘വാസ്’ എന്നു പേരിട്ട ഉടുമ്പ് ഞങ്ങളെ സന്ദര്‍ശിക്കാനെത്തിയത് പ്രളയത്തിനു ശേഷമാണ്. എങ്ങുനിന്നോ ഒഴുകി വന്നതാണ്. ആള്‍താമസമില്ലത്ത അയലത്തെ വീട്ടില്‍ താമസവുമാക്കി. പ്രത്യേകിച്ച് ഒന്നും വേണ്ട. അതിലേ അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ അനുവദിച്ചാല്‍ മതി. ഇടയ്ക്ക് നിശ്ചലമായി നിന്ന് ഒരു നോട്ടവുമുണ്ട്. ഉപദ്രവിക്കില്ല എന്നു ബോധ്യം വന്നപ്പോള്‍ പിന്നെ സൗഹൃദം സ്ഥാപിക്കാം എന്നു കരുതിയാകും.ചുറ്റിനുമുള്ള ജീവികളെ ശ്രദ്ധിക്കാന്‍ വളരെയൊന്നും അവസരം ലഭിച്ചിരുന്നില്ല. ചാള്‍സ് ഡാര്‍വിന്റെ ‘ എക്‌സ്‌പ്രെഷന്‍ ഓഫ് ഇമോഷന്‍സ് ഇന്‍ മാന്‍ ആന്റ് ആനിമല്‍സ്’ എന്ന പുസ്തകം വായിച്ചതിനു ശേഷം വീട്ടുവളപ്പിലെ ജന്തുക്കളെയെങ്കിലും നിരീക്ഷിക്കണം എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ പലതരം തിരക്കുകള്‍ മൂലം അതിനു കഴിഞ്ഞില്ല. ലോക്ക് ഡൗണ്‍ കാലം പലതരം തിരിച്ചറിവുകളുടേത് കൂടിയായി. ജന്തുക്കളുടെ പലതരം വികാരപ്രകടനങ്ങളും സ്വഭാവങ്ങളും ദൃശ്യമാകുന്നു. അവയുടേതു മാത്രമായ നിയമങ്ങള്‍. നിയമം ലംഘിക്കുന്നവരെ ചിട്ടപടിപ്പിക്കുന്ന കാഴ്ച്ചകള്‍. വിസ്മയാവഹം തന്നെ ജീവലോകം. ഇനി ചെടികളെ നിരീക്ഷിക്കാനുണ്ട്.

ലോക്ക് ഡൗണ്‍ പച്ച പരമ്പര തുടരും…

Comments are closed.