തീരമടഞ്ഞ തിമിംഗലങ്ങള്‍: ഡോ.എ. രാജഗോപാല്‍ കമ്മത്ത് എഴുതുന്നു
അഞ്ചു തിമിംഗലങ്ങളാണ് കൊല്ലം കടപ്പുറത്ത് അന്നെത്തിയത്. എന്തൊരു ആള്‍ക്കൂട്ടമായിരുന്നു അവയെക്കാണാന്‍. ‘കടലച്ഛന്‍’ എന്ന് അവിടുത്തുകാര്‍ ബഹുമാനിച്ചു. അതിലൊരു കുസൃതിക്കാരന്റെ ഹോബി വള്ളങ്ങള്‍ മറിക്കുക എന്നതായിരുന്നു. ചില സാഹസികര്‍ അതിലൊന്നിന്റെ പുറത്തുകയറി ആണിയടിക്കുക വരെ ചെയ്തു. ഈ കൗതുകം കാണാന്‍ വിദൂരദേശങ്ങളില്‍ നിന്നു വരെ ആളുകളെത്തി. അവയെക്കാണാന്‍ എത്തുന്നവര്‍ക്കായി ചെറിയ കടകളും ഹോട്ടലുകളും വരെ പ്രവര്‍ത്തനമാരംഭിച്ചു. ഉത്സവമായിരുന്നു കടപ്പുറമാകെ. കൊല്ലത്തെ തീരക്കടലിലും ഇരവിപുരത്തും വര്‍ക്കലയിലുമൊക്കെയായി മാസങ്ങളോളം അവ വിഹരിച്ചു.ശ്രീലങ്കയുടെ ഭാഗങ്ങളില്‍ ധാരാളമായി കണ്ടു വരുന്നവയാണ് ഇവിടെ എങ്ങനെയോ എത്തിപ്പെട്ടത്.അവ നിശ്വസിക്കുന്ന വേളയില്‍ ഫൗണ്ടന്‍ പോലെ വെള്ളം ചീറ്റുമ്പോള്‍ ആളുകള്‍ ആര്‍പ്പുവിളിക്കുമായിരുന്നു.
‘കടലിനു ചൂടു കൂടി. അതാണ് അവമ്മാരു വന്നത്’ ശതാബ്ദിയടുക്കാറായ ലാസര്‍ മേസ്ത്രിഎന്ന മത്സ്യത്തൊഴിലാളി അഭിപ്രായപ്പെട്ടു.പത്തറുപതു വര്‍ഷം കടലില്‍ പോയി. ആഫ്രിക്കയുടെ തീരങ്ങളിലും ഗള്‍ഫിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലും കക്ഷി പോയിട്ടുണ്ട്. ദീര്‍ഘദൂര മത്സ്യബന്ധനത്തിന്. കടലിനെക്കുറിച്ച് ഏകദേശം എല്ലാമറിയാം. മഴയൊക്കെ വരുന്നതിനു വളരെമുന്‍പ് കക്ഷി മുന്നറിയിപ്പു നല്കും. കടല്‍ പ്രക്ഷുബ്ദമാകുന്നതിനു മുന്‍പും. അതു ഗൗനിക്കാത്തവര്‍ പലരും അപകടത്തില്‍ പെട്ടിട്ടുണ്ട്. ഇപ്പോള്‍ പലതരം വലകളുടെ നിര്‍മാണ മേല്‍നോട്ടമാണ് ആ വയോധികന്റെ തൊഴില്‍.കാല്‍നൂറ്റാണ്ടു മുന്‍പു തന്നെ അറബിക്കടലിന്റെ ചൂടുകൂടുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് അറിയാമായിരുന്നു. സമുദ്രത്തിന്റെ ഉള്‍ച്ചൂട് കൂടിയതാണ് അവയ്ക്ക് അസ്വസ്ഥത കൂടാന്‍ കാരണം.ആഹാരലഭ്യത കുറവാകുമ്പോള്‍ വലിയ സമുദ്രജീവികള്‍ പ്രത്യേകതരം സ്വഭാവം പ്രകടിപ്പിക്കും.
ഇന്ന് 31 ഡിഗ്രിയെത്തി നില്ക്കുന്നു സമുദ്രതാപം. ഏറ്റവും പുതിയ പഠനവിവരമനുസരിച്ച് ഇന്ത്യാ മഹാസമുദ്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍വ്യാപകമായ കാലാവസ്ഥാ നീക്കം അനുഭവപ്പെടും. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതു തീവ്രമാകുകയും ചെയ്യും. അതിന്റെ സൂചനകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദൃശ്യമായിത്തുടങ്ങി. ഇന്ത്യാമഹാസമുദ്രത്തില്‍ ആഫ്രിക്കയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയില്‍ ചാക്രികമായ താപനിലാ വ്യതിയാനത്തിനു കാരണമാകുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്ന പ്രതിഭാസം ഇന്ത്യയിലെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. ഇന്ത്യയിലെ മണ്‍സൂണ്‍ മഴയുടെ ഏറ്റക്കുറച്ചിലിനു ഹേതുവാകുന്ന ഇത് പ്രാദേശികമായ പ്രതിഭാസമാണ്. ഈ പ്രതിഭാസത്തിന്റെ ധനാത്മക ഘട്ടത്തില്‍ അതായത് തെക്കന്‍ മഹാസമുദ്രത്തില്‍ താപനിലയേറുമ്പോള്‍ മണ്‍സൂണ്‍ മഴ അധികം ലഭിക്കുന്നു. തിരിച്ചാകുമ്പോള്‍ മഴ കുറയുകയും ചെയ്യും. ന്യൂട്രല്‍ വേളകളില്‍ സ്വാഭാവിക കാലാവസ്ഥയും അനുഭവപ്പെടും. ഇതിനെക്കാള്‍ വ്യാപകമായ താപനിലാവ്യതിയാനമാണ് ഇനി പ്രതീക്ഷിക്കുന്നത്. അതായത് ഇന്ത്യാ മഹാസമുദ്രത്തിന്റെ ചുറ്റുപാടുകളെയാകെ ബാധിക്കുന്ന ഒന്ന്. ഒരു ഇന്ത്യന്‍ ഓഷ്യന്‍ എല്‍ നിനോ.
കാലാവസ്ഥ ശാശ്വതമല്ല. ഇപ്പോള്‍ സന്തുലനാവസ്ഥയില്‍ ആണെങ്കിലും കേരളത്തിലും മറ്റും തീവ്രമായ മഴയും മറ്റു അന്തരീക്ഷ പ്രതിഭാസങ്ങളും ഉണ്ടാകാന്‍ കാരണം മറ്റു ഘടകങ്ങളുടെ സ്വാധീനമാണ്. അതിലൊന്ന് പസിഫിക്കിന്റെ ഉപരിതലത്തിലെ താപനിലയിലയേറ്റമായ എല്‍ നിനൊ ആണ്. ഈ പ്രതിഭാസം ഉണ്ടാകുമ്പോള്‍ കേരളത്തില്‍ മഴ കുറയും വരള്‍ച്ചയ്ക്കു സമാനമായ സാഹചര്യം രൂപപ്പെടുകയും ചെയ്യും. എന്നാല്‍ എല്‍ നിനോ ന്യൂട്രല്‍ ആകുമ്പോളും ലാ നിന എന്ന അതിന്റെ എതിര്‍ പ്രതിഭാസത്തില്‍ പസിഫിക്കിന്റെ ഉപരിതല താപനില കുറയുമ്പോളും മഴ അധികരിക്കുന്നു. ഇതിന്റെ സ്വാധീനം ഓസ്‌ട്രേലിയയിലും ഇന്തോനേഷ്യയിലുമൊക്കെ അനുഭപ്പെടുന്നു. ഇത്തരം താപനിലാ വ്യതിയാനങ്ങള്‍ തുടര്‍ച്ചയായി വലിയ ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് കാരണമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ഇടയ്ക്കിടെ വലിയ ചുഴലിക്കാറ്റുകള്‍ ഉണ്ടാകാറുണ്ട് . എന്നാല്‍ അറബിക്കടലിന്റെ കിഴക്കന്‍ തീരങ്ങള്‍ പൊതുവേ ഇത്തരം പ്രതിഭാസങ്ങളില്‍ നിന്നും വിമുക്തമെന്നു കരുതി. എന്നാല്‍ അതെല്ലാം മാറിമറിയുന്നതായി കാണുന്നു.
സമുദ്രത്തിന്റെ ഉള്‍ച്ചൂട് കൂടാന്‍ കാരണം മഹാസമുദ്ര ജലപ്രവാഹങ്ങളിലെ മാറ്റങ്ങളാണ്. ആയിരം വര്‍ഷം കൂടുമ്പോള്‍ സമുദ്രത്തിന്റെ ഉള്‍ക്കാമ്പുകളില്‍ നിന്നും ഉയര്‍ന്നു വരുന്ന ജലഭാഗങ്ങളുടെ താപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. കഴിഞ്ഞ കാലത്ത സമുദ്രത്തിന്റെ താപം അധികരിക്കാതെ സൂക്ഷിച്ചതില്‍ ഒരു ഘടകം ഇതാണ്. വളരെക്കാലം മുന്‍പ് ആഴങ്ങളില്‍ ചെന്ന ജലം ഉയരുന്നു. അത് ശൈത്യം കുറഞ്ഞ ഒന്നാണ്. പിന്നെ മറ്റ് ഭൂഭാഗങ്ങളെ തഴുകിയെത്തുന്ന ജലഭാഗങ്ങളുടെ ദിശാമാറ്റവുമുണ്ട്. ഇതെല്ലാം കൂടി സമുദ്രത്തിന്റെ നാം പരിചയിച്ചു വന്ന അവസ്ഥകളില്‍ വന്‍ വ്യതിയാനം വരുത്തുന്നു. കരപ്രദേശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നത് സമുദ്രത്തിലെ ഇത്തരം മാറ്റങ്ങളാണ്. കൂടാതെ സൂര്യനില്‍ ഉണ്ടാകുന്ന ചാക്രിക മാറ്റങ്ങള്‍ വഴിവലിയ മേഘഭാഗങ്ങള്‍ രൂപം കൊള്ളുകയുംവന്‍ മഴ അനുഭപ്പെടുകയും ചെയ്യും. ആഗോളതാപനം വഴി അന്തരീക്ഷത്തിന്റെ താപനിലയേറുന്നത് ഈ പ്രതിഭാസങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ കാലത്ത്മലിനീകരണം കുറഞ്ഞുവെന്നത് കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് കരുതേണ്ടതില്ല. ഇപ്പോള്‍ അനുഭവിക്കുന തീവ്രമായ മാറ്റങ്ങള്‍ നൂറ്റാണ്ടുകളായി നാം പ്രകൃതിക്കു വരുത്തി വച്ച ഹാനി മൂലമാണ്,. അതിന്റെ ആഘാതം കുറയ്ക്കാനായി നമുക്കു കഴിയുന്നതെല്ലാം ചെയ്യുക.
‘കടലമ്മേ, കടലച്ഛാ കാക്കണേ’ എന്ന് ലാസര്‍ മേസ്ത്രിയും കൂട്ടരും പ്രാര്‍ഥിക്കുന്നു.
Comments are closed.