നടന്‍ ഇര്‍ഫാന്‍ ഖാന് ബംഗ്ലാദേശില്‍ നിന്ന് ഓസ്‌കര്‍ എന്‍ട്രി
ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ബംഗ്ലാദേശി ചിത്രത്തിന് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള എന്‍ട്രി. ഡൂബ് നോ ബെഡ് ഓഫ് റോസസ് എന്ന ചിത്രമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിനായി അയച്ചുകൊടുക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലേക്കാണ് ഔദ്യോഗിക എന്‍ട്രിയായി ഈ ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്.
അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമാ നിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമ്മദിന്റെ ജീവിതകഥയാണ് സിനിമയുടെ ഇതിവൃത്തം. ഒരാണിനും പെണ്ണിനും ഇടയില്‍ നടക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ ജീവിതാനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ റൊക്കേയ പ്രാച്ചിയാണ് ഇര്‍ഫാന്റെ നായികയായി അഭിനയിച്ചിരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും.
വിവാദങ്ങളുടെ പേരില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത് 2017 ഒക്ടോബറിലാണ്. തുടര്‍ന്ന് ഫ്രാന്‍സ്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്തു.
Comments are closed.