ദൈവങ്ങള്‍ക്ക് മതമുണ്ടോ?
‘ഇന്ത്യയിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന പ്രധാന കക്ഷിയുടെ പേര് ദൈവം എന്നാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ തത്വചിന്തകന്‍ ദൈവം ആണ്.’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ദൈവങ്ങള്‍ക്ക് മതമുണ്ടോ എന്ന വിഷയത്തില്‍ കാരശ്ശേരി മാഷ് പറഞ്ഞുതുടങ്ങി. എഴുപതുകൊല്ലം മുമ്പ് മതേതര രാഷ്ട്രം ഉണ്ടാക്കിയിട്ട് ഒരു മത രാഷ്ട്രത്തിലേക്ക് ഇന്ത്യ മാറുന്നതിന്റെ ആശങ്കകള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു. ഹിന്ദു മൗലികവാദം പോലെ മുസ്ലിം മൗലികവാദവും മുസ്ലിം രാഷ്ട്രവാദവും ലോകത്തെ ബാധിച്ച കാന്‍സറാണ്. മതമൗലികവാദം ഉണ്ടായെന്നിരിക്കെ ജനാധിപത്യം ഉണ്ടാവുന്നതെങ്ങനെ. ജോസഫിനെ കൈവെട്ടാനും ജാമിദയെ ആക്രമിക്കാനും ഭരണം വേണ്ട മതമൗലികവാദം മതി. ‘പന്‍സാരെയും കല്‍ബുര്‍ഗിയെയും ദബോല്‍ക്കറെയും കൊന്നറിഞ്ഞവര്‍ പാലക്കാട് നിന്ന് 43സാ മാത്രം ദൂരമുള്ള ഉക്കടം ബസ്റ്റാന്‍ഡില്‍ ഫാറൂഖ് എന്ന യുക്തിവാദിയെ മുസ്ലീം തീവ്രവാദികള്‍ കൊന്നു എന്ന് പറയുന്നത് ഇസ്ലാമോഫോബിയയാണെന്ന് പറയുന്നത് മതത്തിന്റെ കൂലിക്കാരാണ്.’ എന്ന് കാരശേരി മാഷ് പറഞ്ഞുനിര്‍ത്തി. പൊതുബോധത്തിലെ വിള്ളലുകളെയാണ് കാരശേരി മാഷ് നിശിതമായി വിമര്‍ശിച്ചത്. ‘ഞങ്ങള്‍ പുരോഹിതന്മാര്‍ക്ക് ഉപജീവനമാര്‍ഗമാണ് ദൈവവും മതവും.’ എന്ന ഫാദര്‍ കെ.എം ജോര്‍ജിന്റെ പ്രസ്താവന വേദിയില്‍ ചിരി പടര്‍ത്തി. ദൈവത്തിന്റെ പരിണാമം സൃഷ്ടിച്ചത് മതങ്ങളാണ് എന്നത് ഇന്ന് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. മതങ്ങളെയെല്ലാം തച്ചുടച്ചാലും വീണ്ടും എഴുന്നേറ്റ് വരുന്ന സമസ്യയാണ് മതങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാള്‍ക്ക് മനോവിഭ്രമം വന്നാല്‍ അത് ഭ്രാന്ത്. ഒരുപാട്‌പേര്‍ക്ക് വന്നാല്‍ അത് മതമെന്നും അദ്ദേഹം രസകരമായി പറഞ്ഞു നിര്‍ത്തി.
ദൈവങ്ങള്‍ക്ക് മതമുണ്ട്. ദൈവസങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തുള്ള ആത്മീയതയെയാണ് നാം അന്വേഷിക്കേണ്ടതെന്നും റോസി തമ്പി കൂട്ടിച്ചേര്‍ത്തു. ദൈവത്തിന് ഏറ്റവും പേടി സ്ത്രീകളെയാണ്. വിശുദ്ധതയുടെ പേരില്‍ അവളെ അകറ്റിനിര്‍ത്തുന്നുവെന്ന് റോസി തമ്പിയുടെ സംസാരത്തില്‍ നിറഞ്ഞിരുന്നു. എല്ലാ ആണ്‍മുസ്ലീങ്ങളും ദൈവത്തെ ഒരുതുള്ളി ചോരയിലൂടെയൂടെയാണ് അറിയുന്നത് എന്ന വാസ്തവം വിളിച്ചോതിയാണ് താഹാ മാടായി തുടങ്ങിയത്. മതം ഒരു ഫാസിസമാണ്. ഫാസിസത്തിന്റെ തുടര്‍ച്ച എല്ലാ മതങ്ങളിലും ഉണ്ടെന്ന താഹയുടെ വിവരണം മതത്തിന്റെ വൈകാരികതലത്തെ ഉത്‌ബോധിപ്പിക്കുന്നു. കാറ്റിനെയും കടലിനെയും സാക്ഷിയാക്കി ദൈവവും മതവും വിമര്‍ശന കഥാപാത്രങ്ങളായപ്പോള്‍ ജനാധിപത്യ സമൂഹത്തിലേക്ക് നിരന്തരമായ ചോദ്യങ്ങളാണ് എടുത്തെറിയപ്പെട്ടത്.
Comments are closed.