DCBOOKS
Malayalam News Literature Website

നയന്‍താരയ്‌ക്കെതിരെ മോശം പരാമര്‍ശം; രാധാ രവിയെ ഡിഎംകെയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: പൊളളാച്ചി പീഡനസംഭവത്തെക്കുറിച്ചും നടി നയന്‍താരയെക്കുറിച്ചും പൊതുവേദിയില്‍ മോശം പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡി.എം.കെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം ഡി.എം.കെ ജനറല്‍ സെക്രട്ടറി കെ.അന്‍പഴകനാണ് ഞായറാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും രാധാ രവിയെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നടികര്‍സംഘത്തില്‍ നിന്നും രാധാ രവിയെ പുറത്താക്കിയതായി പ്രസിഡന്റ് വിശാല്‍ അറിയിച്ചു.

നയന്‍താര നായികയായി അഭിനയിച്ച കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു രാധാ രവിയുടെ വിവാദപരാമര്‍ശം. ലേഡി സൂപ്പര്‍സ്റ്റാറെന്ന് നയന്‍താരയെ വിശേഷിപ്പിക്കുന്നതിനെ വിമര്‍ശിച്ച രാധാരവി സൂപ്പര്‍സ്റ്റാര്‍ പദവിയെന്നത് പഴയകാല താരങ്ങളായഎം.ജി.ആറിനേയും ശിവാജി ഗണേശനെയും പോലെയുള്ളവര്‍ക്ക് ചേര്‍ന്നതാണെന്ന് അഭിപ്രായപ്പെട്ടു. തമിഴര്‍ കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്നതിനാലാണ് നയന്‍താരക്ക് ഇപ്പോഴും അഭിനയിക്കാനാകുന്നത്. ഇതേ നയന്‍താര തമിഴില്‍ യക്ഷിയായും തെലുങ്കില്‍ സീതയായും അഭിനയിക്കുന്നു. പണ്ട് കെ.ആര്‍ വിജയയെപ്പോലെയുള്ളവരാണ് സീതയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും സീതയായി അഭിനയിക്കാമെന്ന അവസ്ഥായിലായെന്നും രാധാ രവി പറഞ്ഞു. ചടങ്ങില്‍ നയന്‍താര പങ്കെടുത്തിരുന്നില്ല.

ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ പൊള്ളാച്ചി ലൈംഗികപീഡനക്കേസിനെക്കുറിച്ചും രാധാരവി മോശമായി പരാമര്‍ശിച്ചു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ രാധാ രവിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിശാല്‍, വിഘ്‌നേഷ് ശിവന്‍, സിദ്ധാര്‍ത്ഥ്, തപ്‌സി പന്നു, രാധിക ശരത്കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഗായിക ചിന്മയി എന്നിവര്‍ രാധാ രവിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ മീടു ക്യാമ്പയിനിന്റെ ഭാഗമായും രാധാ രവിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.

Comments are closed.