ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷ ‘ദിവസത്തിന്റെ ശേഷിപ്പുകള്‍’
ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷയാണ് ‘ദിവസത്തിന്റെ ശേഷിപ്പുകള്‍‘ . പുസ്തകം ‘ലൈല സൈന്‍’ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
1989ലാണ് ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ‘ പ്രസിദ്ധീകരിക്കുന്നത്. ഇഷിഗുറോയെ പ്രശസ്തനാക്കിയതും ഈ നോവലാണ്. ഈ നോവലിന് മാന്‍ ബുക്കര്‍ പ്രൈസും (1989) ലഭിച്ചിരുന്നു. സ്റ്റീവന്‍സ് എന്ന ബട്‌ലര്‍ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന ദിവസത്തിന്റെ ശേഷിപ്പുകള്‍ വായനക്കാരന്റെ ഹൃദയംകവരുന്നതാണ്.
നോവലില്‍ നിന്ന് ഒരു ഭാഗം;
കെന്റന്‍ ഇങ്ങനെ എഴുതുന്നു: ”രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയില്‍നിന്നുള്ള പുല്‍ത്തകിടിയിലേക്കും വിദൂരതയില്‍ തെളിഞ്ഞുകാണുന്ന പുല്‍മേടുകളിലേക്കുമുള്ള ജാലകക്കാഴ്ച എനിക്ക് വളരെ പ്രിയങ്കരമാണ്. വേനല്‍ക്കാല സായാഹ്നങ്ങള്‍ ആ മാന്ത്രികക്കാഴ്ചയ്ക്ക് വശ്യത പകര്‍ന്നുതരുന്നു. ഞാന്‍ ഇപ്പോള്‍ കുറ്റസമ്മതം നടത്തട്ടെ. ആ കാഴ്ച കാണാന്‍ ഞാന്‍ ഒരുപാടുനേരം ജനലിനടുത്തുനിന്ന് നഷ്ടപ്പെടുത്തിയിട്ടുണ്ട്.”
അവര്‍ തുടര്‍ന്നു:
”ഇത് ഒരു വേദനയുണര്‍ത്തുന്ന ഓര്‍മ്മയാണെങ്കില്‍ എനിക്ക് മാപ്പു തരൂ. വേനല്‍ക്കാല വസതിക്കുമുന്നില്‍ നിങ്ങളുടെ അച്ഛന്‍ അങ്ങോട്ടു മിങ്ങോട്ടും നടക്കുന്നത് നമ്മൊളൊരുമിച്ച് ഉറ്റുനോക്കിനിന്നത് ഒരിക്കലും വിസ്മരിക്കാനാവില്ല. കളഞ്ഞുപോയ, രത്‌നങ്ങള്‍ നിലത്ത് പരതുന്നതു പേലെയായിരുന്നു അദ്ദേഹം അന്ന് താഴേക്കു നോക്കിയത്.”
മൂന്നു ദശകങ്ങള്‍ക്കു മുമ്പത്തെ ഈ ഓര്‍മ്മ എന്നിലുള്ളതുപോലെ കെന്റനിലും പച്ചപിടിച്ചു നില്ക്കുന്നു എന്നത് എനിക്കൊരു വെളിപാടു പോലെ തോന്നി. അവര്‍ സൂചിപ്പിച്ചതുപോലെ അതൊരു വേനല്‍ക്കാല സായാഹ്നത്തില്‍ നടന്നതായിരിക്കണം. രണ്ടാമത്തെ നിലയിലേക്ക് കയറിപ്പോകുമ്പോള്‍, തുറന്നുകിടക്കുന്ന കിടപ്പുമുറികളുടെ വാതിലുകളിലൂടെ ഓറഞ്ചു നിറമാര്‍ന്ന അസ്തമയസൂര്യന്റെ കിരണങ്ങള്‍ ഇടനാഴിയുടെ മ്ലാനത ഭേദിച്ചുകൊണ്ട് വീണുകിടക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. കിടപ്പുമുറികള്‍ കടന്നു മുന്നോട്ടുപോയപ്പോള്‍ ജാലക
ത്തില്‍ നിഴലായിനില്ക്കുന്ന കെന്റന്റെ രൂപം ഞാന്‍ കണ്ടു. അവര്‍ തിരിഞ്ഞ് എന്നെ പതുക്കെ വിളിച്ചു:
”സ്റ്റീവന്‍സ്, ഒരു നിമിഷം ഒന്നു വരുമോ?”
ഞാന്‍ അകത്തു ചെന്നപ്പോള്‍ കെന്റന്‍ വീണ്ടും ജനലിനടുത്തേക്ക് തിരിഞ്ഞിരുന്നു. വെള്ളിലമരങ്ങളുടെ നിഴല്‍ പുല്‍ത്തകിടിയില്‍ വീണിട്ടുണ്ട്. വലതുവശത്തായി കാണുന്ന പുല്‍ത്തകിടി വേനല്‍ക്കാലവസതിയുടെ അടുത്തുള്ള വരമ്പിലേക്ക് ഉയര്‍ന്നുനിന്നു. അവിടെ എന്റെ അച്ഛന്‍ ചിന്താകുലനായി നടക്കുന്നത് കാണാമായിരുന്നു. കെന്റനത് മനോഹരമായി വിശേഷിപ്പിച്ചു:
”കളഞ്ഞുപോയ രത്‌നങ്ങള്‍ നിലത്ത് പരതുന്നതുപോലെ.”
ഈ ഓര്‍മ്മ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നതിന് വ്യക്തമായ കാരണ ങ്ങളുണ്ട്. കെന്റനും എന്റെ അച്ഛനും ഡാര്‍ലിങ്ടണ്‍ഹാളില്‍ ചെലവഴിച്ച ആദ്യകാലദിനങ്ങളിലെ അവരുടെ ബന്ധത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ എനിക്ക് വലിയ അതിശയമൊന്നും തോന്നുന്നില്ല. 1922-ലെ വസന്തകാലത്ത് ഏതാണ്ടൊരേ സമയത്താണ് അവര്‍ രണ്ടുപേരും ഡാര്‍ലിങ്ടണ്‍ഹാളില്‍ എത്തിച്ചേര്‍ന്നത്. വീടുസൂക്ഷിപ്പുകാരിയെയും ബട്‌ലറുടെ സഹായിയെയും ഒറ്റയടിക്ക് എനിക്ക് നഷ്ടപ്പെട്ടതിന്റെ ഫലമായാണ് അവര്‍ ഇവിടെ എത്തിയത്. അവസാനം പറഞ്ഞ വ്യക്തികളും വിവാഹിതരാകാനായി ജോലി ഉപേക്ഷിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. ഒരു വീടിന്റെ ചിട്ടയായ നടത്തിപ്പിന് ഇത്തരം രഹസ്യബന്ധങ്ങള്‍ ഗൗരവമായ ഭീഷണിയാണെന്നാണ് എന്റെ കണ്ടെത്തല്‍. അന്നുമുതല്‍ എനിക്ക് നിരവധി ജോലിക്കാരെ ഇത്തരം സാഹചര്യത്തില്‍ നഷ്ടമായി
ട്ടുണ്ട്. വീട്ടുജോലിക്കാരികള്‍ക്കും പരിചാരകര്‍ക്കുമിടയില്‍ ഇത്തരം സംഗതികളൊക്കെ നാം പ്രതീക്ഷിക്കണം. ഒരു നല്ല ബട്‌ലര്‍ തന്റെ ജോലിക്രമീകരണങ്ങളില്‍ ഈ കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്. കൂടുതല്‍ തഴക്കംവന്ന ജോലിക്കാരുടെ വൈവാഹികബന്ധങ്ങള്‍ ജോലിയില്‍ വിള്ളലേല്പിക്കും. പക്ഷേ, സഹപ്രവര്‍ത്തകരായ രണ്ടാളുകള്‍ പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യുന്നതിനെ തെറ്റുപറയാന്‍ പറ്റില്ല. എന്നാലും ഇക്കാര്യം എനിക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. വീട്ടുജോലിക്കാരികളാണ് ഇതിനൊക്കെ കാരണം എന്നതുകൊണ്ട് അത്തരക്കാര്‍ എന്നെ വെറുപ്പിക്കാറുണ്ട്. തൊഴിലില്‍ യാതൊരു ആത്മാര്‍ത്ഥതയും കാണിക്കാതെ, ഒരു ജോലിയില്‍നിന്ന് മറ്റൊരു ജോലിയിലേക്ക് പ്രണയംതേടി നടക്കുന്നവരാണ് പ്രത്യേകിച്ചും കുറ്റക്കാര്‍. ഇത്തരം വ്യക്തികള്‍ മികവുറ്റ തൊഴില്‍വൈദഗ്ദ്ധ്യത്തിന് ഒരു ശാപമാണ്. ഉടനടി പറയട്ടെ, കെന്റനെ ഉദ്ദേശിച്ചല്ല ഞാനിതു പറഞ്ഞത്. അവരും എന്റെ കീഴില്‍നിന്നു പോയത് കല്യാണം കഴിക്കാന്‍വേണ്ടിയാണ്. അവര്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയുള്ള, തൊഴില്‍കാര്യങ്ങള്‍ക്ക് മുന്‍ ഗണന കൊടുക്കുന്ന ഒരാളായിരുന്നെന്ന് ഞാന്‍ ആണയിട്ടു പറയും. തൊഴില്‍ കാര്യങ്ങളില്‍നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാത്തവരായിരുന്നു അവര്‍. ഞാന്‍ വിഷയത്തില്‍നിന്നുതന്നെ വിട്ടുപോയി. ഞാന്‍ പറഞ്ഞു വന്നത് വീട്ടുജോലിക്കും ബട്‌ലറുടെ സഹായിയായിട്ടും ആള്‍ക്കാരെ ആവശ്യമുള്ള സമയത്താണ് കെന്റന്‍ അവിടെ എത്തിച്ചേര്‍ന്നതെന്നാണ്. വീട്ടുജോലിക്കാരിക്ക് ആവശ്യമില്ലാത്തവിധം ഉയര്‍ന്ന ശുപാര്‍ശകളുമായാണ് കെന്റന്‍ വന്നത്.
ഏതാണ്ട് ഇതേ സമയത്താണ് എന്റെ അച്ഛന്‍ ലൗബറേ ഭവനത്തിലെ ജോണ്‍ സില്‍വേഴ്‌സിന്റെ കീഴിലെ വിശിഷ്ട സേവനം അവസാനിപ്പിച്ചത്. അച്ഛന്‍ ഒരു ജോലിക്കും താമസത്തിനുമായുള്ള അന്വേഷണത്തിലാ യിരുന്നു. തൊഴില്‍പരമായി ഉയര്‍ന്ന നിലവാരത്തിലായിരുന്നെങ്കിലും അദ്ദേഹം തന്റെ എഴുപതുകളിലായിരുന്നു. വാതവും മറ്റ് രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ചെറുപ്പക്കാരും സമര്‍ത്ഥരുമായ ബട്‌ലര്‍മാരുടെ തൊഴില്‍മത്സരങ്ങള്‍ക്കിടയില്‍ അദ്ദേഹം എങ്ങനെ പിടിച്ചുനില്ക്കുമെന്ന് എനിക്ക് മനസ്സിലായില്ല. ഇതെല്ലാം ഓര്‍ത്തപ്പോള്‍, അച്ഛന്റെ മഹത്തായ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും കണക്കിലെടുത്ത്, അദ്ദേഹത്തെ ഡാര്‍ലിങ്ടണ്‍ഹാളിലേക്ക് കൊണ്ടുവരികയാണ് ന്യായ മായ പരിഹാരം എന്നെനിക്കു തോന്നി….
Comments are closed.