DCBOOKS
Malayalam News Literature Website

പാളിപ്പോയ ജാതിവർഗ്ഗ സമന്വയങ്ങൾ

ഡിസംബർ ലക്കം പച്ചക്കുതിരയിൽ

കെ എം സലീം കുമാർ

ഇന്ത്യയുടെ സമൂർത്തവും സവിശേഷവുമായ യാഥാർത്ഥ്യമാണ് ജാതി. വർഗവീക്ഷണത്തിൽനിന്ന് ജാതിയെ പ്രശ്‌നവത്കരിക്കാൻ ശ്രമിച്ചൊരു ദലിത് പ്രസ്ഥാനമെന്നതായിരുന്നു സീഡിയൻറെ പ്രത്യേകത. അതുതന്നെയാണ് സീഡിയന്റെ ചരിത്രപരമായ പ്രസക്തി. വർഗ്ഗത്തോടൊപ്പം സീഡിയൻ ജാതിയും അജണ്ടയാക്കി. ജാതി-വർഗ്ഗപ്രശ്‌നങ്ങൾ ചർച്ച ചെയ്‌തു. വർഗ്ഗത്തിലൂടെ ജാതിക്ക് പരിഹാരം തേടി. : 1970-80കളിൽ സജീവമായിരുന്ന കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങളിലൂടെ ഒരന്വേഷണം

സഖാവ് കെ.കെ.എസ്. ദാസ് 2024 ഏപ്രിൽ 25-ന് ഓർമ്മയായി. നക്‌സൽ ബാരിയിലെ വസന്തത്തിന്റെ ഇടിമുഴക്കം കേട്ടുണർന്ന കേരളത്തിലെ ദലിത് യൗവനത്തിൽ കെ.കെ.എസ്. ദാസും ഉണ്ടായിരുന്നു. നക്‌സൽ ബാരിയുടെ പശ്ചാത്തലത്തിൽ 1970-ൽ രൂപീകരിക്കപ്പെട്ട CPI (ML) മുന്നോട്ടുവച്ച കാർഷിക വിപ്ലവത്തിന്റെ വക്താവായിരുന്നു കെ.കെ.എസ്. ദാസ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായിരുന്നില്ലെങ്കിലും ദാസ് എന്നും മാർക്‌സിസം ലെനിനിസം മാവോ ചിന്ത ഉയർത്തിപ്പിടിച്ചു. തന്റെ വിപ്ലവസങ്കല്പങ്ങളോട് ഒത്തുപോകുന്നിടംവരെ ഡോ. ബി.ആർ. അംബേദ്‌കറെ അതിനുള്ളിലേക്ക് വ്യാഖ്യാനിച്ചു. ജീവിതാന്ത്യം വരെ ദാസ് ഒരു കമ്മ്യൂണിസ്റ്റായിരുന്നു.

വിവിധ ചിന്താധാരകളിലൂടെ കടന്നുവന്നവരാണ് ’70 കളിലേയും ’80 കളിലേയും ദലിത് നേതാക്കൾ. കെ.കെ.എസ്. ദാസും ഡോ. കെ. കെ. മന്മഥനും കെ.കെ. കൊച്ചും ഈ ലേഖകനുമെല്ലാം മാർക്‌സിസ്റ്റ് ചിന്താധാരയിലൂടെ കടന്നുവന്നവരാണ്. വർഗത്തോടൊപ്പം ജാതിയും പ്രശ്നവത്കരിക്കപ്പെട്ടപ്പോൾ ജാതിക്ക് നൽകേണ്ടിവന്ന പ്രാധാന്യമാണ് വേറിട്ടൊരു ചിന്തയിലേക്കും പ്രവർത്തനത്തിലേക്കും ഇവരെ നയിച്ചത്. അത്തരത്തിൽ മാർക്‌സിസ്റ്റ് ചിന്താധാരയിലൂടെ കടന്നുവന്ന വിദ്യാസമ്പന്നരായ ദലിത് യുവാക്കളുടെ മുൻകൈയിലാണ് 1970-കളുടെ തുടക്കത്തിൽ സീഡിയൻ സർവ്വീസ് സൊസൈറ്റി രൂപീകരിക്കപ്പെട്ടത്. രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ CPI (ML) ൻ്റെ മറ്റൊരു പതിപ്പായിരുന്ന സീഡിയൻ സംഘടനാനിർമ്മാണത്തിൻ്റെ കാര്യത്തിലും അവർ CPI (ML) ൻ്റെ കേഡർ സ്വഭാവം മാതൃകയാക്കി. പാർട്ടിലൈനും സായുധമാർഗ്ഗവും അംഗീകരിക്കുമ്പോഴും പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നത് കുടുംബത്തെയും പുതിയ തൊഴിൽ സാധ്യതകളെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താൽ നക്‌ ലൈറ്റ് പ്രസ്ഥാനത്തിൽ അംഗങ്ങളാ യി മാറാൻ കഴിയാതെപോയ ദലിത് യുവാക്കളുടെ സംഘടനയായിരുന്നു അത്. സീഡിയൻ രൂപീകരിക്കപ്പെട്ടതിനു പിന്നാലെ അതിന് നേത്യത്വം നൽകിയ സർക്കാർ ജീവനക്കാരല്ലാ ത്ത പലരും സർക്കാർ ജീവനക്കാരാ യി മാറുന്നതും റാഡിക്കൽ മാർക്‌സിസ്റ്റ് ചിന്ത കൈവിടാതെ തന്നെ പ്രായോഗിക ഇടപെടലുകളിൽനിന്ന് അകന്നുനില്ക്കുന്നതുമാണ് കണ്ടത്. ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും അതിൻ്റെ പ്രയോഗവും തമ്മിലുള്ള അന്തരം അവരെ പ്രതിസന്ധിയിലാക്കി. വാക്കും പ്രവൃത്തിയും രണ്ടായി. രാഷ്ട്രീയം വാക്കുകളിലൊതുങ്ങി.

കൃത്യമായ വിവരങ്ങൾ കിട്ടാതെ പോയതുകൊണ്ടാകാം വിവരശേഖരണത്തിന് ഏറെ സാധ്യതയുണ്ടായിരുന്നിട്ടും ഡോ. ഒ.കെ. സന്തോഷിന് 2024 മെയ് 13-ന് മാധ്യമം ആഴ്‌ചപ്പതി പ്പിൽ ഭാര്യാപിതാവുകൂടിയായ കെ. കെ.എസ്. ദാസിൻ്റെ ഓർമ്മക്കുറിപ്പെഴുതുമ്പോൾ സീഡിയൻ്റെ രൂപികരണത്തിന് നേതൃത്വം നൽകിയവരുടെ അപൂർണ്ണമായൊരു ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടിവരികയും 1975-ലാണ് സീഡിയൻ രൂപീകരിക്കപ്പെട്ടതെന്ന് തെറ്റായൊരു വിവരം നൽകേണ്ടിവരികയും ചെയ്‌തത്. ഇ.എം. കോശിയുടെ പത്രാധിപത്യത്തിൽ ’70-ലാണ് സീഡിയൻ വാരിക പ്രസിദ്ധീകരണം ആരംഭിച്ചതെന്നും ’71-ൽ സീഡിയൻ മാനിഫെസ്റ്റൊ തയ്യാറാക്കപ്പെട്ടുവെന്നും ദാസുതന്നെ പറയുന്നുണ്ട്. സന്തോഷിനെപ്പോലുള്ള അക്കാദമിഷൻമാർ നൽകുന്ന വിവരങ്ങളാണ് ഇത്തരം കാര്യങ്ങളിൽ ആധികാരികമായി മാറുവാൻ പോകുന്നത് എന്നതുകൊണ്ട് തെറ്റുകൾ സംഭവിക്കുവാൻ പാടില്ലാത്തതാണ്. എന്നാൽ ദലിത് പ്രവർത്തനരംഗത്ത് കണ്ടുവരുന്ന അനഭിലഷണീയമായ ഒരു പ്രവണതയാണിത്. സിഡിയൻ രൂപീകരണത്തിൽ പങ്കാളികളായവരുടെ ലിസ്റ്റിലും ഈ പോരായ്മ കാണാം. ഇ.എം. കോശി, കെ.കെ. എസ്. ദാസ്, ഡോ. കെ.കെ. മന്മഥൻ, എം.ജെ. പ്രസാദ്, കെ.കെ. ദിവാകരൻ, വി. പദ്‌മനാഭൻ, എസ്. രാജ പ്പൻ, കെ.കെ. ഗോപാലൻ എന്നിവ രിൽ ഡോ. കെ.കെ. മന്മഥനും എസ്. രാജപ്പനും ഈ പ്രക്രിയയിൽ പങ്കാളികളായിരുന്നില്ല.

പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബർ ലക്കം ലഭ്യമാണ്‌

Comments are closed.