മോശവും നല്ലതുമായ കാണികളല്ല ഉള്ളത് മറിച്ച് അവതരണങ്ങളാണ് – നസ്റുദീൻ ഷാ
നല്ല അവതരണത്തിലൂടെ മോശം കാണികളെ നല്ലവരാക്കാൻ സാധിക്കുമെന്ന് പാർവതി തിരുവോത്തുമായുള്ള ചർച്ചയിൽ നസ്റുദ്ദീൻ ഷാ.
കേരള സാഹിത്യോത്സവം എട്ടാമത് എഡിഷനിലെ ആദ്യദിനം വിജയകരമായി അവസാനിക്കുമ്പോൾ വേദി എഴുത്തോലയിൽ മാന്ത്രികനായകൻ നസ്റുദ്ദീൻ ഷായും മലയാളത്തിന്റെ പ്രിയനടി പാർവതി തിരുവോത്തും ‘ആൻ ആക്ടർ പ്രിപ്പേർസ് ആൻ ആക്ടർ റിഫ്ലക്ട്സ്’ എന്ന ചർച്ചയെ ഗംഭീരമാക്കി.
ഓരോ വേദികളും കാണികളും വ്യത്യസ്തമാണ്, നല്ലതും മോശവുമായ കാണികളല്ല ഉള്ളത്, മറിച്ച് അവതരണങ്ങളാണുള്ളതെന്ന് ബോളിവുഡ് നടൻ നസ്റുദ്ദീൻ ഷാ. നല്ല അവതരണത്തിലൂടെ മോശം കാണികളെ നല്ലവരാക്കാൻ സാധിക്കുമെന്നും പാർവതി തിരുവോത്തുമായുള്ള ചർച്ചയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ ലോകത്തോട് ചെയ്യുന്ന പ്രധാന ധർമ്മം ലോകത്തെ മാറ്റുക എന്നതല്ലെന്നും സിനിമയുടെ പ്രവർത്തനം, തന്നെ സംബന്ധിച്ചിടത്തോളം അതിൻ്റെ കാലത്തെ രേഖപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പാർവതി തിരുവോത്ത് ചർച്ചയെ ഫെമിനിസ്റ്റ് ആശയത്തിലേക്ക് നയിച്ചപ്പോൾ താൻ ഫെമിനിസത്തെക്കാൾ ‘ഹ്യുമാനിറ്റി’ക്കാണ് പ്രാധാന്യം നൽകുന്നതെന്നും നസ്റുദ്ദീൻ ഷാ അഭിപ്രായപ്പെട്ടു. സിനിമകളിൽനിന്ന് നാടകത്തിലെ സാഹിത്യം കൃത്യമായി ലഭിക്കില്ലെന്ന് പറഞ്ഞുകൊണ്ട് തിയറ്ററിനോടുള്ള അദ്ദേഹത്തിൻ്റെ താൽപര്യം വ്യക്തമാക്കി