സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരും സത്യൻ അന്തിക്കാടിന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986) എന്ന ചിത്രത്തിന് തിരക്കഥയും നാടോടിക്കാറ്റിന് (1987) കഥയുമെഴുതി. സിദ്ദിഖ്–ലാൽ സംവിധായക കൂട്ടുകെട്ടിലെ റാംജി റാവു സ്‌പീക്കിങ്, ഇൻഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയും ഹിറ്റായി. ഹിറ്റ്‌ലറിലൂടെ (1996) സ്വതന്ത്ര സംവിധായകനായി. തുടർന്ന് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്‌കർ ദി റാസ്‌കൽ, ഫുക്രി എന്നീ ചിത്രങ്ങൾ. ബിഗ്‌ബ്രദർ (2020) അവസാന സിനിമ.
മറുഭാഷാ ചിത്രങ്ങളിലും സംവിധാന മികവുകൊണ്ട് സിദ്ദിഖ് പ്രേക്ഷകമനസ്സ് കീഴടക്കി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ബോഡി ഗാർഡ് ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്‌തു. ഫ്രണ്ട്‌സിനും ക്രോണിക് ബാച്ചിലറിനും തമിഴ് പതിപ്പുകളുണ്ടായി. അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രമായ റാംജിറാവ് സ്‌പീക്കിങ് ‘ഫിർ ഹേരാഫേരി’ എന്ന പേരിൽ പ്രിയദർശൻ റീമേക്ക് ചെയ്‌തു.
Comments are closed.