ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങി
ചെന്നൈ: പ്രശസ്ത സംവിധായകനും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ (66) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നുള്ള ചികിത്സക്കിടെ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. ഭൗതികശരീരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത് എം.വേലുക്കുട്ടി-ഭാസമ്മ ദമ്പതികളുടെ മകനായി 1953-ലായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍നിന്നും ബിരുദം നേടി. എറണാകുളത്ത് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ പ്രവര്‍ത്തിക്കവേ അവിടെവെച്ചു പി.എ ബക്കറെ പരിചയപ്പെട്ടതാണ് ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ബക്കറിന്റെ സഹസംവിധായകനായാണ് സിനിമയിലെത്തിയത്. ഉണര്‍ത്തുപാട്ട് എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി. 1981-ല്‍ വേനല്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.
ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ദൈവത്തിന്റെ വികൃതികളും മഴയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. രാത്രിമഴയിലൂടെ 2006-ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയ-സംസ്ഥാന അവാര്‍ഡ് കമ്മിറ്റികളില്‍ നിരവധി തവണ ജൂറി അംഗമായിരുന്നു. ഭാര്യ ഡോ. രമണി, മക്കള്‍: ഡോ. പാര്‍വ്വതി, ഗൗതമന്‍.
ലെനിന്‍ രാജേന്ദ്രന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക മേഖലയിലെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.
Comments are closed.