‘ഡയാസ്പൊറ’ – ചരിത്രത്തിന്റെ സ്മാരകശില
പ്രദീപ് പനങ്ങാട് 'ഡയാസ്പൊറ'യെ വായിക്കുന്നു.
മലയാളത്തിലെ നോവൽകല പുതിയ അന്വേഷണ പഥങ്ങൾ തേടുന്ന കാലമാണിത്. ആഖ്യാനത്തിന്റെ അസാധാരണ അനുഭവങ്ങളും ഉള്ളടക്കത്തിന്റെ നവീന സാധ്യതകളും നിരന്തരം സൃഷ്ടിക്കുന്നു. സാധാരണ സംവേദന തലങ്ങളിൽ നിന്ന് മാറി, ഭാവുകത്വത്തിന്റെ സംക്രമണ സന്ദർഭങ്ങൾ രൂപപ്പെടുത്തുന്നു. സമകാല നോവലിസ്റ്റുകൾ കാലത്തെ ധീരമായി നേരിടുന്നു. സുരേഷ് കുമാർ.വി യുടെ ആദ്യ നോവലായ ‘ഡയാസ്പൊറ’ നവീന വായനാനുഭവത്തിന്റെ സാക്ഷ്യമാണ്.
മലയാള നോവൽ വായനയിലെ തീർത്തും അപരിചരിതമായ ഒരു ജീവിതഭൂമിക സൂക്ഷ്‌മമായും ആകർഷകമായും സുരേഷ് കുമാർ അവതരിപ്പിക്കുന്നു. അത് ഒരു സംസ്കാരത്തിന്റെയും ഭാഷയുടെയും ജീവിത രീതിയുടെയും കണ്ടെത്തൽ കൂടിയാണ്. ഒരു നോവലിന് വേറിട്ട ഒരു ചരിത്രത്തിന്റെ പ്രകാശന രേഖകൂടിയാവാമെന്ന് തെളിയിക്കുന്നു. കാലത്തേയും ചരിത്രത്തേയും അഗാധമായി ഉൾക്കൊളളുന്ന ഒരു എഴുത്തുകാരനു മാത്രം സാധ്യമാകുന്ന കലാതന്ത്രമാണിത്. ‘ഡയാസ്പൊറ‘ അതുകൊണ്ടാണ് സമകാലിക നോവൽ രചനയിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.
കേരളചരിത്രത്തിൽ ഒറ്റപ്പെട്ട ഒരു ജീവിത തുരുത്തായിനിന്ന ജൂത ജീവിതത്തിന്റെ വംശഗാഥയാണ് ‘ഡയാസ്പൊറ.’ സോളമൻ ഹലേഗ്വ എന്ന ജൂതനിലൂടെയാണ് കാലത്തിന്റെ നൊമ്പരങ്ങളും ചരിത്രത്തിന്റെ അനിവാര്യപരിണാമങ്ങളും സൃഷ്ടിക്കുന്നത്. സോളമൻ ഹലേഗ്വയുടെ മട്ടാഞ്ചേരിയിലെ അവസാന ദിനങ്ങളാണ് നോവലിന്റെ ജീവിത പരിസരം. ആഹ്ലാദകരമായ ജീവിതത്തിന്റ ഊഷ്മളതയിൽ നിന്ന്, നിതാന്ത സൗഹൃദത്തിന്റെ ആഘോഷ സന്ദർഭങ്ങിൽ നിന്ന്, കാലത്തിന്റെ ദിർഘമായ ജീവിത പ്രയാണത്തിൽനിന്ന്, പ്രതാപത്തിന്റെ വസന്ത ഭുമിയിൽനിന്ന് പടിയിറങ്ങേണ്ടിവരുന്ന ഒരു മനുഷ്യൻ നേരിടുന്ന മാനസികാഘാതത്തിന്റെ തീക്ഷ്ണ അനുഭവങ്ങളാണ് നോവലിന്റെ ആന്തരിക ജ്വാല. ജീവിച്ച കാലത്തിൽ നിന്ന് പെട്ടന്ന് നിഷ്കാസിതനാകുന്ന സോളമൻ ഹലേഗ്വയുടെ മാനസിക സഞ്ചാരങ്ങൾ സൂക്ഷ്മ രേഖകളായി സുരേഷ് കുമാർ വരച്ചിട്ടുണ്ട്.
കാലവും ചരിത്രവും, അനുഭവവും അനിവാര്യതയും, വ്യഥയും സന്ദിഗ്ദ്ധതയും ആഹ്ലാദവും വിഷാദവും കാമവും കാമനകളും എങ്ങനെ ഒരു ജിവിതത്തിലൂടെ കടന്നുപോകുന്നു എന്ന് സോളമൻ ഹലേഗ്വയിലൂടെ അനുഭവിക്കാം. സോളമന്റെ മനസ്സ് നിശബ്ദമായി എരിയുന്ന ഒരു നെരിപ്പോടാണ്. അതിനുള്ളിലെ തീഷ്ണമായ നീറ്റലുകൾ ഏകാകിയായിത്തന്നെ അനുഭവിക്കുന്നു. ലാസറിനും മാർത്തക്കും പൂച്ചകൾക്കും മാത്രം ആ സംഘർഷ ജീവിതത്തിന്റെ രക്തസാക്ഷ്യം കാണാനാവുന്നുള്ളൂ. ജ്വരബാധിതമായ വിധിയെ സോളമൻ ഏകാന്തമായി സ്വീകരിക്കുന്നു. വിങ്ങിപ്പൊട്ടലിന്റെ സന്ദർഭങ്ങളില്ല, വിലാപത്തിന്റെ ഘോഷയാത്രകളില്ല. എരിഞ്ഞടങ്ങുന്ന ജീവിതത്തിന്റെ പ്രകാശ ധൂളികൾ മാത്രമേ പ്രത്യക്ഷമാകുന്നുള്ളൂ.
സോളമൻ പടിയിറങ്ങാൻ വിധിക്കപ്പെട്ട ജൂതത്തെരുവിലെ ആ പ്രാചീന കെട്ടിടം ചരിത്രത്തിന്റെ സ്മാരകമാണ്. അതിനുള്ളിൽ സവിശേഷമായ ഒരു സംസ്കൃതിയുടെ മങ്ങിയ ചിത്രങ്ങൾ കോറിയിട്ടിട്ടുണ്ട്. വേരുകൾ നഷ്ടപ്പെടുന്ന വംശവൃക്ഷത്തിന്റെ ശിഖരങ്ങൾ ചിതലരിച്ചു കിടപ്പുണ്ട്. ഭൂതകാല സമ്പന്നതയുടെ ശിഥിലമായ വൈൻ ഭരണികൾ കിടപ്പുണ്ട്. ബന്ധങ്ങൾ ചേർത്തു നിർത്തിയ തീൻ മേശയുടെ അടയാളങ്ങൾ അവശേഷിക്കുന്നുണ്ട്. നോവൽ വായിച്ചു തീരുമ്പോൾ ആ ഇരുട്ടു പടരുന്ന ജീവിത വീഥികൾ മാത്രം അവശേഷിക്കും.
‘ഡയാസ്പൊറ’ ചരിത്രാഖ്യായികയുടെ നവീന മുഖമാണ്. ജീവിതവും ചരിത്രവും ഭാവനയും വിളക്കിച്ചേർത്തെടുക്കുന്നതിന്റെ രസതന്ത്രം സമർത്ഥമായി പ്രയോഗിച്ചിരിക്കുന്നു. നോവൽ കലയെ അതിന്റെ ജൈവ സാധ്യതകളിലേക്ക് ‘ഡയാസ്പൊറ’ നയിക്കുന്നു.
‘ഡയാസ്പൊറ’ വാങ്ങിക്കുവാനായി ക്ലിക്ക് ചെയ്യൂ…
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.