DCBOOKS
Malayalam News Literature Website

ദേവരാജന്‍ മാസ്റ്റര്‍ നവതിപുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്

ജി ദേവരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പിക്ക് സമ്മാനിച്ചു. ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്.കേരളവും മലയാളികളും ഉള്ളിടത്തോളം കാലം ദേവരാജ സംഗീതം സ്മരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്നെ ചലച്ചിത്ര രംഗത്ത് നിലനിര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ദേവരാജന്‍മാസ്റ്ററെന് ശ്രീകുമാരന്‍തമ്പി പറഞ്ഞു. ദേവരാജന്‍മാസ്റ്ററുമായി ചേര്‍ന്ന് 36 സിനിമകളിലായി 220 പാട്ടുകള്‍ക്ക് ജീവന്‍ നല്‍കി, അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം രചിക്കുന്നുണ്ടെന്നും അതിന് ‘അപസ്വരം അനശ്വരം’ എന്നാണ് പേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മേയര്‍ വി കെ പ്രശാന്ത് അധ്യക്ഷനായി. ഗായകന്‍ പി ജയചന്ദ്രന്‍, പൂവച്ചല്‍ ഖാദര്‍, പ്രഭാവര്‍മ്മ, പ്രമോദ് പയ്യന്നൂര്‍, കെ ചന്ദ്രിക, ഇ ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സതീഷ് രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പുരസ്‌കാരദാനത്തെത്തുടര്‍ന്ന് പി ജയചന്ദ്രന്റെ നേതൃത്വത്തില്‍ ദേവരാജ ഗാനാഞ്ജലിയും നടന്നു. ജിജോ പരവൂര്‍ എടുത്ത ദേവരാജന്‍ മാസ്റ്ററുടെ ഫോട്ടോകളുടെ പ്രദര്‍ശനവും ടാഗോര്‍ തിയറ്ററില്‍ നടന്നു.

Comments are closed.