‘ഡിറ്റക്റ്റീവ് പ്രഭാകരൻ’; കുടിലരായ മനുഷ്യരും യക്ഷിയും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകം
ജി.ആർ ഇന്ദുഗോപന്റെ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’ എന്ന പുസ്തകത്തിന് ഡോ ജീവൻ കെ വൈ എഴുതിയ വായനാനുഭവം (കടപ്പാട്- ഫേസ്ബുക്ക്)
ഇന്ദുഗോപന്റെ പ്രഭാകരൻ സീരിസിലെ നോവലുകളെക്കുറിച്ച് കേൾക്കാത്ത വായനാപ്രേമികൾ വിരളമായിരിക്കും. കാരണം, കുറേക്കാലമായി പുതിയ പതിപ്പുകൾ ഇറങ്ങാതെയിരുന്ന പുസ്തകങ്ങളാണിവ. ഇന്ദുഗോപന്റെ ഏതെങ്കിലും പുസ്തകങ്ങൾ വായിച്ചവർക്കറിയാം അദ്ദേഹത്തിന്റെ എഴുത്തിനു മാത്രമുള്ള ചില പ്രത്യേകതകൾ. ഒരിക്കൽ ഏതെങ്കിലുമൊരു പുസ്തകം വായിച്ചാൽ അദ്ദേഹത്തിന്റെ മറ്റ് കൃതികൾ നമ്മൾ തേടിപ്പിടിച്ച് വായിക്കും. ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ, രാത്രിയിലൊരു സൈക്കിൾവാല, ഒരു പ്രേതബാധിതന്റെ ആത്മകഥ, ഇന്നു രാത്രി ആരെന്റെ ചോരയിൽ ആറാടും?, രക്തനിറമുള്ള ഓറഞ്ച്, രണ്ടാം നിലയിലെ ഉടൽ എന്നിവയാണ് പ്രഭാകരൻ സീരീസിലെ കഥകൾ. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഇതേ പേരിൽ തന്നെ പുസ്തകം സിനിമയാക്കുകയാണെന്ന വാർത്ത ഏറെ സന്തോഷം നൽകുന്ന ഒന്നാണ്.
1. ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം
ഡിറ്റക്റ്റീവ് പ്രഭാകരൻ എന്ന പുസ്തകത്തിലെ ആദ്യകഥയാണിത്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലും പരിസരപ്രദേശങ്ങളിലുമായി അമൂല്യരത്നശേഖരമുണ്ട്. അത് ഖനനം ചെയ്തെടുക്കുന്നതിനായി ഒരുപാട് ആളുകൾ കാലാകാലങ്ങളായി ശ്രമിക്കുകയാണ്. ചിലർ രത്നം സ്വന്തമാക്കുകയും എന്നാൽ മറ്റുചിലർ അതിനുവേണ്ടി ആജീവനാനന്തം ശ്രമിച്ച് ജീവീതം ഹോമിക്കുകയും ചെയ്തവർ ഇക്കൂട്ടത്തിലുണ്ട്. ഈ രത്നഖനനം പശ്ചാത്തലമാക്കിക്കൊണ്ടാണ് ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം എന്ന നോവലെഴുതിയിരിക്കുന്നത്. 30 വർഷം മുമ്പ് ഡച്ച് ബംഗ്ലാവിൽ ഒരു കൊലപാതകം നടക്കുകയും വർഷങ്ങളായി പ്രേതഭവനമെന്നറിയപ്പെട്ട് അടഞ്ഞുകിടക്കുകയും ചെയ്തതിനു ശേഷം അവിടെ താമസത്തിനായി അന്ന് കൊല്ലപ്പെട്ട ഐ.ജി യുടെ അനന്തരവളും മകനും തിരിച്ചെത്തുന്നതോടുകൂടിയാണ് കഥയാരംഭിക്കുന്നത്. തുടർന്ന് ആ ബംഗ്ലാവിൽ നടക്കുന്ന സംഭവങ്ങൾക്കും ഐ.ജി യുടെ പ്രേതത്തെ കണ്ടുവെന്ന നാട്ടുകാരുടെയും പ്രസ്താവനകൾക്ക് ഒരുത്തരം കണ്ടെത്തുകയാണ് ഐ.ജി യുടെ പിൻതലമുറയിൽ പെട്ട അനന്തനും നാട്ടുകാരനായ പ്രഭാകരനും. നമ്മൾ കണ്ടുപരിചയിച്ച ഡിറ്റക്ടീവുകളിൽ നിന്നും വ്യത്യസ്തമായി മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷർട്ടും ചുണ്ടിൽ എരിയുന്ന ബീഡിയുമൊക്കെയായി സാധാരണക്കാരനാണ് ഇവിടെ പ്രഭാകരൻ. കഥയുടെ പേരുപോലെ തന്നെ ഡച്ച് ബംഗ്ലാവിലെ ഐ.ജി യുടെ പ്രേതത്തിനു പിന്നിലെ ദുരൂഹത പഞ്ചേന്ദ്രിയങ്ങൾ കൊണ്ടറിയുന്ന കാര്യങ്ങൾ സൂക്ഷമായി നിരീക്ഷിച്ചും അപഗ്രഥിച്ചും വിശകലനം നടത്തിയും അഴിക്കുകയാണ് ബുദ്ധിമാനായ പ്രഭാകരൻ. വായിച്ചുതുടങ്ങിയാൽ പൂർത്തീകരിക്കാതെ പുസ്തകം താഴെ വെക്കാൻ തോന്നിപ്പിക്കാത്ത വിധത്തിലുള്ള ഇന്ദുഗോപന്റെ എഴുത്തും ഭാഷയും എടുത്തുപറയേണ്ടതാണ്.
2. ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ
എസ്.ഐ അനന്തന്റെ സുഹൃത്തും ചെങ്ങന്നൂരിലെ എസ്.ഐ യുമായ ശ്യാമിന്റെ വീട്ടുപരിസരത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഊമയായ ഒരു പ്രതിയെ പിടിക്കുകയും ആ വ്യക്തിയുടെ പിന്നിലെ ദുരൂഹതകളും രഹസ്യങ്ങളും കണ്ടെത്തുന്നതിനായി ശ്യാമിന്റെ അടുത്തേക്ക് പ്രഭാകരനെ അനന്തൻ പറഞ്ഞയക്കുകയും തുടർന്ന് ഡച്ച് ബംഗ്ലാവിലെ കേസിനു സമാനമായ രീതിയിൽ പ്രഭാകരൻ ബുദ്ധിപരമായി ഈ കേസും പരിഹരിക്കുന്നതുമാണ് ഈ കഥയുടെ ഉള്ളടക്കം. ഡച്ച് ബംഗ്ലാവിനെ അപേക്ഷിച്ച് ഇതൊരു ചെറിയ കഥയാണെങ്കിലും വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ഇന്ദുഗോപൻ ടച്ച് ഇവിടെയും ആവർത്തിക്കപ്പെടുകയാണ്.
3. രാത്രിയിലൊരു സൈക്കിൾവാല
പ്രഭാകരൻ സീരീസിലെ മൂന്നാമത്തെ കഥയാണ് രാത്രിയിലൊരു സൈക്കിൾവാല. സി.ഐ യായി പ്രമോഷൻ ലഭിച്ചതിനു ശേഷം അനന്തന് നേരിടേണ്ടി വന്ന വളരെ വ്യത്യസ്തമായ ഒരു കേസാണ് ഈ കഥയിലുള്ളത്. ഒരു കടൽത്തീരത്ത് ആഴമുള്ള വലിയ കുഴികൾ പ്രത്യക്ഷപ്പെട്ടതിന്റെ പിന്നിലെ ചുരുളഴിക്കുകയാണ് ഇവിടെ പ്രഭാകരൻ. കുഴികൾ പ്രത്യക്ഷപ്പെടുന്നയിടത്ത് പട്ടികളുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ടെങ്കിലും കുഴികൾക്കെല്ലാം ഒരേ വലിപ്പവും ആഴവുമാണ്. അങ്ങനെയിരിക്കെയാണ് സദിത എന്നൊരു സ്ത്രീ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. ആ വ്യക്തിയെ അന്വേഷിച്ച് പ്രഭാകരൻ രാജസ്ഥാനിലേക്ക് പോകുകയും ഒരേ സമയം കടൽത്തീരത്തെ കുഴികളുടെയും സജിതയുടെ ഭർത്താവിന്റെ തിരോത്ഥാനത്തിന്റെയും നിഗൂഢതകൾ പ്രഭാകരൻ അനായാസമായി അഴിക്കുന്നു.
4. ഒരു പ്രേതബാധിതന്റെആത്മകഥ
പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രഭാകരന് ഈ കഥയിൽ ദൗത്യം കുറവാണ്. അനന്തനെയും കുടുംബത്തെയും കാണാൻ പോവുമ്പോൾ പ്രഭാകരൻ കൂടെക്കൂട്ടുന്ന ഹരി എന്നയാൾ പറയുന്ന വളരെ വ്യത്യസ്തമായ ഒരു അനുഭവത്തിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. പല മനുഷ്യരുടെയും ശരീരത്തിലേക്ക് പ്രേതങ്ങൾ ബാധയായി കയറുന്നതും വിട്ടുപോകുന്നതും അതിനെയെല്ലാം നിയന്ത്രിക്കുന്ന ചില സ്വാമിമാരും ഹരിയുടെ ജീവീതവും എല്ലാം നിറഞ്ഞതാണ് ഈ കഥ. ചിലയിടങ്ങളിലൊക്കെ തമിഴ് സിനിമ ആയ “ആയിരത്തിൽ ഒരുവൻ” ഓർമ വന്നു. പൂർണമായും ഒരു അപസർപ്പക കഥയല്ലെങ്കിലും നല്ലൊരു വായനാനുഭവം ആയിരുന്നു.
5. ഇന്ന് രാത്രി ആരെന്റെ ചോരയിൽ ആറാടും ?
ഈ പുസ്തകത്തിൽ മുൻപ് പറഞ്ഞുപോയ “ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ” എന്ന കഥയുടെ തുടർച്ചയെന്ന് വിശേഷിപ്പിക്കാവുന്ന കഥയാണ് ഈ കഥ. ആ കേസിൽ അറസ്സിലായ പ്രതി ഒരു ദിവസം പ്രഭാകരനെ കാണണമെന്നാവശ്യപ്പെടുകയും അയാൾ ഒരിക്കൽ പരോളിലിറങ്ങിയപ്പോൾ സ്വന്തം വീട്ടിൽ അയാൾക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിതവും ഭയാനകവുമായ ഒരനുഭവത്തിന്റെ പിറകിലെ ചുരുളഴിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഈ ആവശ്യത്തിനുവേണ്ടി പ്രഭാകരൻ രാത്രികളിൽ ആ വീട്ടിൽ താമസമാക്കുകയും രഹസ്യം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നതുമാണ് കഥയുടെ ഇതിവൃത്തം.
6. രക്തനിറമുള്ള ഓറഞ്ച്
പ്രഭാകരൻ സീരീസിലെ ആറാമത്തെ കഥയായ രക്തനിറമുള്ള ഓറഞ്ചിലേക്ക് വന്നാൽ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഓറഞ്ച് കച്ചവടമാണ് ഈ കഥയുടെ പ്രധാനതന്തു. മിതിലാജ് എന്ന് പേരുള്ള, സമൂഹത്തിന്റെ പല തട്ടുകളിലുമുള്ള ആളുകളുമായും ബന്ധമുള്ള ഒരു മനുഷ്യൻ ഒരു കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യുന്നു. ആ കത്തിലെ ഉള്ളടക്കമാണ് ഇവിടെ വ്യത്യസ്തമാകുന്നത്. ഒരു നിധി കണ്ടെത്തുന്നതിനുള്ള വഴി ആ കത്തിൽ എഴുതിവെച്ച് മറ്റൊരാളെ വിളിച്ച് അത് വന്ന് വായിച്ച് നോക്കണമെന്ന് മിതിലാജ് ആവശ്യപ്പടുന്നു. ഈ കത്തിലെ വ്യത്യസ്തത നിലനിൽക്കെ അനന്തന്റെ സഹപ്രവർത്തകരായ പോലീസുകാരിലൊരാൾ നാഗ്പൂരിൽ നിന്നും വാങ്ങിയതാണെന്ന് പറഞ്ഞ് ജൈവഓറഞ്ച് എല്ലാവരുമായും പങ്ക് വെക്കുന്നു. അതിന്റെ കൂടെ ലഭിച്ച പേപ്പറിലുണ്ടായിരുന്ന ഫോൺ നമ്പർ ആത്മഹത്യ ചെയ്ത മിതിലാജിന്റേതാണെന്ന് കണ്ടെത്തുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. പിന്നീട് പ്രഭാകരൻ അതിന്റെ പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിനായി നാഗ്പൂരിലേക്ക് പോകുകയും രഹസ്യങ്ങൾ വിദഗ്ദ്ധമായി കണ്ടെത്തുകയും ചെയ്യുന്നു. പെട്ടെന്ന് പണമുണ്ടാക്കുന്നതിനായി ഉള്ള ചിലരുടെ ശ്രമങ്ങളും നേരായ മാർഗത്തിലൂടെയല്ലാതെ പണം സമ്പാദിച്ച ചിലർക്കുണ്ടാവുന്ന പ്രത്യാഖാതങ്ങളും നല്ലൊരു സന്ദേശവും എല്ലാമായി നല്ലൊരു വായനാനുഭവമാണ് ഈ കഥ.
7. രണ്ടാം നിലയിലെ ഉടൽ
പ്രഭാകരൻ സീരീസിലെ അവസാനത്തെ കഥയാണ് രണ്ടാം നിലയിലെ ഉടൽ. പ്രഭാകരൻ കുറ്റാന്വേഷണത്തിന്റെ പാതയിൽ വന്ന് 25 വർഷം തികഞ്ഞതിന്റെ ചെറിയൊരു ആഘോഷവേളയിൽ സുഹൃത്തായ ഒരു പത്രപ്രവർത്തകൻ ഇതുവരെ നടന്നതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതും പ്രഭാകരന്റെ നിഗമനത്തെയും ബുദ്ധിയെയും വെട്ടിച്ച് മുന്നേറിയ ഒരു കുറ്റവാളി ആരെന്നന്വേഷിക്കുന്നു. അതിന്റെ കഥയാണ് ഈ കഥ. തലയില്ലാത്തൊരു വിചിത്രജീവിയെ ഒരു സഥലത്ത് കാണപ്പെട്ടതിനെക്കുറിച്ച് വന്ന പത്രവാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാനായി പ്രഭാകരൻ ആ നാട്ടിൽ പോവുകയും അതിന് പിന്നിലെ രഹസ്യം കണ്ടെത്തുകയും ചെയ്യുന്നു. കൂടുതൽ പറഞ്ഞാൽ കഥയുടെ രസച്ചരട് പോകുമെന്നതുകൊണ്ടും ഉള്ളടക്കം എന്റെ എഴുത്തിൽ എവിടെയെങ്കിലും വന്നുപോകുമോ എന്നുള്ള ഭയം കൊണ്ടും കൂടുതൽ പറയുന്നില്ല. വായിച്ചു തന്നെ അറിയുക.
ഏഴ് കഥകളുള്ള ഈ പുസ്തകത്തിലെ ഓരോ കഥയും വായിച്ചുകഴിയുമ്പോൾ അപ്പപ്പോൾ തന്നെ കുറിപ്പെഴുതിയിരുന്നത് കൊണ്ട് വായിച്ചവസാനിപ്പിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എനിക്ക് വേണ്ടി വന്നു. കുടിലരായ മനുഷ്യരും യക്ഷിയും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകം ഒരിക്കലും നിരാശപ്പെടുത്തില്ല. വായിച്ചു തന്നെ അറിയുക.
Comments are closed.