DCBOOKS
Malayalam News Literature Website

ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

 

മലയാളത്തിലെ പ്രമുഖ ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ്(80) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മകനും വന്യജീവി ട്രാവല്‍ ഫോട്ടോഗ്രാഫറുമായിരുന്ന മകന്‍ സലിം പുഷ്പനാഥ് മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് പുഷ്പനാഥിന്റെ മരണം. മറിയാമ്മയാണ് ഭാര്യ. സലീം പുഷ്പനാഥ് ഉള്‍പ്പടെ മൂന്നു മക്കളുണ്ട്.

അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് അദ്ദേഹം മലയാള സാഹിത്യലോകത്തെ ജനപ്രിയനായി മാറിയത്. സ്വകാര്യ കുറ്റാന്വേഷകരായ ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിക്റ്റീവ് പുഷ്പരാജ് എന്നിവരെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് കോട്ടയം പുഷ്പനാഥിന്റെ നോവലുകളില്‍ ഭൂരിഭാഗവും. ഏറെക്കാലം വാരികകളിലൂടെയും പുസ്തകങ്ങളിലൂടെയും മലയാളികളെ ഹരം കൊള്ളിച്ച കഥാപാത്രങ്ങളാണിവ. മുന്നൂറോളം നോവലുകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. സ്‌കൂളില്‍ ചരിത്രാധ്യാപകനായിരുന്ന പുഷ്പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്പനാഥ് അധ്യാപക വൃത്തി ഉപേക്ഷിച്ചാണ് പൂര്‍ണമായും എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞത്.

1967 ല്‍ കല്ലാര്‍കുട്ടി സ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യന്‍ എന്ന ശാസ്ത്ര ഡിറ്റക്ടീവ് നോവലാണ് ആദ്യകൃതി. സംസ്ഥാനത്തെ എല്ലാ പ്രമുഖ ആഴ്ചപ്പതിപ്പുകളിലും തുടര്‍നോവലുകളെഴുതിയിട്ടുണ്ട്. മുട്ടത്തുവര്‍ക്കി, കാനം ഇ.ജെ. ഫിലിപ്പ്, ചെമ്പില്‍ ജോണ്‍ തുടങ്ങിയവരായിരുന്നു സമകാലികര്‍.

കര്‍ദ്ദിനാളിന്റെ മരണം,നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്‌കോട്ടിലെ നിധി, ലണ്ടന്‍കൊട്ടരത്തിലെ രഹസ്യങ്ങള്‍, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്, ടൊര്‍ണാഡോ, ദി മര്‍ഡര്‍, ഡ്രാക്കുള കോട്ട, ഗന്ധര്‍വ്വയാമം, ഡെവിള്‍സ് കോര്‍ണര്‍, ദേവയക്ഷി, പാരലല്‍ റോഡ്, ലെവല്‍ക്രോസ്, തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകള്‍. അദ്ദേഹത്തിന്റെ കൃതികള്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നിവ സിനിമകളായിട്ടുണ്ട്.

ഡിക്റ്റീവ്, മാന്ത്രിക നോവല്‍ സാഹിത്യ ശാഖയില്‍ മലയാളത്തില്‍ പകരം വെയ്ക്കാനില്ലാത്ത പേരിനുടമയാണ കോട്ടയം പുഷ്പനാഥ്.

 

Comments are closed.