DCBOOKS
Malayalam News Literature Website

നെടുമാരന്റെ പുസ്തകങ്ങള്‍ നശിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് ഈഴത്തെ കുറിച്ച് തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്‍ എഴുതിയ എല്ലാ പുസ്തകങ്ങളും നശിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ‘തമിഴ് ഈഴം ശിവക്കിറത്’ എന്ന തലക്കെട്ടിലെഴുതിയ പുസ്തകങ്ങള്‍ നശിപ്പിക്കാനാണ് ഉത്തരവ്.

തമിഴ് ഈഴത്തെ പിന്തുണച്ച് പുസ്തകങ്ങള്‍ രചിച്ചതിന് നെടുമാരനെ 2002-ല്‍ അറസ്റ്റ് ചെയ്തിരുന്നു. പുറംരാജ്യങ്ങളിലേക്ക് അയയ്ക്കാനായി സൂക്ഷിച്ചിരുന്ന പുസ്തകത്തിന്റെ 1709 കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 2006-ല്‍ കേസ് പിന്‍വലിച്ചു.

പിടിച്ചെടുത്ത പുസ്തകങ്ങള്‍ തിരികെ ലഭിക്കാന്‍വേണ്ടി നെടുമാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ അടുത്തിടെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ബുധനാഴ്ച കേസില്‍ വാദം കേട്ടപ്പോഴാണ് തമിഴ് ഈഴത്തെക്കുറിച്ച് എഴുതിയ പുസ്തകങ്ങള്‍ നശിപ്പിക്കാന്‍ ജസ്റ്റിസ് എം.വി മുരളീധരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേസ് പിന്‍വലിച്ച സ്ഥിതിയ്ക്ക് പുസ്തകങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് അയയ്‌ക്കേണ്ടതുണ്ടെന്ന് നെടുമാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

നെടുമാരന്റെ പുസ്തകത്തില്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചും പരാമര്‍ശമുണ്ടെന്നും ഇത് പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട കോടതി നെടുമാരന്റെ ഹര്‍ജി തള്ളുകയും പുസ്തകങ്ങള്‍ നശിപ്പിയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Comments are closed.