ഇരുമ്പാണികളുടെ മുറി: സന്തോഷ് ഏച്ചിക്കാനം
ഏറ്റവും പുതിയ കഥാസമാഹാം ‘ദേശീയമൃഗ’ ത്തെക്കുറിച്ച് സന്തോഷ് ഏച്ചിക്കാനം
എഴുത്ത് ഒരൊഴിയാബാധയാണെന്ന് എനിക്ക് മനസ്സിലായത് ആ മുറിയിലിരുന്ന് കഥ എഴുതാൻ തുടങ്ങിയപ്പോഴാണ്. പക്ഷേ, ചിന്തകളിലതിനെ ഒരു രഹസ്യകാമുകിയെപ്പോലെ കൊണ്ടുനടക്കാൻ ഓരോ രചയിതാവും ഇഷ്ടപ്പെടുന്നു. ആ നിഗൂഢതയിൽനിന്ന് ആ ബാധ ഒഴിഞ്ഞുപോയാൽ പിന്നെ അവൻ തികച്ചും ശൂന്യനാണ്.
ഇതിനുമുമ്പ് ഞാൻ ഇത്രയും സന്തോഷിച്ചിട്ടുള്ളത് വോട്ടവകാശം ലഭിച്ചപ്പോഴാണ്. നാലുകെട്ടിന്റെ താഴത്തെ നിലയിലെ കൂറ്റൻ മരവാതിൽ വലിയ ശബ്ദത്തോടെ എനിക്കു മുന്നിൽ തുറന്ന് നരച്ച ഇരുട്ടിലേക്ക് വിരൽ ചൂണ്ടി അച്ഛൻ പറഞ്ഞു:
“ഇനിമുതൽ ഇതാണ് നിന്റെ മുറി.” കാലെടുത്തുവെച്ചതും മരണത്തിന്റെ തണുപ്പ് എന്റെ ഉള്ളംകാലിലേക്ക് ഇഴഞ്ഞുവന്നു. അതുവരെ മച്ചിൽ തൂങ്ങിക്കിടന്ന ഏകാന്തമായ ഒരാത്മാവ് ജീവന്റെ ഗന്ധം സഹിക്കാനാവാതെ ചിറകടിച്ചുകൊണ്ട് പുറത്തേക്കു പോയി.
നാല് ജനാലകളിൽ ഒന്നിന്റെ കൊളുത്തെടുത്തതും അതുവഴി വന്ന പകൽ വെളിച്ചം ചിത്രങ്ങൾ കൊത്തിയ വീട്ടിത്തൂണിൽ വീണു തിളങ്ങി.
തറയിൽ വവ്വാലിന്റെ മൂത്രത്തിനുമേൽ കാഷ്‌ഠത്തിന്റെ കറുത്ത ഗോതമ്പുമണികൾ.
അതുവരെ ഉണ്ടായിരുന്ന വീടും സ്ഥലവുമെല്ലാം നഷ്ടപ്പെട്ട് കേറി ക്കിടക്കാൻ ഒരിടം ഇല്ലാതായപ്പോൾ അച്ഛൻ പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ ഉള്ള സാധനങ്ങളെല്ലാം ഒരു ലോറിയിൽ കേറ്റി അതിനൊപ്പം കുടുംബത്തെയും കെട്ടിവെച്ച് തറവാട്ടിലേക്ക് പോന്നതാണ്.
വടക്കിനിമുറിയിൽ തെയ്യങ്ങളുണ്ടായിരുന്നതുകൊണ്ട് മാസക്കൂലിക്ക് നാട്ടുകാരിയായ ഒരു സ്ത്രീ, ദിവസവും അടിച്ചു തളിച്ച് വിളക്കു വെക്കുമെന്നല്ലാതെ അവിടെ കുറേ വർഷങ്ങളായി ആൾത്താമസം ഉണ്ടായിരുന്നില്ല. കുമ്മായവും മണലും ചേർത്തു മിനുക്കിയെടുത്ത മുറിയുടെ ചുമരുകൾ നിറയെ ആണിയടിച്ചു കയറ്റിയിരിക്കുന്നതു കണ്ട് ഞാൻ തെല്ല് സങ്കോചത്തോടെ നിന്നു.
അതിൽ തന്നെ പലയിടത്തും മഹാന്മാരായ ആളുകളുടെ പുസ്തകത്തിൽനിന്ന് എടുത്ത പ്രശസ്‌തമായ ഉദ്ധരണികൾ പെൻസിൽകൊണ്ട് കോറിയിട്ടിരുന്നു.
ഇത് മരിച്ചുപോയ മാധവമ്മാവന്റെ മുറിയാണെന്ന് അമ്മയാണ് പറഞ്ഞു തന്നത്.
മാധവൻ നായർ അച്ഛന്റെ അമ്മാവനാണ്. തറവാട്ടിൽ കുറേ വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം.
അഞ്ചേക്കർ പറമ്പിൽ ഇപ്പോൾ കാണുന്ന തെങ്ങും കവുങ്ങും മരങ്ങളുമെല്ലാം അദ്ദേഹം സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയതാണ്.
മാധവമ്മാവൻറെ മക്കളിൽ ഡോക്ടർമാർവരെയുണ്ട്. ഭാര്യ മക്കളുടെകൂടെ കുറച്ച് ദൂരെയായിരുന്നു.
ഭർത്താവിനെ അവർ ഉപേക്ഷിച്ചതല്ല. തറവാട് വിട്ട് എങ്ങോട്ടും എവിടേക്കും വരില്ലെന്ന് അച്ഛൻ കട്ടായം പറഞ്ഞപ്പോൾ മക്കൾ അമ്മയെയുംകൂട്ടി ടൗണിൽ ഒരു വീട്ടിലേക്ക് മാറിയതാണ്. പോരാത്തതിന് മാധവമ്മാവന് തലയ്ക്ക് ഇത്തിരി സുഖമില്ലെന്ന സംസാരവും നാട്ടിലുണ്ട്.
അല്ലെങ്കിൽ പിന്നെ മഠപ്പുരയ്ക്കു താഴെയുള്ള കുളത്തിലെ മീനുകൾക്ക് ദിവസവും ഇഡ്ഡലിയും ദോശയും ഉണ്ടാക്കിക്കൊടുക്കുമോ?
തൊടിയിലെ പൂമ്പാറ്റകളോട് വർത്തമാനം പറയുമോ?
വായിച്ചുകഴിഞ്ഞ വലിയ ഗ്രന്ഥങ്ങൾ തന്നെ പിന്നെയും പിന്നെയും വായിക്കുമോ?
കാഞ്ഞങ്ങാട്ടുനിന്നും കിലോക്കണക്കിന് ആണികൾ വാങ്ങിക്കൊണ്ടുവന്ന് ചുമരിൽ അടിച്ചുകേറ്റുമോ? അവ ഓരോന്നിനും താഴെ ബുദ്ധന്റെ സൂക്തങ്ങളും ഭഗവദ്ഗീതയും എഴുതി വയ്ക്കുമോ?
ചോറ്റാനിക്കര അമ്പലത്തിലെ ആൽ മരത്തിൽ ആണിയടിച്ച് പ്രേതങ്ങളെ തൂക്കിയിടുന്നതുപോലെ ആരെ കൊളുത്തിയിടാനാണാവോ മാധവമ്മവൻ ഇതൊക്കെ അടിച്ചു കേറ്റിയേക്കുന്നത്.
ചിലപ്പോൾ അദ്ദേഹം സ്വയം നടത്തിയ പ്രേതോച്ചാടനങ്ങൾ തന്നെയായിരിക്കാം. ചങ്ങലപൊട്ടിച്ച ഭ്രാന്തൻ ചിന്തകൾ മനസ്സിൽ മുടിയഴിച്ചാടിയപ്പോൾ അവയെ സ്വയം തറച്ച് തളർത്തിയിട്ടതാവാം.
എഴുതാൻ കഴിവില്ലാത്ത എഴുത്തുകാർ എത്രപേർ ഈ ലോകത്തുണ്ടാവും? അവരിൽ ഒരാളായിരുന്നോ മാധവമ്മാവൻ? മത്സ്യങ്ങളുടെ വിശപ്പറിയുന്നവൻ. ശലഭങ്ങളുടെ ഭാഷയറിയുന്നവൻ. മാധവമ്മാവന്റെ കടലാസാണ് ഈ ചുമരുകൾ എന്നെനിക്കു തോന്നി. ആണികൾ അക്ഷരങ്ങളും. എഴുത്ത് ഒരൊഴിയാബാധയാണെന്ന് എനിക്ക് മനസ്സിലായത് ആ മുറിയിലിരുന്ന് കഥ എഴുതാൻ തുടങ്ങിയപ്പോഴാണ്.
പക്ഷേ, ചിന്തകളിലതിനെ ഒരു രഹസ്യകാമുകിയെപ്പോലെ കൊണ്ടുനടക്കാൻ ഓരോ രചയിതാവും ഇഷ്ടപ്പെടുന്നു. ആ നിഗൂഢതയിൽനിന്ന് ആ ബാധ ഒഴിഞ്ഞുപോയാൽ പിന്നെ അവൻ തികച്ചും ശൂന്യനാണ്. ആ ഭ്രാന്താണവനെ ഓരോ തവണ യും മരണത്തിൽനിന്നും വീണ്ടെടുക്കുന്നത്. ആ വെളുത്ത ഭിത്തിയിലെ ഓരോ ആണിയും ഒരോ കഥകളായിരിക്കാം.
പതുക്കെ ഞാനതിൽനിന്നും ഓരോന്നായി ഊരിയെടുക്കാൻ തുടങ്ങി. അപ്പോഴൊക്കെ മാംസം വിറപ്പി ക്കുന്ന ആക്രന്ദനങ്ങളോടെ ഓരോ ബാധയും എന്റെ നേരേ പാഞ്ഞുവന്നു. ഞാനവരെ വാക്കുകൾകൊണ്ട് തളച്ചു കൊണ്ടിരുന്നു.
അവിടന്നങ്ങോട്ട് നീണ്ട പതിനഞ്ചു വർഷം ഞാനാ കഥകളുടെ മുറിയിൽ കിടന്നു. ‘ഒറ്റവാതിൽ’, ‘ഉഭയജീവിതം’, ‘ഉടലുകൾ വിഭവസമൃദ്ധിയിൽ’, ‘ഒരുപിടി ഗോതമ്പ്’ അങ്ങനെ ആദ്യകാലത്തെ എല്ലാ കഥകളും ഞാൻ എഴുതി യത് ആ മുറിയുടെ നരച്ച ഇരുട്ടിനു മേൽ കത്തിച്ചുവെച്ച മണ്ണെണ്ണവിളക്കിനു കീഴിൽ ഇരുന്നുകൊണ്ടാണ്. എന്റെ ആദ്യത്തെ എഴുത്തുമുറി. എല്ലാവരും ഉറങ്ങുമ്പോൾ ആ മുറി കണ്ണടയ്ക്കാതെ എനിക്ക് കൂട്ടിരുന്നു.
എന്റെ കഥാപാത്രങ്ങൾക്ക് പായ വിരിച്ചുകൊടുത്തു. അതിനകത്ത് ഒരു ചെറിയ കട്ടിലും കസേരയും മുകളിൽ നീണ്ട മരപ്പലകയിട്ട ഒരു ബെഞ്ചും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതിലാണ് രണ്ട് നിരകളിലായി ഞാൻ എന്റെ പുസ്‌തകങ്ങൾ അടുക്കിവെച്ചിരുന്നത്. പിന്നീട് നക്ഷത്രഹോട്ടലുകളിലും തെരുവിലും തീവണ്ടിയിലും കാട്ടിലും ഇരുന്ന് ഞാനെഴുതിയിട്ടുണ്ട്. പക്ഷേ, ഈ മുറി ഒരിക്കലും എനിക്ക് മറക്കാൻ പറ്റില്ല. ഉള്ളംകൈയ്ക്ക് ഇന്നും അതിന്റെ ജനൽക്കമ്പികളുടെ തണുപ്പും തുരുമ്പിന്റെ മണവുമുണ്ട്.
പ്രിയ വായനക്കാരേ, പൂക്കളുടെ സുഗന്ധമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എങ്കിൽ ക്ഷമിക്കുക. നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ തുരുമ്പു മണക്കുന്ന ജീവിതം മാത്രമേയുള്ളൂ..
Comments are closed.