സച്ചിദാനന്ദനും എസ് ഹരീഷിനും അശോകന്‍ ചരുവിലിനും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ക്ക് അംഗീകാരം
2019ലെ ദേശാഭിമാനി സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതയ്ക്ക് കെ സച്ചിദാനന്ദനും (പക്ഷികൾ എന്റെ പിറകേ വരുന്നു) നോവലിന് എസ് ഹരീഷിനും (മീശ) കഥയ്ക്ക് അശോകൻ ചരുവിലിനുമാണ് (അശോകൻ ചരുവിലിന്റെ കഥകൾ) പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. 2020ൽ കോവിഡിനെ തുടർന്നാണ് പ്രഖ്യാപനം നീട്ടിവച്ചത്.
‘പക്ഷികൾ എന്റെ പിറകേ വരുന്നു‘, ‘മീശ‘ എന്നീ പുസ്തകങ്ങൾ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജഡ്ജിങ് കമ്മിറ്റിയംഗങ്ങൾ: ഇ പി രാജഗോപാലൻ, ഡോ. കെ പി മോഹനൻ, സി പി അബൂബക്കർ (കവിത). എം മുകുന്ദൻ, വൈശാഖൻ, പി കെ ഹരികുമാർ (കഥ). ടി ഡി രാമകൃഷ്ണൻ, എൻ ശശിധരൻ, ഡോ. മ്യൂസ് മേരി ജോർജ് (നോവൽ).
ദേശാഭിമാനിയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ പത്തിന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ഒരു ഇരുണ്ട കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കവിതകളാണ് സച്ചിദാനന്ദന്റെ ‘പക്ഷികള്‍ എന്റെ പിറകേ വരുന്നു’ എന്ന സമാഹാരത്തിലുള്ളത്. ഈ കവിതകളില്‍ ജീവിതവും മരണവും പ്രതിരോധവും പ്രത്യാശയും ജ്വലിച്ചുയരുന്നു.
അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരവും (2020) ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിനെ തേടിയെത്തി. ഏറ്റവുമൊടുവില്‍ 46-ാമത് വയലാര്‍ അവാര്‍ഡും ‘മീശ’ സ്വന്തമാക്കി.
Comments are closed.