ദേശാഭിമാനി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു
2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ ‘ഞാനും ബുദ്ധനും‘ ലഭിച്ചു. പി രാമന്‍ എഴുതിയ ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്’ എന്ന കൃതിയ്ക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡും അംബികാ സുതന്‍ മാങ്ങാട് എഴുതിയ ‘എന്റെ പ്രിയപ്പെട്ട കഥകള്‍‘ക്ക് ചെറുകഥാ സമാഹാരത്തിനുള്ള അവാര്‍ഡും ലഭിച്ചു.
കെ പി രാമനുണ്ണി, വി ആര്‍ സുധീഷ്, പി കെ ഹരികുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ചെറുകഥാ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഡോ. കെ പി മോഹനന്‍, പി പി രാമചന്ദ്രന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി കവിതാ അവാര്‍ഡും യു കെ കുമാരന്‍, എന്‍ ശശിധരന്‍, സി പി അബൂബക്കര്‍ എന്നിവടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി നോവല്‍ അവാര്‍ഡും നിര്‍ണ്ണയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് ‘ഞാനും ബുദ്ധനും‘ എന്നാണ് കമ്മിറ്റി വിലയിരുത്തിയത്. ബുദ്ധനെക്കുറിച്ചുവന്ന എണ്ണമറ്റ ആഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഉറ്റവരും ഉടയവരുമടങ്ങിയ പുറംലോകത്തെ ബുദ്ധന്‍ എങ്ങനെയാണ് പരിഗണിച്ചത് എന്നു പരിശോധിക്കുകയാണ് രാജേന്ദ്രന്‍ എടത്തുംകര തന്റെ നോവലിലൂടെ. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്‌സാണ്.
ആധുനിക സംസ്‌കൃതിയുടെ സങ്കീര്‍ണ്ണതകളും നാടിന്റെ ചൂടും ചൂരും ഇടകലര്‍ന്നു പ്രവഹിക്കുന്നതാണ് അംബികാ സുതന്‍ മാങ്ങാടിന്റെ കഥകള്‍. ഇവയില്‍ സൂക്ഷ്മമായ രാഷ്ട്രീയ വിവേകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും കമ്മിറ്റി വിലയിരുത്തി. എന്റെ പ്രിയപ്പെട്ടകഥകള്‍–അംബികാസുതന്‍ മാങ്ങാട് എന്ന പേരില്‍ ഡി സി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്.
ചിരപരിചിതമായ കാവ്യാനുശീലത്തെ വെല്ലുവിളിക്കുന്ന അപൂര്‍വ വാങ്മയങ്ങള്‍ നിറഞ്ഞതാണ് പി രാമന്റെ കവിതകളെന്ന് കവിതാ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. ആലപ്പുഴയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും.
Comments are closed.