രണ്‍വീര്‍-ദീപിക വിവാഹം നവംബറില്‍; വിവാഹതീയതി പുറത്തുവിട്ട് താരജോടികള്‍
ബോളിവുഡ് താരജോടികളായ രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം നവംബര്‍ 14,15 തീയതികളില്‍. ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് വിവാഹതീയതി ആരാധകരെ അറിയിച്ചത്. വിവാഹ ക്ഷണക്കത്തും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ എവിടെ വെച്ചാണ് വിവാഹം നടക്കുക എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നവംബറില്‍ ഇറ്റലിയില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂലൈയില്‍ വിവാഹിതരാകാനാണ് തീരുമാനിച്ചതെങ്കിലും ഇരുവരുടേയും ഷൂട്ടിംഗ് തിരക്കുകള്‍ മൂലം വിവാഹം നവംബറിലേക്ക് നീട്ടിവെക്കുകയായിരുന്നു. മുംബൈയിലോ, വിരാട് കൊഹ്‌ലി-അനുഷ്‌ക ശര്‍മ്മ വിവാഹം നടന്ന ഇറ്റലിയിലെ മിലാനിലുള്ള ആഡംബര ഹോട്ടലില്‍ വെച്ചോ ആകാം വിവാഹമെന്നാണ് സൂചനകള്‍.
— Deepika Padukone (@deepikapadukone) October 21, 2018
2013-ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. പലപ്പോഴും ഇരുവരും ഒന്നിച്ച് പല ചടങ്ങുകള്‍ക്കും എത്തിയിരുന്നു. എങ്കിലും ഇരുവരും പ്രണയത്തിലാണന്ന് തുറന്ന് പറഞ്ഞിരുന്നില്ല. 2016-ലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും വെളിപ്പെടുത്തിയത്. ബാജിറാവു മസ്താനി, അടുത്തിടെ പുറത്തിറങ്ങിയ പത്മാവത് എന്നീ രണ്ട് ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Comments are closed.