വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം
പ്രസിദ്ധ മലയാള സാഹിത്യകാരന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1911 മെയ് 11ന് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. 1966ല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്.
1931 മുതല്‍ പത്തു വര്‍ഷത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്ന വൈലോപ്പിള്ളി 1968-71 കാലയളവില്‍ കേരള സാഹിത്യ അക്കാദമി അംഗവുമായിരുന്നു. 1947ല്‍ ആദ്യ കവിതാ സമാഹാരമായ ‘കന്നിക്കൊയ്ത്ത്’ പ്രസിദ്ധീകരിച്ചു. ശ്രീരേഖ, കുടിയൊഴിയല്‍, ഓണപ്പാട്ടുകാര്‍, വിത്തും കൈക്കോട്ടും, കടല്‍ക്കാക്കകള്‍, കയ്പ്പവല്ലരി, വിട, മകരക്കൊയ്ത്ത്, പച്ചക്കുതിര, കുന്നിമണികള്‍, മിന്നാമിന്നി, കുരുവികള്‍, വൈലോപ്പിള്ളിക്കവിതകള്‍, മുകുളമാല, കൃഷ്ണമൃഗങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന കവിതാ സമാഹാരങ്ങള്‍.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ആശാന്‍ പ്രൈസ്, വയലാര്‍ പുരസ്‌കാരം, സാഹിത്യനിപുണന്‍ ബഹുമതി, മദ്രാസ് ഗവണ്മെന്റ് അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു പുരസ്‌കാരം, എം. പി പോള്‍ പുരസ്‌കാരം, കല്യാണീ കൃഷ്ണമേനോന്‍ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1985 ഡിസംബര്‍ 22ന് അദ്ദേഹം അന്തരിച്ചു.
Comments are closed.