പാലാ നാരായണന്‍ നായരുടെ ജന്മവാര്‍ഷിക ദിനം
പ്രസിദ്ധ കവി പാലാ നാരായണന്‍ നായര്‍ 1911 ഡിസംബര്‍ 11ന് കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കുടിപ്പള്ളിക്കൂടം അധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി.എം. സ്‌കൂള്‍, സെന്റ് തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഉപരി പഠനം നേടി.
അധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943ല്‍ രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കെടുത്ത ശേഷം തിരിച്ചെത്തി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് എം.എ റാങ്കോടെ പാസായി. 1957ല്‍ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായി. 1959ല്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തി പഴയ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തു. 1965ല്‍ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.
കവിയുടെ 17-ാം വയസ്സില്‍ പ്രസിദ്ധീകരിച്ച ആ നിഴല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ച കവിത. 1935ല്‍ ആദ്യസമാഹാരം ‘പൂക്കള്‍’ പുറത്തിറങ്ങി. തരംഗമാല, അമൃതകല, അന്ത്യപൂജ, ആലിപ്പഴം, എനിക്കുദാഹിക്കുന്നു, മലനാട്, പാലാഴി, വിളക്കുകൊളുത്തൂ, സുന്ദരകാണ്ഡം, ശ്രാവണഗീതം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴന്‍ സ്മാരക പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, കാളിദാസ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2008 ജൂണ്‍ 11ന് അന്തരിച്ചു.
Comments are closed.