DCBOOKS
Malayalam News Literature Website

ഒരു മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ വൈവിധ്യപൂർണ്ണമായ ചിത്രം അവതരിപ്പിക്കുന്ന രതിയുടെ ക്ലാസിക് ‘ഡെക്കാമറൺ കഥകൾ ‘

നവോത്ഥാനകാലഘട്ടം നമുക്ക് നൽകിയ മഹത്തായ രണ്ട് സംഭാവനകളാണ് നവോത്ഥാന സാഹിത്യവും ഗോഥിക് സംസ്‌കാരവും. ലോകപ്രശസ്തരായ സാഹിത്യകാരൻമാരുടെ നീണ്ടനിരതന്നെ ആ കാലഘട്ടത്തിൽ ഉദയംചെയ്തു. മാനവികതയും, താത്വകവുമായ അവലോകനങ്ങൾകൊണ്ട് വായനക്കാരുടെ മസ്തിഷ്‌കത്തിൽ വിസ്‌ഫോടനൾ സൃഷ്ടിച്ച ഈ സാഹിത്യശാഖയുടെ അമരക്കാരായിരുന്നു വില്യം ക്ഷേസ്പിയറും, ഫിലിപ് സിഡ്‌നിയും, ജിയോവന്യാ ബൊക്കാഷ്യയോയുമെല്ലാം.

പതിനാലാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ബ്ലാക്‌ഡെത്ത് എന്ന പേരിൽ പടർന്നു പിടിച്ച പ്ലേഗ് മരണം മാത്രമായിരുന്നില്ല ലോകത്തിനു സമ്മാനിച്ചത്. പകരം ഡെക്കാമറൺ കഥകൾ എന്ന ലോകപ്രശ്‌സതമായ ഒരു സാഹിത്യ സൃഷ്ടിക്കും അന്നത്തെ പ്ലേഗ് കാരണഹേതുവായി.

പ്ലേഗ് താണ്ടവമാടുന്ന ഇറ്റലി നഗരത്തിൽ ഒരു മുറിയിൽ 7 യുവതികളും 3 യുവാക്കളും അഭയം തേടുന്നു. പ്ലേഗിനെക്കുറിച്ചുള്ള ചിന്തകൾ ഒഴിവാക്കാനായി അവർ ഓരോരുത്തരും കഥപറയാൻ തുടങ്ങുന്നു. വളരെ സരസമായ കഥയിൽനിന്നു തുടങ്ങി പിന്നീട് സെക്‌സിലേക്കും അവിടെനിന്ന് വിരഹത്തിലേയ്ക്കും കടക്കുന്ന 100 കഥകൾ വായിച്ചുതീരുമ്പോഴേയ്ക്കും നമ്മൾ ആ പുസ്തകത്തിന് അടിമയായിട്ടുണ്ടാകും.

ഒരു ഇറോട്ടിക് ക്ലാസിക് എന്ന് ലോകം മുഴുവനും വാഴ്ത്തുമ്പോഴും, അവയിലെ സെക്‌സിനെ വായനക്കാരിലേയ്ക്ക് സന്നിവേശിപ്പിക്കാൻ എടുക്കുന്നതിന്റെ നൂറിരട്ടി അതിലെ വിരഹം നിങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങും.

Giovanni Boccaccio-Decameronരതി എന്നത് ഒരു സർഗ്ഗാത്മക ക്രിയയാണെന്നും അത് ഒളിച്ചുവെക്കപ്പെടേണ്ടതോ, അസഭ്യമോ അല്ലെന്നും പറയുന്നതിനോടൊപ്പം തന്നെ പതിനാലാം നൂറ്റാണ്ടിലെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മണ്ഡലത്തെക്കുറിച്ചുള്ള ഒരു അസുലഭ നിധിയാണ് ഈ പുസ്തകം. പച്ചയായ തുറന്നു പറച്ചിലുകൾ പലയിടത്തും കാണാമെങ്കിലും അതൊരിയ്ക്കലും അതിന്റെ നിലവാരത്തിൽനിന്നും അണുവിടപോലും വ്യതിചലിക്കുന്നില്ല, അതോടൊപ്പം ആക്ഷേപഹാസ്യവും ശുദ്ധഹാസ്യവും ഇടകലർന്ന വിശദീകരണങ്ങളും. അറബി സാഹിത്യത്തിലെ ഹോജയ്ക്കും, നമ്മുടെ ചിത്രകഥകളിലെ ശുപ്പാണ്ടിയ്ക്കുമെല്ലാം സമം നിൽക്കുന്ന കാലാന്തരിനോ കഥകൾ ഈ പുസ്തകത്തിന്റെ നട്ടെല്ലാണ്. അതോടൊപ്പം കാമുകന്റെ ഹൃദയം ഭക്ഷിക്കേണ്ടിവന്ന യുവതിയുടെ ഹൃദയവേദന നമ്മളെയും വിരഹത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിവിടും. ദൈവത്തെ എങ്ങിനെയാണ് പൂജിക്കേണ്ടത് എന്ന കഥ വായിച്ചാൽ ഒരാളും പിന്നീട് അത് ജീവിതത്തിൽ മറക്കില്ല എന്നു മാത്രമല്ല ഇപ്പോഴത്തെ വാട്‌സ്അപ്പ് കഥകൾ എന്ന് പറഞ്ഞു പുറത്തു വരുന്ന കഥകളുടെയെല്ലാം തലതൊട്ടപ്പൻ ആവുകയും ചെയ്യും.

എല്ലാംകൊണ്ടും തീർച്ചയായും നിങ്ങൾ ഒരിക്കലും മിസ്‌ചെയ്യരുതാത്ത പുസ്തകം. പുസ്തകത്തിന്റെ വലിപ്പം കാഴ്ചയ്ക്ക് മാത്രമേയുള്ളു. വായിച്ചു തുടങ്ങിയാൽ പിന്നെ ഇത്രവേഗം ഇത് കഴിഞ്ഞോ എന്നാലോചിച്ച് നിങ്ങൾ അത്ഭുതപ്പെടും. ജിയോവന്യോ ബൊക്കാഷ്യോ ഈ കൃതി എഴുതിയത് പുരുഷന്മാർക്കായിരുന്നില്ല. ഒഴിവുവേളകളിൽ സ്ത്രീകൾക്ക് വായിച്ച് ആനന്ദിക്കാൻ വേണ്ടിയുള്ളതായിരുന്നു ഡെക്കാമറൺ കഥകൾ.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് ;ഫേസ്ബുക്

Comments are closed.