‘എസ്.എഫ്.ഐ കരുതുന്നത്, അവരെന്തോ സമൂഹത്തിന് നല്ലത് ചെയ്തു എന്നാണ്; എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല.’എസ്. ഹരീഷ്
കക്ഷിരാഷ്ട്രീയത്തോട് തീരെ താത്പര്യമില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരന്‍ എസ്. ഹരീഷ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സത്യസന്ധനായ ഒരാളെപ്പോലും താന്‍ ഇതുവരെ കണ്ടിട്ടില്ല. കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ സുഹൃത്തുക്കളുണ്ടായിട്ടും ആ പ്രസ്ഥാനം തന്നെ സ്വാധീനിച്ചിട്ടില്ല. എസ്.എഫ്‌ഐ കരുതുന്നത് അവരെന്തോ സമൂഹത്തിന് നല്ലത് ചെയ്തു എന്നാണ്. എന്നാല്‍ തനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നും ചെഗുവേരയേയും ഫിദല്‍ കാസ്‌ട്രോയേയും തീരെ ഇഷ്ടമില്ലെന്നും അവര്‍ തികഞ്ഞ ഏകാധിപതികളാണെന്നും എസ്. ഹരീഷ് വ്യക്തമാക്കുന്നു.
ജൂലൈയില്‍ പുറത്തിറങ്ങിയ പുതിയ ലക്കം പച്ചക്കുതിരയിലാണ് എസ് ഹരീഷിന്റെ പ്രതികരണം. എസ് ഹരീഷും അയ്മനം ജോണും തമ്മില്‍ നടന്ന ചര്‍ച്ചക്കിടെയാണ് എസ് ഹരീഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചര്‍ച്ചയിലെ പ്രസക്തഭാഗങ്ങള്‍
“എസ് ഹരീഷ്: രാഷ്ട്രീയത്തില്‍ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ രാഷ്ട്രീയത്തിന്റെ മണ്ടത്തരത്തെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നു. ആ വഴിയേ പോകാറില്ല. ഇവിടെ സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരായി ആരാണുള്ളത്? ഞങ്ങളുടെ കവലയില്‍ ചെറുപ്പത്തില്‍ മിക്കവാറും രാഷ്ട്രീയ പ്രസംഗം കേള്‍ക്കാന്‍ ഞാന്‍ പോകുമായിരുന്നു. ഒരാള്‍ പോലും സത്യസന്ധമായി സംസാരിക്കുന്നതു കേട്ടിട്ടില്ല.എല്ലാവരും പ്രസംഗത്തിന്റെ തുടക്കത്തില്‍ സഖാക്കളേ, സുഹൃത്തുക്കളേ എന്ന് പറഞ്ഞ് മുഖമൊന്നു തുടയ്ക്കും. അപ്പോള്‍ മുഖംമൂടിയിടുന്നതു പോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്. കോളെജിലെ എസ്.എഫ്.ഐ. സുഹൃത്തുക്കള്‍ തന്നെ സ്വാധീനിച്ചിട്ടില്ല. ഇപ്പോള്‍ പഴയ എസ്.എഫ്.ഐ.ക്കാര്‍ നൊസ്റ്റാള്‍ജിക് ആയി പഴയ എസ്.എഫ് ആയിരുന്നു നല്ലത് എന്നു പറയുന്നത് കേള്‍ക്കാം. ഇതിനേക്കാള്‍ മോശമായിരുന്നു അന്നത്തെ എസ്.എഫ്.ഐ. എന്നതാണ് സത്യം. എസ്.എഫ്.ഐ കരുതുന്നത് ഞങ്ങളെന്തോ സമൂഹത്തിന് നല്ലത് ചെയ്തു എന്നാണ്. എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല.
അയ്മനം ജോണ്‍: രാഷ്ട്രീയത്തെ മണ്ടത്തരമായി കാണാനേ പറ്റില്ല. അത് നമുക്ക് കാണാതിരിക്കാനോ ഇല്ലാതാക്കാനോ പറ്റാത്ത ഒരു സംഗതിയാണ്. യോജിപ്പിനോടും വിയോജിപ്പിനോടും കൂടി ഒരു നിരീക്ഷകനായി മാറി നില്ക്കുന്നതാണ് എന്റെ രീതി. ഒരിക്കലും തള്ളിപ്പറയാവുന്ന സംഗതിയല്ല രാഷ്ട്രീയം. സൂക്ഷ്മരാഷ്ട്രീയം എന്നൊരു മണ്ഡലത്തില്‍ നാം ഇപ്പോള്‍ എത്തിയിട്ടുണ്ടല്ലോ.
എസ്. ഹരീഷ്: കക്ഷിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സത്യസന്ധനായ ഒരാളെപ്പോലും ഞാന്‍ കണ്ടിട്ടില്ല. സൂക്ഷ്മരാഷ്ട്രീയം എന്ന് പറയുന്നവരുണ്ട്. കെ. വേണു സത്യസന്ധമായി സംസാരിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് വിജയിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. പക്ഷെ പറയുന്നതിന് വ്യക്തത ഉണ്ട്. എം.എ ജോണിലും അത്തരം സത്യസന്ധത ഉണ്ടായിരുന്നു, പക്ഷെ അവരൊന്നും ആയില്ല.
ഞാന്‍ ചെഗുവേരയെ ഇഷ്ടപ്പെടുന്ന ഒരാളല്ല, എനിക്ക് ചെഗുവേരയില്‍ താത്പര്യം തോന്നിയിട്ടില്ല. അതൊരു പാപമായിട്ടും എനിക്ക് തോന്നിയിട്ടില്ല. ചെഗുവേരയെക്കുറിച്ച് യോസയുടെ മകന്‍ എഴുതിയിട്ടുള്ള ഒരു പുസ്തകമുണ്ട്. അതില്‍ പറയുന്നത്, ചെഗുവേര തികഞ്ഞ ഒരു ഏകാധിപതി ആയിരുന്നു എന്നാണ്. ഈശോയുടേതു പോലെ ഒരു മുഖം ചെഗുവേരയ്ക്കുണ്ട്. കാല്പനികത നിറഞ്ഞ ഒരു പശ്ചാത്തലമുണ്ട്. ഫിദല്‍ കാസ്‌ട്രോയേയും ഒട്ടും ഇഷ്ടമല്ല, തികഞ്ഞ ഏകാധിപതിയാണ് ഫിദല്‍.
ഒരുപക്ഷെ, കേരളത്തില്‍ നല്ല വായനക്കാരായി ഉള്ളത് സിപിഎം അനുഭാവികളാണ്. നല്ല സഹൃദയരാണ് പലരും. എന്നാല്‍ ഒരു പ്രസ്ഥാനം എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകാധിപത്യപ്രവര്‍ത്തനങ്ങളോട് തനിക്ക് വിയോജിപ്പുണ്ട്. യൂറോപ്യന്‍ ജനാധിപത്യമാണ് ഭേദപ്പെട്ടത് എന്ന് കരുതുന്നു. അത് തുറന്നു പറയുന്നതില്‍ നാണക്കേടും വിചാരിക്കുന്നില്ല.”
Comments are closed.