മരണം എന്ന ചങ്ങാതി
ജനുവരി ലക്കം പച്ചക്കുതിരയിൽ
വര: സുധീഷ് പൂക്കോം
മരണം എന്നത് ഒരു ശാശ്വതപ്രമേയമാണ്. ഞെട്ടിപ്പിക്കുന്ന മരണമുണ്ട്. ശാന്തമായ മരണമുണ്ട്. വാര്‍ദ്ധക്യത്തിലെത്തിയവരുടെ സ്വാഭാവികമരണമാണ് മറ്റൊന്ന് ഇന്നല്ലെങ്കില്‍ നാളെ അതു സംഭവിക്കുമെന്ന് നമുക്കറിയാം. അയാളുടെ മരണത്തിനുവേണ്ടി നമ്മള്‍ കാത്തിരിക്കുന്നു. ഇതൊന്നും നടുക്കുന്ന മരണമല്ല. ഋതുഭേദങ്ങള്‍പോലെ ജീവിതത്തില്‍ വന്നെത്തുന്ന സാധാരണകാര്യം മാത്രമാണത്. വസന്തം വരുന്നു, ഗ്രീഷ്മം വരുന്നു, വര്‍ഷം വരുന്നു. അതുപോലെ മരണവും വരുന്നു.
ഏതൊരു കഥയും പൂര്‍ണ്ണമായി പറഞ്ഞുകഴിഞ്ഞാല്‍ മരണത്തിലാണ് അവസാനിക്കുക; മരണത്തെ മാറ്റിനിര്‍ത്തി കഥപറയുന്ന ആള്‍
കാഥികനുമല്ല, എന്ന് ഹെമിങ്‌വേയുടെ ഒരു വാചകമുണ്ട്. “ഡെത്ത് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍’ എന്ന കൃതിയിലെ ആ വാചകം ഇതിനുമുന്‍പും ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഏതു കഥയും ഒരു ഘട്ടത്തിലെത്തുമ്പോള്‍ നമ്മള്‍ നിര്‍ത്തുന്നു. പിന്നെയും തുടര്‍ന്നുപോയാല്‍ അത് മരണത്തിലേ അവസാനിക്കൂ. പഴയകാലത്തെ നമ്മുടെ കഥാസങ്കേതം “എന്നിട്ട് അവര്‍ സുഖമായി ജീവിച്ചു.’ എന്നവസാനിക്കുകയാണ് പതിവ്. സുഖമായി ജീവിച്ചിട്ട് പിന്നെയും അതു തുടര്‍ന്നുകൊണ്ടുപോവുകയാണെങ്കില്‍ ആരെങ്കിലും ഒരാള്‍ മരിക്കും. പിന്നെയൊരിക്കല്‍ മറ്റേയാളും മരിക്കുന്നു. മരണം എന്നത് ഒരു ശാശ്വതപ്രമേയമാണ്. ഞെട്ടിപ്പിക്കുന്ന മരണമുണ്ട്. ശാന്തമായ മരണമുണ്ട്. വാര്‍ദ്ധക്യത്തിലെത്തിയവരുടെ സ്വാഭാവികമരണമാണ് മറ്റൊന്ന്–ഇന്നല്ലെങ്കില്‍ നാളെ അതു സംഭവിക്കുമെന്ന് നമുക്കറിയാം. അയാളുടെ മരണത്തിനുവേണ്ടി നമ്മള്‍ കാത്തിരിക്കുന്നു. ഇതൊന്നും നടുക്കുന്ന മരണമല്ല. ഋതുഭേദങ്ങള്‍പോലെ ജീവിതത്തില്‍ വന്നെത്തുന്ന സാധാരണകാര്യം മാത്രമാണത്. വസന്തം വരുന്നു, ഗ്രീഷ്മം വരുന്നു, വര്‍ഷം വരുന്നു. അതുപോലെ മരണവും വരുന്നു.
മലയാളസാഹിത്യത്തില്‍ എന്നെ നടുക്കിയ ഒരു മരണരംഗമുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ “വേരുകള്‍’ എന്ന നോവലിലെ രഘുവിന്റെ മരണം. വിഷനായയുടെ കടിയേറ്റ് ഭ്രാന്തമായി മരിക്കുന്ന രംഗമാണ്. വായിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നെ വല്ലാതെ പിടിച്ചുലച്ചുകളഞ്ഞ മരണമാണത്. ഇത്തരം അവസ്ഥകള്‍ ചിലപ്പോള്‍ ഞെട്ടിച്ചുകളയും. മറ്റുള്ള മരണങ്ങള്‍ പൊതുവേ സ്വാഭാവിക പ്രതികരണംമാത്രമേ ഉണ്ടാക്കുകയുള്ളൂ. ജീവിതത്തെ ഇട്ടുകളിക്കുന്ന കൂട്ടത്തിൽതന്നെ അതിന്റെ മറുവശത്ത് നമ്മള്‍ മരണവും ഇട്ടുകളിക്കുന്നുണ്ട്.
“മരണം’ എന്ന പേരില്‍ ഒരു ചെറുകഥ ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍ ഒരു ചെറുപ്പക്കാരനുണ്ട്. ഏതോ ഒരാള്‍. അയാള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ദിവസങ്ങള്‍ വ്യര്‍ഥമായി അങ്ങനെ പോവുകയാണ്. ഒരു ദിവസം അയാള്‍ റെയില്‍പാളത്തിലൂടെ നടന്നുപോവുന്നു. അപ്പോള്‍ പാളത്തിനപ്പുറത്ത് വെളിച്ചവും ചെറിയൊരു ആള്‍ക്കൂട്ടവും കാണുന്നു. മരണവീടാണ്. അവിടെ വേണ്ടത്ര ശ്രമക്കാരോ ഒന്നും ഇല്ല. മരിച്ചത് സ്ത്രീയാണ്. ഭര്‍ത്താവിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ അതിനടുത്ത് ഇരിക്കുന്നുണ്ട്. അയാള്‍ ആരെയോ കാത്തിരിക്കുകയാണ്. ഈ അവസ്ഥയില്‍ ഒന്നു പങ്കാളിയാവണമെന്ന് ചെറുപ്പക്കാരനുതോന്നി. ഏതെങ്കിലും ഒരു കാര്യത്തില്‍ പങ്കാളിയാവുക. അപ്പോള്‍ ആ ദിവസത്തെ ജീവിതത്തിനെങ്കിലും ഒരര്‍ത്ഥമുണ്ടാവുന്നു. അത്തരമൊരു മാനസികാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അയാള്‍ക്കു തൊട്ടടുത്ത് റെയില്‍പാളത്തിലൂടെ തീവണ്ടി കടന്നുപോവുന്നത്. കരി ങ്കല്‍ക്കെട്ടിനെ കിടിലംകൊള്ളിച്ചുകൊണ്ട് വണ്ടി കടന്നുപോവുമ്പോള്‍ പേടിപ്പെടുത്തുന്ന ഒരാകര്‍ഷണം അയാള്‍ക്കനുഭവപ്പെടുന്നു. വണ്ടിച്ചക്രങ്ങള്‍ തൊടാവുന്ന ദൂരത്തില്‍ അലറിക്കൊണ്ട് കടന്നുപോവു ന്നുണ്ട്. നിമിഷങ്ങള്‍മാത്രം നിറഞ്ഞുനിന്ന നിഗൂഢമായ ഒരാഹ്ലാദം അയാള്‍ അപ്പോള്‍ അനുഭവിക്കുന്നു. ഇരമ്പിക്കൊണ്ടുവരുന്ന ഒരു വണ്ടി അടുത്തെത്തുമ്പോള്‍ വളരെ ഏകാകിയായ ഒരാള്‍ക്ക്, എല്ലാം ഒന്നവസാനിപ്പിച്ചാലോ എന്ന് ഒന്നു രണ്ടു നിമിഷനേരത്തെക്കെങ്കിലും തോന്നിപ്പോകാം.
മരണം’ എന്ന കഥയ്ക്കകത്തെ സംഭവങ്ങള്‍ എന്റെ വ്യക്തിപരമായ അനുഭവംതന്നെയാണ്. വളരെ വര്‍ഷംമുമ്പുണ്ടായ കാര്യമാണ്. അന്ന് ഞാന്‍ അവിവാഹിതന്‍. ചെറിയൊരു ജോലിയില്‍ പ്രവേശിച്ചിട്ടേയുള്ളൂ. കോഴിക്കോട്ട് ആനി ഹാള്‍ റോഡിലെ ഒരു ലോഡ്ജ്മുറിയാണ് താമസം. വൈകുന്നേരമായാല്‍ വെറുതേയങ്ങനെ നടക്കാനിറങ്ങും. അങ്ങനെയൊരു ദിവസം നടന്ന് പന്നിയങ്കരഭാഗത്തെത്തി. ഒരു വീട്ടില്‍ വെളിച്ചവും ചെറിയൊരു ആള്‍ക്കൂട്ടവും കണ്ടു. മരണ മാണെന്ന് മനസ്സിലായി. അതിന്റേതായ ബഹളമൊന്നും അവിടെയില്ല. സഹായത്തിന് അവശ്യം വേണ്ട ആള്‍ക്കാരൊന്നുമില്ല. വെറുതേയവിടെ കയറിച്ചെന്നു. ആരും ശ്രദ്ധിക്കുന്നില്ല. പിന്നെ ക്രമത്തില്‍ ഞാന്‍ അവിടത്തെ ഒരു ശ്രമക്കാരനായി മാറുകയായിരുന്നു.
പൂര്‍ണ്ണരൂപം 2025 ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
എം.ടിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്