പറയാതെ നീ പോയതറിയാതെ കേഴുന്നൂ ശരപഞ്ജരത്തിലെ പക്ഷി…
ആരെയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ…
മലയാള ഗാനങ്ങളും സിനിമകളും മനസില്‍ നിന്ന് മറഞ്ഞുപോയാലും ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ ചില ഗാനങ്ങള്‍ ഉയരങ്ങളിലൂടെ പലനാടുകള്‍ തേടി ഒരു കിന്നാരം മൂളി നമ്മുടെ ഉള്ളിലേക്ക് കടന്നുവരും. മലയാളികള്‍ നെഞ്ചോടുചേര്‍ത്തു വയ്ക്കുന്ന എത്രയെത്ര സിനിമാപാട്ടുകളാണ് ഒ.എന്‍.വി കുറുപ്പ് സമ്മാനിച്ചിട്ടുള്ളത്. പ്രണയത്തിനും വിരഹത്തിനും പല ഭാവങ്ങള്‍ ചാലിച്ച് ഒ.എന്‍.വി കുറുപ്പ് എന്ന അതുല്യ പ്രതിഭ എഴുതിയ ഓരോ വരികളും മറക്കാതെ പാടാന്‍ കഴിയുന്നവരാണ് മലയാളികള്‍.
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് മുന്നില്‍ വന്ന ആലുവപ്പുഴയോരഴകുള്ള പെണ്ണിന്റെ ചിത്രം ചൈത്രം ചാലിച്ചു വരക്കാന്‍ പോലും നമ്മളില്‍ പലരും ചിലപ്പോള്‍ ഈ വരികള്‍ കടംമടുത്തിട്ടുണ്ടാകും. ഒരുകോടി ജന്മത്തിന്‍ സ്‌നേഹസാഫല്യം ഒരു മൃദു സ്പര്‍ശത്താല്‍ നേടിയിട്ടുണ്ടാകും. വയല്‍പ്പൂവുപോലെ കൊഴിഞ്ഞു പോയാലും കൂടെ വരാമോ എന്ന് നമ്മള്‍ പ്രണയാതുരമായ് കുറിച്ചിട്ടുണ്ടാകും. തീരത്തടിയുന്ന ശംഖില്‍ പേരു കോറി വരച്ച് പ്രണയനിമിഷങ്ങള്‍ അവിസ്മരണീയമാക്കിയിരിക്കും.
ഒരു പൂക്കിനാവായ് വന്നവള്‍ ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയതോര്‍ത്ത് കണ്ണീര്‍ ഒഴുക്കുമ്പോഴും ചില പാട്ടുകള്‍ നമുക്ക് കൂട്ടായി നിന്നിട്ടുണ്ടാകും. നിഴലുകള്‍ കളമെഴുതുന്ന നേരം മറ്റൊരു സന്ധ്യയായി നീ വന്നു എന്ന് പാടി വിരഹനിമിഷങ്ങളില്‍ പോലും പ്രതീക്ഷ നല്‍കി നാം വീണ്ടും സ്വപ്‌നം കണ്ടിട്ടുണ്ടാകും. മധുരിക്കും ഓര്‍മ്മകളുമായി ഇന്നും ജീവിക്കുന്നവരുണ്ടാകാം.
ഒ.എന്‍.വി കുറുപ്പ് എഴുതിയ പ്രണയഗാനങ്ങള്‍ കേട്ട് കോരിത്തരിച്ചിട്ടില്ലാത്ത യുവാക്കള്‍ ഉണ്ടാവില്ല. അത്രത്തോളം ആത്മസ്പര്‍ശമായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക്. ശരദിന്ദുമലര്‍ദീപനാളം നീട്ടി, ഒരു വട്ടംകൂടിയെന്‍ ഓര്‍മ്മകള്‍, ഒരു നറുപുഷ്പമായ്, പവിഴംപോല്‍ പവിഴാധരംപോല്‍, നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍, ാലിന്മേല്‍ പൂവും വാലിട്ടെഴുതിയ വേല്‍മുനക്കണ്ണുമായ്, കടലിന്നഗാധമാം നീലിമയില്‍, നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി, കുഞ്ഞിക്കിളിയേ കൂടെവിടേ, മഴവില്ലാടും മലയുടെ മുകളില്‍, ആലില മഞ്ചലില്‍ നീയാടുമ്പോള്‍, പാതിരാക്കിളി വരൂ പാല്‍ക്കടല്‍ക്കിളീ, തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍, കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ, പനിനീരു പെയ്യും നിലാവില്‍ പാരിജാതത്തിന്‍ ചോട്ടില്‍, പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതം പോലേ…. തുടങ്ങിയവ ഒ.എന്‍.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങളാണ്.
Comments are closed.