വയലാര്‍ രാമവര്‍മ്മ ചരമവാര്‍ഷികദിനം
കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയകവിയാണ് വയലാര്‍ രാമവര്‍മ. സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ മരണമില്ലാതെ നില്‍ക്കുന്നു. 1928 മാര്‍ച്ച് 25-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചു. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951-ല്‍ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി അല്‍പ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. 1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത. മൂന്നു ദശാബ്ദം മലയാള കാവ്യരംഗത്ത് പ്രവര്‍ത്തിച്ച വയലാര്‍ 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു.
കോവിലകങ്ങളില്‍ നിലനിന്ന ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്‌കൃതവിദ്യാഭ്യാസവും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാംതരംവരെയുള്ള പഠനവുമാണ് ഔപചാരിക വിദ്യാഭ്യാസം. 1946ല്‍ പുന്നപ്രവയലാര്‍ സമരം നടക്കുമ്പോള്‍ പതിനെട്ടു വയസ്സായിരുന്നു. പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്‌കാരത്തിന്റെ കേവല സൗന്ദര്യബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹികബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു ശുദ്ധീകരിച്ച കവിതകള്‍.
‘കൊന്തയും പൂണൂലും’ എന്ന സമാഹാരം വിപ്ലവകവിയായി വയലാറിനെ മാറ്റി. ഗാന്ധിഭക്തിയുടെ ‘പാദമുദ്ര’കളില്‍നിന്ന് വിപ്ലവാവേശത്തിന്റെ കനല്‍ക്കാടുകള്‍ ചികഞ്ഞ് സാമൂഹികനീതിക്കായി ആ തൂലിക ചലിക്കാന്‍തുടങ്ങിയത് ഇരുപത്തിരണ്ടു വയസ്സില്‍.
‘മതം മതംഹാ! നിങ്ങള്‍ക്കിനിയും കാട്ടാളത്തത്തിന്‍
മദാന്ധ വികൃതികള്‍ നിര്‍ത്തിത്തമ്മില്‍ പുണരാറായില്ലേ”?
‘ജീവിത ഗായകന്‍’ എന്ന കവിതയില്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ട പ്രമേയം അവതരിപ്പിച്ച് മതാന്ധതയുടെ നേര്‍ക്ക് ചലിപ്പിച്ച തൂലിക, കവിതകളിലുടനീളം മതസാഹോദര്യത്തിലൂന്നി മതചൂഷണത്തിനെ എതിര്‍ത്തുകൊണ്ടിരുന്നു.
ചങ്ങമ്പുഴയുടെ കളരിയില്‍ ചുവടുറപ്പിച്ച വയലാര്‍ കവിതകള്‍ സാമാന്യമായി വാചാലമായവയാണ്. 1950നും 1961നും ഇടയില്‍ നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം എന്നീ സമാഹാരങ്ങള്‍ക്കൊപ്പം ‘ആയിഷ’ ചെറുകഥാസമാഹാരവും പുരുഷാന്തരങ്ങളിലൂടെ യാത്രാവിവരണവും രചിച്ചു. മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭേദചിന്തകള്‍ക്കപ്പുറമുള്ള മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥതലങ്ങളിലേക്ക് സംവേദനം നടക്കുന്നവയാണ് ഒട്ടുമിക്ക കവിതകളും.
Comments are closed.