DCBOOKS
Malayalam News Literature Website

വള്ളത്തോളിന്റെ ചരമവാർഷികദിനം

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോള്‍ നാരായണമേനോന്‍. 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ച ഇദ്ദേഹം ആധുനിക മലയാള കവിത്രയത്തില്‍ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സര്‍ഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായി മാറി. തികഞ്ഞ മനുഷ്യസ്‌നേഹിയും, മതസൗഹാര്‍ദ്ദത്തിന്റെ വക്താവും ആയിരുന്നു വള്ളത്തോള്‍. മലയാളഭാഷയെ ലോകത്തിനു മുമ്പില്‍ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമായിരുന്നു.

സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍നിന്ന് തര്‍ക്കശാസ്ത്രം പഠിച്ചു. 1908ല്‍ ഒരുരോഗബാധയെതുടര്‍ന്ന് ബധിരനായി . ഇതേത്തുടര്‍ന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിച്ചത്. 1915ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെന്നൈ (1927), കല്‍ക്കത്ത (1928) സമ്മേളനങ്ങളില്‍ പങ്കെടുത്തു. 1922ല്‍ വെയില്‍സ് രാജകുമാരന്‍ നല്‍കിയ പട്ടും വളയും നിരസിക്കാനുള്ള ആര്‍ജവം വള്ളത്തോള്‍ കാട്ടി.

അച്ഛനും മകളും, അഭിവാദ്യം, എന്റെ ഗുരുനാഥന്‍, ഔഷധാഹരണം, കാവ്യാമൃതം, കൈരളീകടാക്ഷം, കൊച്ചുസീത, ദണ്ഡകാരണ്യം, ദിവാസ്വപ്‌നം, പത്മദളം, ബന്ധനസ്ഥനായ അനിരുദ്ധന്‍, ബാപ്പുജി, മഗ്ദലനമറിയം അഥവാ പശ്ചാത്താപം, വിഷുക്കണി,ശിഷ്യനും മകനും തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

വിവര്‍ത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവര്‍ത്തനം ചെയ്തു. 1958 മാര്‍ച്ച് 13ന് അദ്ദേഹം അന്തരിച്ചു.

Comments are closed.