DCBOOKS
Malayalam News Literature Website

വക്കം മജീദിന്റെ ചരമവാര്‍ഷികദിനം

Vakkom Majeed

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു അബ്ദുള്‍ മജീദ് എന്ന വക്കം മജീദ്. 1909 ഡിസംബര്‍ 20-ന് വക്കത്തായിരുന്നു ജനനം. മജീദിന്റെ മാതൃസഹോദരന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി കേരളത്തിലെ മുസ്‌ലീങ്ങള്‍ക്കിടയിലെ സാമൂഹികപരിഷ്‌കര്‍ത്താവും പത്രപ്രവര്‍ത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന മജീദ്, രാഷ്ട്രീയത്തിനു പുറമെ വോളിബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ കായിക വിനോദങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ശ്രീനാരായണഗുരുവിന്റെയും വക്കം മൗലവിയുടെയും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായാണ് മജീദ് പൊതുരംഗത്തേക്ക് വരുന്നത്. തിരുവിതാംകൂറില്‍ ദേശീയപ്രസ്ഥാനത്തിനു വേരുകളുണ്ടാകുമ്പോള്‍ വക്കം മജീദ് മുന്‍നിരയില്‍തന്നെയുണ്ടായിരുന്നു. ദേശീയസമരത്തിന്റെ നിര്‍ണ്ണായകഘട്ടങ്ങളില്‍ എല്ലാം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാന്‍ ഒരു മടിയുമില്ലായിരുന്നു. 1942-ല്‍ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുന്നതില്‍ ധൈര്യം കാണിച്ച തിരുവിതാംകൂറിലെ ചുരുക്കം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു മജീദ്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും മാസങ്ങളോളം ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1947-ല്‍ ‘സ്വതന്ത്ര തിരുവിതാംകൂര്‍’ എന്ന ആശയം ഉടലെടുത്തപ്പോള്‍ മജീദ് അതിനെ ശക്തമായി എതിര്‍ക്കുകയും, പിന്നീടു അതിനെതിരെ നടന്ന സമരത്തില്‍ പങ്കെടുക്കുകയും ഏറെക്കാലം ജയില്‍വാസമനുഭവിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948-ല്‍ അദ്ദേഹം തിരുകൊച്ചി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മജീദ് കടുത്ത ദേശീയവാദിയായിട്ടായിരുന്നു നിയമസഭയിലെത്തിയത്. 2000 ജൂലൈ 10 ന് തിരുവനന്തപുരത്തു വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Comments are closed.