വി.കെ കൃഷ്ണമേനോന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വി.കെ.കൃഷ്ണമേനോന്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍നിര്‍ത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദ്വിതീയന്‍ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ 1896 മെയ് മൂന്നാം തീയതിയായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോളെജില്‍ വെച്ച് അദ്ദേഹം ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും ആനി ബസന്റ് ആരംഭിച്ച ഹോംറൂള്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്, കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട എട്ട് മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്. ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ഈ സുദീര്‍ഘ പ്രസംഗം. നയതന്ത്രപ്രതിനിധി, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു എഴുത്തുകാരന്‍ കൂടിയായിരുന്നു കൃഷ്ണമേനോന്‍. പെന്‍ഗ്വിന്‍ ബുക്‌സിന്റെ ആദ്യകാല എഡിറ്റര്‍മാരിലൊരാള്‍ കൂടിയായിരുന്നു കൃഷ്ണമേനോന്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വിദേശരാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നതിനു കൃഷ്ണമേനോന്‍ വഹിച്ച പങ്ക് വലുതാണ്. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ലീഗ് ആരംഭിക്കുകയും, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പരമാവധി പിന്തുണ അവിടെ നിന്നും നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യന്‍ വിദേശനയങ്ങളുടെ ജിഹ്വയായി കൃഷ്ണമേനോന്‍ മാറി. ഐക്യരാഷ്ട്രസഭയിലേക്കും, അമേരിക്കയിലേക്കുമുള്ള ഇന്ത്യന്‍ നയതന്ത്രസംഘത്തെ നയിച്ചത് കൃഷ്ണമേനോനായിരുന്നു. തിരികെ ഇന്ത്യയില്‍ വന്ന കൃഷ്ണമേനോന്‍ സജീവരാഷ്ട്രീയത്തിലേക്കിറങ്ങുകയും, ലോക്‌സഭയിലേക്കും, രാജ്യസഭയിലേക്കും നിരവധിതവണ വിവിധ മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1974 ഒക്ടോബര്‍ ആറിന് അദ്ദേഹം അന്തരിച്ചു.
Comments are closed.