തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. ചലച്ചിത്രനടന്‍ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 47 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 700 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1973-ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മങ്ങാട്ട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1916 ഒക്ടോബര്‍ 16-ന് ഇപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ് സുകുമാരന്‍ നായര്‍ ജനിച്ചത്. പില്‍ക്കാലത്ത് ജന്മഗ്രാമത്തിന്റെ പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കവിതകളെഴുതുന്നതില്‍ അസാമാന്യകഴിവ് തെളിയിച്ചിരുന്നു. പില്‍ക്കാലത്ത് തിക്കുറിശ്ശി നാടകരചന തുടങ്ങി. ‘മരീചിക’, ‘കലാകാരന്‍’ എന്നീ പേരുകളില്‍ അദ്ദേഹം എഴുതിയ നാടകങ്ങള്‍ വന്‍ ജനപ്രീതി പിടിച്ചുപറ്റി. പിന്നീട് സ്ത്രീ, മായ, ശരിയോ തെറ്റോ എന്നിങ്ങനെ മൂന്ന് നാടകങ്ങള്‍ കൂടി അദ്ദേഹം രചിച്ചു. അതുവരെയുള്ള സംഗീതനാടകങ്ങള്‍ മാറ്റി റിയലിസ്റ്റിക് നാടകങ്ങള്‍ക്ക് ജനകീയമുഖം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധപുലര്‍ത്തി.
1950-ല്‍, മലയാളസിനിമ പിച്ചവച്ചുതുടങ്ങിയ കാലത്താണ് തിക്കുറിശ്ശി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ ‘സ്ത്രീ’ എന്ന നാടകത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഇത്. അദ്ദേഹം തന്നെ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അദ്ദേഹം നായകവേഷം കൈകാര്യം ചെയ്തു. അക്കാലത്ത് ഹിന്ദി, തമിഴ് ചലച്ചിത്രങ്ങള്‍ ജനകീയമായി നിലനിന്നിരുന്നതിനാല്‍ ചിത്രം പരാജയമായി. എന്നാല്‍, തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ജീവിതനൗകയിലൂടെ അദ്ദേഹം വെന്നിക്കൊടി പാറിച്ചു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായിരുന്നു ജീവിതനൗക. ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കരസ്ഥമാക്കി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേയ്ക്ക് ചിത്രം ഡബ്ബ് ചെയ്തു. അവിടങ്ങളിലും ചിത്രം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് 1952-ല്‍ സാമൂഹികപ്രസക്തിയുള്ള ഒരു പ്രമേയം ആസ്പദമാക്കി നിര്‍മ്മിച്ച ‘നവലോകം’ എന്ന ചിത്രത്തില്‍ മിസ് കുമാരിയോടൊപ്പം അദ്ദേഹം അഭിനയിച്ചു. അതേ വര്‍ഷം പുറത്തിറങ്ങിയ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ പദവി ഭദ്രമാക്കി.
1953-ല്‍ പുറത്തിറങ്ങിയ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സംവിധാനരംഗത്തേയ്ക്കും ചുവടുവച്ചു. അദ്ദേഹത്തിന്റെ അതേ പേരുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ എഴുതിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹമാണ്. പിന്നീട്, നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സത്യന്‍, പ്രേംനസീര്‍, മധു, കെ.പി. ഉമ്മര്‍, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1968-ല്‍ മലയാളത്തിലെ ആദ്യമുഴുനീള ഹാസ്യചിത്രമായ വിരുതന്‍ ശങ്കുവില്‍ അഭിനയിച്ച അദ്ദേഹം അവസാനമായി അഭിനയിച്ചത്, 1996-ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 19ലാണ്.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സമഗ്രസംഭാവനക്കുള്ള ജെ.സി ദാനിയേല്‍ പുരസ്‌കാരം, സമഗ്രസംഭാവനക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വൃക്കരോഗത്തെത്തുടര്‍ന്ന് 1997 മാര്‍ച്ച് 11-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Comments are closed.